-->
സ്വീഡനിലെ ഏറ്റവും കുപ്രസിദ്ധനായ കൊലയാളിയും നരഭോജിയുമായ ഇസാക്കിന്‍ ഡ്രാബാദിന്റെ മകളുടെ വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാകുന്നത്. തന്റെ പിതാവിന്റെ ഇരുട്ടില്‍നിന്നും സ്വയം അകന്നുനില്‍ക്കാന്‍ ശ്രമിക്കുകയാണെന്നും താന്‍ വളര്‍ന്നത് ക്രൂരമായ കുറ്റകൃത്യങ്ങളുടെ നിഴലില്‍ ആണെന്നുമാണ് 23 -കാരിയായ ജാമി-ലീ വെളിപ്പെടുത്തുന്നത്. ഡ്രാബാദ് കാമുകിയെ കൊന്ന് അവളുടെ ശരീരഭാഗങ്ങള്‍ ഭക്ഷിക്കുമ്പോള്‍ ജാമി-ലീ യ്ക്ക് 9 വയസ്സ് മാത്രമേ പ്രായം ഉണ്ടായിരുന്നുള്ളൂ.
തന്റെ പിതാവിനെ ഇരുട്ടിനോടും തിന്മയോടും ബന്ധപ്പെടുത്താനേ തനിക്ക് സാധിക്കൂവെന്നും ജാമി ലി പറയുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഇവരുടെ മാതൃദിനത്തിലെ പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. തന്റെ അച്ഛന്റെ ഇരുട്ടല്ല തന്റെ ഉള്ളിലുള്ളതെന്ന് മനസ്സിലാക്കി തന്ന അമ്മയോടുള്ള സ്‌നേഹവും നന്ദിയും കടപ്പാടും ആണ് പോസ്റ്റില്‍ അവര്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇതോടൊപ്പം തന്നെ പിതാവ് തന്റെ ആത്മാവിനെ പിശാചിന് വില്‍ക്കാന്‍ ശ്രമം നടത്തിയപ്പോള്‍ അമ്മയാണ് തന്നെ സഹായിച്ചതെന്നും പറയുന്നു
ഇസാക്കിന്‍ ജോണ്‍സണ്‍ എന്ന ഇസാക്കിന്‍ ഡ്രാബാദ്, 'സ്‌കാര നരഭോജി' എന്ന പേരിലാണ് അറിയപ്പെടുന്നത്. 2010 നവംബറില്‍, സ്‌കാരയില്‍ വെച്ച് തന്റെ കാമുകി ഹെല്ലെ ക്രിസ്റ്റന്‍സണെ കൊലപ്പെടുത്തി സ്വീഡനിലെ ഏറ്റവും ഞെട്ടിപ്പിക്കുന്ന കുറ്റകൃത്യങ്ങളിലൊന്ന് അയാള്‍ ചെയ്തു. ശേഷം ശരീരഭാഗങ്ങള്‍ പാചകം ചെയ്ത് കഴിച്ചു. അതിനുശേഷം പോലീസിനെ വിളിച്ചു കുറ്റസമ്മതം നടത്തുകയും ചെയ്തു. ഒരു മാനസികാരോഗ്യ സ്ഥാപനത്തില്‍ ആയിരുന്നു ഇയാള്‍ ജോലി ചെയ്തിരുന്നത്. 'ഈവിള്‍ ലൈവ്‌സ് ഹിയര്‍' എന്ന ഡോക്യുമെന്ററി പരമ്പരയുടെ സമീപകാല എപ്പിസോഡ് സ്‌കാര കാനിബലിനെയും ഇയാളുടെ മകളെയും കേന്ദ്രീകരിച്ചായിരുന്നു.