-->
കൊച്ചി: കാലാവസ്ഥ പ്രതികൂലമായി ബാധിച്ചെന്നു കൊച്ചി തീരത്ത് അപകടത്തില്‍പ്പെട്ട എം.എസ്‌സി. എല്‍സ 3 കപ്പലിന്റെ ക്യാപ്റ്റന്‍ ഇവാനോവ് അലക്‌സാണ്ടര്‍. കപ്പലില്‍ ഉണ്ടായിരുന്നവരെല്ലാം സുരക്ഷിതരാണെന്നും കോസ്റ്റ് ഗാര്‍ഡിന്റെയും നേവിയുടെയും രക്ഷാപ്രവര്‍ത്തനം മികച്ചതെന്നും ക്യാപ്റ്റന്‍ വ്യക്തമാക്കി. കപ്പല്‍ മുങ്ങുംവരെ ക്യാപ്റ്റന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ കൂടുതല്‍ നിരീക്ഷണങ്ങള്‍ക്കായി കപ്പലില്‍ തുടരുകയായിരുന്നു.
ഇവരാണു ഒടുവില്‍ കപ്പലില്‍നിന്നു മടങ്ങിയത്. കണ്ടെയ്‌നറുകള്‍ കടലിലൂടെ ഒഴുകി നടക്കുകയാണെന്ന് ഐ.എന്‍.എസ്. സുജാതയിലെ കമാന്‍ഡിങ് ഓഫീസര്‍ മാന്‍ഡര്‍ അര്‍ജുന്‍ ശേഖര്‍ പറഞ്ഞു. ഓയില്‍ ലീക്കേജ് ഉണ്ടായിട്ടുണ്ടെന്നും കപ്പല്‍ചാലില്‍ അപകട സാഹചര്യം ഉണ്ടെന്ന മുന്നറിയിപ്പ് മറ്റുകപ്പലുകള്‍ക്കു നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതികൂല കാലാവസ്ഥയിലായിരുന്നു രക്ഷാപ്രവര്‍ത്തനം. കപ്പലില്‍ ഉണ്ടായിരുന്നവരുടെ ജീവന്‍ രക്ഷിക്കുകയായിരുന്നു പ്രധാന ലക്ഷ്യം. രക്ഷാപ്രവര്‍ത്തനം വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിച്ചുവെന്നും അര്‍ജുന്‍ ശേഖര്‍ വ്യക്തമാക്കി.
643 കണ്ടെയ്‌നറുകളാണു മുങ്ങിയ കപ്പലില്‍ ഉണ്ടായിരുന്നത്. ഇതില്‍ 13 കണ്ടെയ്‌നറുകളില്‍ അപകടകരമായ രാസവസ്തുക്കളാണ് ഉള്ളത്. 12 കണ്ടെയ്‌റുകളില്‍ കാല്‍സ്യം കാര്‍ബൈഡ് ആണുള്ളത്. 84.44 മെട്രിക് ടണ്‍ ഡീസലും 367.1 മെട്രിക് ടണ്‍ ഫര്‍ണസ് ഓയിലും കപ്പലിലുണ്ടായിരുന്നു. കൊച്ചിയില്‍നിന്ന് 38 നോട്ടിക്കല്‍ മൈലും തോട്ടപ്പള്ളി ഹാര്‍ബറില്‍നിന്ന് 14.6 നോട്ടിക്കല്‍ മൈല്‍ അകലെയുമാണ് കപ്പല്‍ മുങ്ങിയത്.