-->
ആലപ്പുഴ: വി.എസ്. അച്യുതാനന്ദനു തുടര്‍ഭരണം നിഷേധിച്ചതു യൂദാസുമാരാണെന്നു സി.പി.എം. നേതാവ് ജി. സുധാകരന്റെ കവിത. വി.എസ്. സര്‍ക്കാരിനു തുടര്‍ഭരണം ലഭിക്കാതെ പോയതു പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റെ രാഷ്ട്രീയ ചൂതുകളി നിമിത്തമാണെന്നും കവിതയില്‍ പറയുന്നു.
കലാകൗമുദിയില്‍ പ്രസിദ്ധീകരിച്ച 'ഇടിമുഴക്കംപോലെ ശബ്ദം, സിംഹഗര്‍ജനം പോലൊരാഹ്വാനം' എന്ന കവിതയിലാണ് വിമര്‍ശനം. അന്നു പാര്‍ട്ടിക്കകത്തു നടന്ന വി.എസ്. വിരുദ്ധ നീക്കങ്ങളെക്കുറിച്ചും സൂചനയുണ്ട്. വി.എസ്- പിണറായി പോര് പാരമ്യത്തിലെത്തിയ സമയത്തു നടന്ന തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് 68 സീറ്റാണ് ലഭിച്ചത്. മുഖ്യമന്ത്രിയായിരുന്ന വി.എസ്. വീണ്ടും അധികാരത്തിലേറാതിരിക്കാന്‍ പാര്‍ട്ടിയിലെ ഒരു വിഭാഗം നീക്കം നടത്തിയെന്ന് അന്നു ചര്‍ച്ചയുണ്ടായിരുന്നു.
'മുഖ്യനായി വാണകാലം വീണ്ടും
വരാനായി കൊതിച്ചു നാമെങ്കിലും
യൂദാസുകള്‍ തീര്‍ത്ത പത്മവ്യൂഹം
മുന്നിലായി കാണാന്‍ മുന്‍പേ അറിയാതെ
നഷ്ടമായി ഏറെപ്പടക്കളങ്ങള്‍.
മൂന്നു പടക്കളം കൂടി ജയിച്ചെങ്കില്‍
വാഴും ജനസഭാ മന്ദിരത്തില്‍
തേരു തെളിക്കുന്ന നാഥനായി!'
മൂന്നു സീറ്റ് കൂടി ജയിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ വി.എസിനു വീണ്ടും മുഖ്യമന്ത്രി ആകാമായിരുന്നെന്നും യൂദാസുമാര്‍ തീര്‍ത്ത പത്മവ്യൂഹത്തിലാണ് ആ മോഹം പൊലിഞ്ഞതെന്നുമാണ് സുധാകരന്‍ പറയുന്നത്. കേരളത്തിലെ പാര്‍ട്ടിയുടെ ജനനവും വളര്‍ച്ചയും പോരാട്ടവുമൊക്കെ പരാമര്‍ശിക്കുന്ന കവിതയുടെ തുടക്കത്തില്‍ നിലവിലെ നേതൃത്വത്തിനെയും വിമര്‍ശിക്കുന്നുണ്ട്.
'സര്‍വപ്രതീക്ഷയുമര്‍പ്പിച്ച
നമ്മുടെ സര്‍വസൈന്യാധിപന്‍ പാളിയെങ്കില്‍
ഉണ്ടാകുമോ വിജയങ്ങള്‍,
അണികളെ ചിന്നിച്ചിതറി നശിക്കയില്ലേ?' എന്നാണ് സുധാകരന്റെ വിമര്‍ശനം.