-->
തെറ്റായി രോഗനിര്‍ണയം നടത്തി, കീമോതെറാപ്പി ഉള്‍പ്പടെയുള്ള അനാവശ്യവും ദോഷകരവുമായ ചികിത്സകള്‍ രോഗികള്‍ക്ക് നല്‍കിയതിന് ഡോക്ടര്‍ക്ക് തടവുശിക്ഷ. ടെക്‌സസിലെ ഡോക്ടറാണ് താന്‍ കുറ്റം ചെയ്തുവെന്ന് സമ്മതിച്ചതിനെ തുടര്‍ന്ന് പത്തു വര്‍ഷത്തെ തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ടത്. രോഗികള്‍ക്ക് തെറ്റായ ചികിത്സ നല്‍കിയതിന് പുറമേ തന്റെ ആഡംബര ജീവിതത്തിന് പണം കണ്ടെത്തുന്നതിനായി ദശലക്ഷക്കണക്കിന് ഡോളറിന്റെ ഇന്‍ഷുറന്‍സ് പദ്ധതികള്‍ തട്ടിയതിനും ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
68 -കാരനായ റൂമറ്റോളജിസ്റ്റ് ഡോക്ടര്‍ ജോര്‍ജ് സമോറ-ക്വെസാഡ ആണ് പിടിയിലായത്. രോഗികളില്‍ മനപ്പൂര്‍വ്വം തെറ്റായ രോഗനിര്‍ണയം നടത്തി അവരെ അപകടകരമായ ചികിത്സകള്‍ക്ക് ഇയാള്‍ വിധേയമാക്കുകയായിരുന്നു. കൂടാതെ കോടിക്കണക്കിന് രൂപയുടെ ഇന്‍ഷുറന്‍സ് തട്ടിപ്പും ഇയാള്‍ നടത്തി. 118 മില്യണ്‍ ഡോളറിന്റെ വ്യാജ ക്ലെയിം ബില്ലുകള്‍ ആണ് ഇയാള്‍ മെഡികെയറിനും മെഡിക്കെയ്ഡിനും നല്‍കിയത്. ആഡംബര കാറുകള്‍, വീടുകള്‍, സ്വകാര്യ ജെറ്റ് എന്നിവ വാങ്ങാന്‍ ഈ പദ്ധതികളില്‍ നിന്ന് 28 മില്യണ്‍ ഡോളറിലധികം തട്ടിയെടുത്തതായാണ് പ്രോസിക്യൂട്ടര്‍മാര്‍ കോടതിയില്‍ വെളിപ്പെടുത്തിയത്.
പത്തുവര്‍ഷത്തെ തടവ് ശിക്ഷയ്ക്ക് പുറമേ ഇന്‍ഷുറന്‍സ് കമ്പനികളില്‍ നിന്ന് തട്ടിയെടുത്ത 28 മില്യണ്‍ ഡോളര്‍ തിരിച്ചടയ്ക്കാന്‍ കോടതി സമോറ-ക്വെസാദയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇയാളുടെ പ്രവൃത്തികള്‍ നികുതിദായകരെ വഞ്ചിക്കുകയും ഇരകള്‍ക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്തുവെന്ന് നീതിന്യായ വകുപ്പ് പറഞ്ഞു.
സമോറ-ക്വെസാഡയുടെ അനാവശ്യ ചികിത്സകള്‍ക്ക് വിധേയരായ രോഗികളില്‍ ഭൂരിഭാഗവും ഇപ്പോള്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടുകയാണെന്നാണ് കോടതിരേഖകളില്‍ പറയുന്നത്. പലര്‍ക്കും പക്ഷാഘാതം, ജോ ബോണ്‍ നെക്രോസിസ്, കരള്‍ തകരാറ്, കഠിനമായ ശാരീരികവേദന എന്നിവ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും കോടതിരേഖകള്‍ വ്യക്തമാക്കുന്നുണ്ട്.