-->
സാന്‍ ഫ്രാന്‍സിസ്‌കോ: യുഎസിലെ സാന്‍ ഫ്രാന്‍സിസ്‌കോയില്‍ 45 അടി പൊക്കമുള്ള നഗ്‌നപ്രതിമ സ്ഥാപിച്ചത് വിമര്‍ശനത്തിനിടയാക്കി. 32000 പൗണ്ട് ഭാരമുള്ള, ഈ സ്ത്രീ പ്രതിമ അശ്ലീലമാണെന്നു ചിലര്‍ വിമര്‍ശിച്ചപ്പോള്‍, ഇതൊരു കലാപരമായ ആവിഷ്‌കാരമാണെന്നായിരുന്നു ഇതിനെ പിന്തുണയ്ക്കുന്നവര്‍ പറഞ്ഞത്. ആര്‍-എവല്യൂഷന്‍ എന്നാണ് ഈ പ്രതിമയുടെ പേര്. പൂര്‍ണമായും സ്റ്റീലില്‍ നിര്‍മിച്ചിരിക്കുന്ന ഈ പ്രതിമ കൈകള്‍ രണ്ടും വിടര്‍ത്തി നില്‍ക്കുന്ന ആകൃതിയിലാണുള്ളത്.
മാര്‍കോ കോച്‌റാനെ എന്ന ശില്‍പി ഉണ്ടാക്കിയ ഈ പ്രതിമ 2015ലെ ബേണിങ് മാന്‍ ഫെസ്റ്റിവലിലാണ് ആദ്യം അനാച്ഛാദനം ചെയ്തത്. ന്യൂയോര്‍ക്കിലെ യൂണിയന്‍ സ്‌ക്വയറില്‍ ആദ്യം ഇതു സ്ഥാപിക്കാന്‍ ഉദ്ദേശിച്ചതാണ്. എന്നാല്‍ ഭാരക്കൂടുതല്‍ ഇതിനു പ്രതിബന്ധമായി. പിന്നീടാണ് ഇത് സാന്‍ ഫ്രാന്‍സിസ്‌കോയിലെ സിവിക് സെന്റര്‍ പ്ലാസയിലേക്കു കൊണ്ടുവന്നു സ്ഥാപിച്ചത്.
സാന്‍ ഫ്രാന്‍സിസ്‌കോയുടെ സ്പിരിറ്റ് ഉള്‍ക്കൊള്ളുന്ന പ്രതിമയാണിതെന്നാണ് ശില്‍പിയും ഇതിവിടെ സ്ഥാപിച്ചവരും പറയുന്നത്. ആളുകളെ ഒരുമയോടെ നിര്‍ത്തുന്ന കലയെ സംവദനത്തിനുപയോഗിക്കുന്ന നഗരമാണ് ഇത് - പദ്ധതിയുടെ വക്താവ് പറഞ്ഞു. എന്നാല്‍ ആളുകള്‍ കുടുംബമായി വരുന്ന ഒരു സ്ഥലത്ത് ഇത്തരമൊരു പ്രതിമ സ്ഥാപിച്ചത് ശരിയായില്ലെന്ന വിമര്‍ശനവും ശക്തമാണ്. ആളുകളോടൊന്നും അഭിപ്രായം ചോദിക്കാതെ കലയുടെ പേരില്‍ ഇങ്ങനെയൊരു പ്രതിമ സ്ഥാപിച്ചത് എന്തടിസ്ഥാനത്തിലാണെന്നു വ്യക്തമാക്കണമെന്നും ആവശ്യമുണ്ട്. എന്നാല്‍ ഇതൊരു സ്വകാര്യ പദ്ധതിയായതിനാലാണ് ഇത്തരം നടപടികളില്ലാതിരുന്നതെന്നാണു നഗരസഭാ അധികൃതര്‍ പറയുന്നത്. 6 മാസത്തിനു ശേഷം ഇതവിടെ നിന്നു മാറ്റുമെന്നും അറിയിപ്പുണ്ട്.