-->
തിരുവനന്തപുരം: മരണാനന്തര ബഹുമതിയായി ലഭിച്ച പത്മവിഭൂഷണ്‍ പുരസ്‌കാരം വി എസ് അച്യുതാനന്ദന്റെ കുടുംബം സ്വീകരിച്ചേക്കില്ല. പത്മ പുരസ്‌കാരങ്ങള്‍ സ്വീകരിക്കുന്ന കീഴ്‌വഴക്കം ഇല്ലെന്ന് പാര്‍ട്ടി അറിയിച്ചതിനെ തുടര്‍ന്നാണ് തീരുമാനം. നേരത്തേ ഇക്കാര്യത്തില്‍ വി.എസിന്റെ പാര്‍ട്ടിക്ക് വ്യക്തമായ നിലപാട് ഉണ്ടെന്നും അതനുസരിച്ച് തീരുമാനം എടുക്കുമെന്നും ഫേസ്ബുക്കിലൂടെ മകന്‍ വ്യക്തമാക്കിയിരുന്നു.
സിപിഐഎം നേതൃത്വവുമായി കൂടിയാലോചിച്ച ശേഷമാണ് കുടുംബം പുരസ്ക്കാരം വാങ്ങേണ്ടതില്ലെന്ന തീരുമാനം എടുത്തത്. ദേശീയ ജനറല്‍ സെക്രട്ടറി എം എ ബേബിയുമായി വി എസ് അച്യുതാനന്ദന്റെ കുടുംബം സംസാരിച്ചിരുന്നു. വി എസ് ജീവിച്ചിരുന്നെങ്കില്‍ പത്മവിഭൂഷണ്‍ നിരസിക്കുമായിരുന്നു എന്ന കാര്യമാണ് പാര്‍ട്ടിയും വി എസിന്റെ കുടുംബവും വ്യക്തമാക്കുന്നത്.
ഔദ്യോഗിക പുരസ്‌കാരങ്ങള്‍ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് അദ്ദേഹം പ്രതിനിധാനം ചെയ്ത പ്രസ്ഥാനത്തിന് വ്യക്തമായ രാഷ്ട്രീയ നിലപാടുകളുണ്ടെന്നും അത് അനുസരിച്ചാണ് തീരുമാനമെടുക്കുക എന്നുമാണ് അരുണ്‍ കുമാര്‍ ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നത്.
പാര്‍ട്ടി മൂല്യങ്ങളെയും പാര്‍ട്ടിയുടെ തീരുമാനങ്ങളെയും ഒരു കമ്മ്യൂണിസ്റ്റ് എന്ന നിലയില്‍ പിതാവ് എപ്പോഴും മുറുകെ പിടിച്ചിരുന്നു. പിതാവിന്റെ ആദര്‍ശങ്ങള്‍ക്കും പാര്‍ട്ടി നിലപാടുകള്‍ക്കും ഒപ്പമായിരിക്കും തങ്ങളുടെ നിലപാടെന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്. പത്മ പുരസ്‌കാരം ഏറ്റുവാങ്ങുന്നതിനുള്ള കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ അറിയിപ്പ് ലഭിച്ചതിന് ശേഷമായിരുന്നു അരുണ്‍ കുമാറിന്റെ പ്രതികരണം.