-->
ഈ ലോകത്തെ ഏറ്റവും പ്രശസ്തനായ മുയല്‍ ഏതാണെന്നു ചോദിച്ചാല്‍ ഉത്തരം അലക്‌സസ് ദ ഗ്രേറ്റ് എന്ന മുയലെന്നായിരിക്കും. 4 വയസ്സുള്ള ഈ മുയലിന്റെ ഉടമകള്‍ യുഎസിലെ സാന്‍ ഫ്രാന്‍സിസ്‌കോ സ്വദേശികളായ ജോഷ് റോയും കെയ് കോക്കുമാണ്. ഇന്‍സ്റ്റഗ്രാമിലും ടിക് ടോക്കിലുമൊക്കെയായി ലക്ഷക്കണക്കിന് ആരാധകരാണ് അലക്‌സിനുള്ളത്. ഒരു ഇന്‍ഫ്‌ലുവന്‍സര്‍ കൂടിയാണ് അലക്‌സ്. അനേകം ബ്രാന്‍ഡ് പാര്‍ട്ണര്‍ഷിപ്പുകളുള്ള അലക്‌സ് സെലിബ്രിറ്റി മീറ്റിങ്ങുകളിലും മറ്റു പൊതുപരിപാടികളിലുമൊക്കെ എത്താറുണ്ട്.
ഈ മുയലിന് ഓടിക്കാന്‍ പാകത്തിനുള്ള കുറേ കുട്ടിക്കാറുകള്‍ ഉടമകള്‍ തയാര്‍ ചെയ്തു നല്‍കിയിട്ടുണ്ട്. ഒരു ബട്ടണ്‍ അമര്‍ത്തിയാല്‍ ഇതു മുന്നോട്ടുനീങ്ങും. ഈ ബട്ടണ്‍ അമര്‍ത്താന്‍ മുയലിന് അറിയുകയും ചെയ്യാം. ഫ്‌ളെമിഷ് ജയന്റ് റാബിറ്റ് ഇനത്തില്‍പ്പെട്ട അലക്‌സിനെ ഇപ്പോഴത്തെ ഉടമകള്‍ ഒരു മീറ്റ് ഫാമില്‍ നിന്നു രക്ഷിച്ചതാണ്. ഫ്‌ളെമിഷ് ജയന്റ് റാബിറ്റുകളെ ആദ്യകാലത്ത് മാംസത്തിനായാണ് വളര്‍ത്തിയിരുന്നത്. ബെല്‍ജിയത്തിലെ ഫ്‌ളാണ്ടേഴ്‌സിലായിരുന്നു ഇവയെ ആദ്യമായി ബ്രീഡ് ചെയ്തത്. മറ്റു മുയലുകളേക്കാള്‍ ശരീരത്തില്‍ മാംസമുള്ള ഇവ കൃഷിക്കാരുടെ പ്രിയ നിക്ഷേപമായിരുന്നു. എന്നാല്‍ 300 വര്‍ഷങ്ങള്‍ക്കിപ്പുറം നായ്ക്കളെ വളര്‍ത്തുന്നതു പോലെ ചങ്ങാത്തമൃഗങ്ങളായാണ് ഇവയെ വളര്‍ത്തുന്നത്.
ചെറുമുയലുകളേക്കാള്‍ ശാന്തതയും പക്വതയും അനുസരണയും കാട്ടുന്ന ഇവയ്ക്ക് സെലിബ്രിറ്റികളുള്‍പ്പെടെ ആരാധകരുമുണ്ട്. ഒട്ടേറെ പെറ്റ് ഷോകളില്‍ ഇവ പങ്കെടുക്കാറുമുണ്ട്. മറ്റു മുയലുകള്‍ കഴിക്കുന്ന ഭക്ഷണത്തില്‍ നിന്നു വ്യത്യസ്തമായി കൂടുതല്‍ പ്രോട്ടീന്‍ അടങ്ങിയ തീറ്റയാണ് ഇവയ്ക്കു ബ്രീഡര്‍മാര്‍ നല്‍കുന്നത്. ജനനത്തിനു ശേഷം ഒന്നരവര്‍ഷം തികയുമ്പോള്‍ ഇവ പൂര്‍ണ വളര്‍ച്ച കൈവരിക്കും.മറ്റു മുയലുകള്‍ കഴിക്കുന്നതിന്റെ അഞ്ചിരട്ടി ഭക്ഷണം ഇക്കാലയളവില്‍ ഇവ അകത്താക്കുകയും ചെയ്യും.