-->
മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് മുന്നണിപ്രവേശവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിന് ഉപാധിവെച്ച പി.വി. അന്‍വറിനോട് കടുത്ത നിലപാട് എടുത്ത് കോണ്‍ഗ്രസ്. പി.വി. അന്‍വറിന്റെ നീക്കങ്ങള്‍ യുഡിഎഫിനെ സമ്മര്‍ദ്ദത്തിലാഴ്ത്തുന്നതാണെന്നും ഭീഷണിക്ക് വഴങ്ങേണ്ടതില്ല എന്ന നിലപാട് എത്തിയിരിക്കുകയാണ് കോണ്‍ഗ്രസ്. അങ്ങോട്ടുപോയി അന്‍വറിന് കീഴടങ്ങേണ്ടതില്ലെന്നും അന്‍വര്‍ വേണമെങ്കില്‍ യുഡിഎഫിനെ പിന്തുണയ്ക്കട്ടെയെന്നാണ് കോണ്‍ഗ്രസ് കണക്കാക്കുന്നത്.
മുന്നണി പ്രവേശത്തില്‍ കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫും പ്രതിപക്ഷ നേതാവ് വി ഡി സതീശനും പി.വി.അന്‍വറിനോട് സംസാരിച്ച് ധാരണയിലെത്തിയിരുന്നു. എന്നാല്‍ അതെല്ലാം കാറ്റില്‍ പറത്തിയാണ് കഴിഞ്ഞദിവസം യുഡിഎഫ് പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥിയെക്കുറിച്ച് ആരോപണം ഉയര്‍ത്തി അന്‍വര്‍ നടത്തിയ പ്രസ്താവനകളെന്ന വിലയിരുത്തലുകള്‍ കോണ്‍ഗ്രസില്‍ ശക്തമാണ്. അവമതിപ്പും ഒറ്റക്കെട്ടായ പ്രവര്‍ത്തനങ്ങള്‍ക്ക് വിള്ളല്‍ വരുത്തുന്ന രീതിയിലുള്ള കാര്യമാണ് കഴിഞ്ഞദിവസം അന്‍വറിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നാണ് കോണ്‍ഗ്രസിന്റെ വാദം.
യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിനെ പരസ്യമായി പി വി അന്‍വര്‍ അപമാനിച്ചെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. സ്ഥാനാര്‍ത്ഥിക്ക് മോശം പ്രതിച്ഛായ മാധ്യമങ്ങളിലൂടെയുണ്ടാക്കിയെന്നും വിലയിരുത്തുന്നു. അതുകൊണ്ടു തന്നെ ഇനി ഒത്തുതീര്‍പ്പ് പ്രസക്തമല്ലെന്നുമാണ് കോണ്‍ഗ്രസ് നേതൃത്തിന്റെ നിലപാട്. മുസ്ലിം ലീഗിലും അന്‍വറിന്റെ നിലപാടില്‍ അമര്‍ഷമുണ്ടായിട്ടുണ്ട്. നേരത്തെ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച അന്‍വര്‍ നിര്‍ണായക ഘട്ടത്തില്‍ പാര്‍ട്ടിയെ വെല്ലുവിളിക്കുന്നെന്ന വികാരവും കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളില്‍ ഉയരുന്നുണ്ട്.