-->
സോഷ്യല്‍ മീഡിയയിലൂടെ പങ്കിടുന്ന ചില വീഡിയോകള്‍ റീച്ചും ലൈക്കും കൂട്ടുക മാത്രമല്ല മനസ്സും നിറയ്ക്കാറുണ്ട്. ദിനംപ്രതി നിരവധി ഡാന്‍സ് റീലുകള്‍ കാഴ്ച്ചക്കാരുടെ ഹൃദയം കവരാറുണ്ട്. അതില്‍ മിക്കതും നിഷ്കളങ്കമായി ചെയ്യുന്ന വിനോദ വീഡിയോകളായിരിക്കും. അവയൊക്കെ ഒരു നിമിഷം പോലും വൈകാതെ മനസ്സില്‍ പതിയുകയും ചെയ്യും.
ഇപ്പോഴിതാ 77 മില്യണിലധികം പേർ ഇതിനകം കണ്ടു കഴിഞ്ഞ ഒരു ക്യൂട്ട് വൈറല്‍ ഡാന്‍സാണ് സോഷ്യല്‍ മീഡിയ ഏറ്റെടുക്കുന്നത്. വീഡിയോയില്‍ ഡാന്‍സ് ചെയ്യുന്നത് ഒരു മുത്തശ്ശിയാണെന്നുള്ളതാണ് ഏറ്റവും രസകരമായ കാര്യം. പ്രായം തനിക്ക് ഒരു തടസ്സവും നല്‍കുന്നില്ലെന്നും അതു വെറുമൊരു നമ്പര്‍ മാത്രമാണെന്നും ഈ മുത്തശ്ശി തെളിയിക്കുകയാണ്. വീട്ടിലെ തന്റെ ചെറുമകന്റെ വിവാഹത്തിന്റെ ഭാഗമായുള്ള മെഹന്തി ചടങ്ങാണ് ഡാന്‍സിന്റെ വേദി. അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും ഐശ്വര്യ റായും അഭിനയിച്ച ചിത്രത്തിലെ സൂപ്പർ ഹിറ്റ് ഗാനമായ ‘കജ്രാ രേ...’ എന്ന് തുടങ്ങുന്ന പാട്ടിനാണ് നിറഞ്ഞ ചിരിയോടെ ആസ്വദിച്ച് മുത്തശ്ശി ഡാന്‍സ് ചെയ്യുന്നത്.
പർപ്പിളും വെള്ളയും കലര്‍ന്ന സാരി ധരിച്ച മുത്തശ്ശി ഭംഗിയോടെയും സന്തോഷത്തോടെയും ആത്മവിശ്വാസത്തോടെയും നൃത്തം ചെയ്യുന്നത് ദൃശ്യങ്ങളില്‍ കാണാം. ഇത് കണ്ട് കുടുംബാംഗങ്ങള്‍ ആർപ്പുവിളിക്കുകയും, കൈയടിക്കുകയും, പുഞ്ചിരിക്കുകയും ചെയ്യുന്നു. കുടുംബാംഗങ്ങള്‍ ഒപ്പം ചേർന്നും കൈയടിച്ചും മുത്തശ്ശിയെ പ്രോത്സാഹിപ്പിക്കുന്നതും വീഡിയോയില്‍ കാണാം. പൂനെ ആസ്ഥാനമായുള്ള ഒരു നൃത്തസംഘം ‘അജ്ജി കാ കമാല്‍’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കിട്ടിരിക്കുന്നത്.
ഇതിനകം 77 മില്യണിലധികം പേർ കണ്ട ഈ വീഡിയോ ഓണ്‍ലൈനില്‍ ഹൃദയങ്ങള്‍ കീഴടക്കുകയാണ്. ആവേശവും ഊർജ്ജസ്വലതയും നിലനിർത്തുന്നവർക്ക് പ്രായം വെറും നമ്പറാണെന്ന് മുത്തശ്ശി തെളിയിക്കുകയാണ്. ‘സൂപ്പർ ക്യൂട്ട്, കണ്ട് മതിയായില്ല, ഇനിയും കാണം, മനസ്സ് നിറഞ്ഞു, എന്തൊരു എനർജി...’ എന്നിങ്ങനെ വീഡിയോയ്ക്ക് താഴെ പോസിറ്റീവ് കമന്‍റുകള്‍ നിറയുകയാണ്.