-->
ഓൺലൈൻ ഷോപ്പിംഗുകളുടെ കാലമാണിപ്പോൾ. എന്ത് ആഗ്രഹിച്ചാലും കൈയിൽ പണമുണ്ടെങ്കിൽ സമയമോ യാത്രകളോ ഒഴിവാക്കി ഓൺലൈനായി ഓർഡർ ചെയ്ത് അനായാസം വീട്ടിൽ എത്തിക്കാം.
എന്നാൽ പലപ്പോഴും ഓൺലൈനായി ഓർഡർ ചെയ്ത സാധനങ്ങള്‍ മാറി വന്നിട്ടുണ്ടെന്നു പലരും പരാതികൾ പറഞ്ഞിട്ടുണ്ട്.
ഇപ്പോഴിതാ ഇത്തരത്തില്‍ പാത്രങ്ങള്‍ ഓർഡർ ചെയ്ത സന്തോഷത്തില്‍ കാത്തിരുന്ന തന്റെ അമ്മയ്ക്ക് ലഭിച്ച സാധനങ്ങള്‍ കണ്ട് ഞെട്ടിയ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ദുബായില്‍ താമസമാക്കിയ ഇന്ത്യൻ സ്വദേശിയായ സുചിത ഓജ.
പാത്രങ്ങളും റോബോട്ട് വാക്വം ക്ലീനറും ഓർഡർ ചെയ്തെന്ന് കരുതിയതാണ് യുവതിയുടെ അമ്മ. എന്നാൽ ഇവയ്ക്ക് പകരം കിട്ടിയത് ഇതിന്റെ ചിത്രങ്ങളുള്ള സ്റ്റിക്കറുകളാണ്. ചൈനീസ് ഇ-കൊമേഴ്സ് പ്ലാറ്റഫോമായ തേമു ആരാധികയാണ് അമ്മയെന്നും യുവതി ദൃശ്യങ്ങളിൽ പറയുന്നു. ഉത്പന്നത്തിന്റെ അടിക്കുറിപ്പില്‍ സ്റ്റിക്കറുകളാണെന്ന് വ്യക്തമായി എഴുതിയിരിക്കുന്നത് വീഡിയോയില്‍ കാണാം.
ഓണ്‍ലൈൻ ഷോപ്പിങ് നടത്തുമ്പോൾ വിവരണങ്ങളും ചിത്രങ്ങളും ശ്രദ്ധാപൂർവം പരിശോധിക്കണം. വൈറല്‍ പോസ്റ്റിന് താഴെ നിരവധി പേർ സമാന അനുഭവങ്ങള്‍ പങ്കുവെച്ച് രസകരമായ കമന്റുകള്‍ പങ്കുവെച്ചിട്ടുണ്ട്.