-->
തെരുവ് നായ്ക്കളുടെ ക്രൂരതകൾ ഓരോ ദിവസവും സോഷ്യൽ മീഡിയയിൽ നിറയുന്നുണ്ട്. എന്നാൽ അതിനിടയിലും ചില തെരുവ് നായ്ക്കൾ തങ്ങളെ സ്നേഹിക്കുന്നവരെയും പരിപാലിക്കുകയും ചെയ്യുന്നവരെ തിരിച്ചു സ്നേഹിക്കുന്ന വീഡിയോയും ഷെയർ ചെയ്യുന്നുണ്ട്.
ഇപ്പോഴിതാ ഒരു കൂട്ടം തെരുവുനായകള്‍ക്കൊപ്പം സന്തോഷത്തോടെ കളിക്കുന്ന ഒരു കൊച്ചുപെണ്‍കുട്ടിയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ആളുകളുടെ ഹൃദയം കവരുന്നത്.
വീഡിയോയിൽ കുട്ടിക്കും സൗമ്യരായ തെരുവ് നായ്‌ക്കള്‍ക്കും ഇടയിലുള്ള വിശ്വാസത്തിന്റെയും വാത്സല്യത്തിന്റെയും നിഷ്കളങ്കമായ കൂട്ടുകെട്ടിന്റെയും ഹൃദയസ്പർശിയായ നിമിഷങ്ങൾ കാണാം. "അവളുടെ പാവ്-സം കിംഗ്ഡം..." എന്ന ക്യാപ്ഷൻ നൽകിയാണ് വീഡിയോ പങ്കിട്ടിരിക്കുന്നത്.
പലസമയങ്ങളിലെടുത്ത ക്ലിപ്പുകള്‍ ഒരുമിച്ച് ചേർത്ത വീഡിയോ ടിവിവ്വി എന്ന ഉപയോക്താവ് ഇൻസ്റ്റഗ്രാമില്‍ ഷെയർ ചെയ്തതാണ് ഈ വീഡിയോ. വീഡിയോയില്‍ പെണ്‍കുട്ടി നായ്‌ക്കളോടൊപ്പം സന്തോഷത്തോടെ ഓടുന്നതും, നടപ്പാതയില്‍ കളിക്കുന്നതും, നായകളിലൊന്നിന്റെ പുറത്തിരുന്ന് അവയ്‌ക്കൊപ്പം ഒരുമിച്ച് റോഡ് മുറിച്ചുകടക്കുന്നതും കാണാം. നായ്‌ക്കളുമായി മനോഹരമായ ഒരു ബന്ധം പങ്കിടുന്ന ആ പെൺകുട്ടിയുടെ വിഡിയോയ്ക്ക് കമന്റുകളിലൂടെ പലരും സ്നേഹം പങ്കിടുന്നുണ്ട്.
നായകള്‍ പെണ്‍കുട്ടിയെ അവയുടെ പുറത്തിരുത്തി രാജകുമാരിയെപ്പോലെ കൊണ്ടുനടക്കുന്ന കാഴ്ച കണ്ടുനിൽക്കുന്നവരെയും അത്ഭുതപ്പെടുത്തുന്നുണ്ട്. വളരെപ്പെട്ടെന്നു വൈറലായി മാറിയ പോസ്റ്റ് ഏകദേശം 5.7 ദശലക്ഷം കാഴ്ചക്കാരെ നേടി. വൈകാരിക കമന്റുകളും വീഡിയോക്ക് ലഭിച്ചിട്ടുണ്ട്.