-->
ദോഹ: ഒന്നര മാസക്കാലമായി നടന്നു വരുന്ന ഖിയ ചാമ്പ്യന്‍സ് ലീഗ് ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ കലാശക്കൊട്ട് ഇന്ന് വൈകുന്നേരം ഏഴുമണിക്ക് ദോഹ സ്റ്റേഡിയത്തില്‍. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി, ഐ എസ് എല്‍, ഐ ലീഗ് ടൂര്‍ണമെന്റുകളില്‍ തിളങ്ങിയ ഡസന്‍ കണക്കിന് കളിക്കാര്‍ അണിനിരന്ന എട്ടു ടീമുകള്‍ പരസ്പരം ഏറ്റുമുട്ടി അവസാന ലാപ്പിലെത്തിയ ഖിയ ചാമ്പ്യന്‍സ് ലീഗില്‍ നിലവിലെ ചാമ്പ്യന്മാരായ സിറ്റി എക്സ്ചേഞ്ച് കരുത്തരായ ഗ്രാന്‍ഡ് മാളിനെയാണ് നേരിടുന്നത്. ഇരു ടീമുകളും പ്രഗത്ഭ താരങ്ങള്‍ കൊണ്ട് സമ്പന്നമാണ്. കളിച്ച കളികള്‍ എല്ലാം വിജയിച്ചു വരുന്ന സിറ്റി എക്‌സ്‌ചേഞ്ച് , ഓരോ കളി കഴിയുമ്പോഴും കൂടുതല്‍ ഒത്തിണക്കം കാണിക്കുന്ന ഗ്രാന്‍ഡ് മാളിനെ നേരിടുമ്പോള്‍ പ്രവചനം അസാദ്യം.
ഇന്ത്യ അണ്ടര്‍ 23 താരം സുഹൈല്‍, പ്രതിരോധത്തിലെ ഉരുക്കുകോട്ടകള്‍ ക്ലാരന്‍ സേവ്യേറും റിയാസും പിന്നെ ഗോകുലം താരം നിതിന്‍ മധുവും. മുന്നേറ്റ നിരയില്‍ അജതും ഷിജിനും നസീബും അടങ്ങിയ ടോട്ടല്‍ ഫുട്‌ബോളിന്റെ അപ്പോസ്തലന്മാരായ സിറ്റിയെ തളക്കാന്‍ കേരള ബ്ലാസ്റ്റേഴ്സ് മുന്‍ താരം സലാഹ്, ഐ എസ് എല്‍ സ്റ്റാര്‍ - അജ്‌സല്‍, ഐ എസ് എല്‍ താരം - ഗനി അഹമ്മദ് , ഗോകുലത്തിന്റെ റിഷാദ്, അതുല്‍ ഉണ്ണി തുടങ്ങി നിരവധി പ്രമുഖരുമായാണ് ഗ്രാന്‍ഡ്മാള്‍ കളത്തിലിറങ്ങുന്നത്
ഷഫീക് അറക്കല്‍