-->
കൊച്ചി : കൊച്ചി തീരത്തിന് സമീപം അപകടത്തില്‍പ്പെട്ട ചരക്കുകപ്പല്‍ എം.എസ്.സി. എല്‍സ 3 കടലില്‍ പൂര്‍ണമായി മുങ്ങി. കപ്പലിലെ എല്ലാ ജീവനക്കാരെയും കോസ്റ്റ് ഗാര്‍ഡിന്റെ നേതൃത്വത്തില്‍ രക്ഷപ്പെടുത്തി. കപ്പലിലുണ്ടായിരുന്ന 24 ജീവനക്കാരില്‍ 21 പേരെ ശനിയാഴ്ചതന്നെ രക്ഷപ്പെടുത്തിയിരുന്നു. ഇന്നലെ രാവിലെ ക്യാപ്റ്റന്‍ അടക്കമുള്ളവരെ കപ്പലില്‍നിന്നു സുരക്ഷിതസ്ഥാനത്തേക്കു മാറ്റി. കോസ്റ്റ് ഗാര്‍ഡിന്റെ അര്‍ണിവേഷ് എന്ന ചെറുകപ്പലിലാണ് രക്ഷപ്പെടുത്തിയ ഉദ്യോഗസ്ഥരെ കൊച്ചിയിലെത്തിച്ചത്.
ഇന്നലെ രാവിലെയോടെയാണു കൊച്ചിയില്‍നിന്ന് 38 നോട്ടിക്കല്‍ മൈല്‍ അകലെ കപ്പല്‍ മുങ്ങിയത്. യന്ത്രത്തകരാറും മോശംകാലാവസ്ഥയുമാണു കപ്പല്‍ തകരാന്‍ കാരണമെന്ന് കപ്പലിന്റെ ക്യാപ്റ്റന്‍ പറഞ്ഞു. അതേസമയം, മുങ്ങിയ കപ്പലില്‍നിന്നുള്ള എണ്ണ കടലില്‍ പടരുന്നത് തടയാന്‍ കോസ്റ്റ് ഗാര്‍ഡ് ശ്രമം തുടങ്ങി. രണ്ടു കപ്പലുകള്‍ ഉപയോഗിച്ചാണ് ഈ നീക്കം നടത്തുന്നത്. കപ്പല്‍ മുങ്ങിയ സ്ഥലത്തുനിന്നു 20 നോട്ടിക്കല്‍ കിലോമീറ്ററിനകത്ത് ആരും മത്സബന്ധനത്തിനു പോകരുതെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇന്നലെയാണു കപ്പല്‍ ചരിഞ്ഞ് അപകടകാരികളായ രാസവസ്തുക്കള്‍ അടങ്ങിയ കണ്ടെയ്‌നറുകള്‍ കടലില്‍ പതിച്ചത്. മറൈന്‍ ഗ്യാസ് ഓയില്‍, വി.എല്‍.എസ്.എഫ്.ഒ. (വേരി ലോ സള്‍ഫര്‍ കണ്ടന്റുള്ള ഓയില്‍) എന്നവയടങ്ങിയ കണ്ടെയ്‌നറുകളാണ് കടലില്‍ പതിച്ചത്. ഇതിനെത്തുടര്‍ന്നു കേരളാ തീരത്ത് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. കാര്‍ഗോ കേരളാ തീരത്ത് വന്നടിയാന്‍ സാധ്യത ഉണ്ടെന്നും ജനങ്ങളുടെ ശ്രദ്ധയില്‍പെട്ടാല്‍ അടുത്തേക്കു പോകുകയോ തൊടുകയോ ചെയ്യരുതെന്ന നിര്‍ദേശവും അധികൃതര്‍ നല്‍കിയിരുന്നു. അസ്വാഭാവികമായ എന്തെങ്കിലും പൊതുജനങ്ങളുടെ ശ്രദ്ധയില്‍പെട്ടാല്‍ ഉടന്‍ തന്നെ 112 ല്‍ വിളിച്ച് വിവരം അറിയിക്കണമെന്നു സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പു നല്‍കിയിരുന്നു.
ഇന്നലെ രാവിലേയും കൂടുതല്‍ കണ്ടെയ്‌നറുകള്‍ കടലില്‍ പതിച്ചിരുന്നു. കപ്പല്‍ പൂര്‍വസ്ഥിതിയിലാക്കാന്‍ നാവിക സേനയും കോസ്റ്റ് ഗാര്‍ഡും പരമാവധി പരിശ്രമിച്ചെങ്കിലും അതു പൂര്‍ണമായും മുങ്ങുകയായിരുന്നു. ടഗ് ബോട്ട് ഉപയോഗിച്ചു കപ്പല്‍ തീരത്തേക്ക് അടുപ്പിക്കാനുള്ള ശ്രമം കാലാവസ്ഥ മോശമായതിനാല്‍ പാളി. കപ്പലിലെ കണ്ടെയ്‌നറുകള്‍ പുറമേ എത്തിക്കാനും പുറംകടലിലെ അപകടസാധ്യത ഇല്ലാതാക്കാനുമുള്ള ഉത്തരവാദിത്വം എം.എസ്‌സി. എല്‍സയുടെ ഉടമകള്‍ക്കാണെന്നു നാവിക സേന അറിയിച്ചു.
കൊച്ചിയുടേയോ അലപ്പുഴയുടേയോ തീരങ്ങളില്‍ കണ്ടെയ്‌നര്‍ അടുക്കാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. 20 ഫിലിപ്പൈന്‍സുകാരും രണ്ട് യുക്രൈന്‍ പൗരന്മാരും ഒരു ജോര്‍ജിയ പൗരനുമാണു കപ്പലില്‍ ഉണ്ടായിരുന്നത്. വിഴിഞ്ഞം തുറമുഖത്തുനിന്ന് 23-നു രാവിലെയാണ് ചരക്കുകപ്പല്‍ 3400-ല്‍ അധികം കണ്ടെയ്‌നറുകളുമായി കൊച്ചിയിലേക്കു തിരിച്ചത്. ശനിയാഴ്ച വൈകിട്ട് നാലരയോടെ കൊച്ചി തുറമുഖത്ത് എത്തേണ്ടതായിരുന്നു. ഉച്ചകഴിഞ്ഞ് 1.35-ന് കപ്പല്‍ അപകടത്തില്‍പ്പെട്ടയുടന്‍ ക്യാപ്റ്റന്‍ നാവികസേനയുടെയും തീരസംരക്ഷണസേനയുടെയും സഹായം തേടുകയായിരുന്നു.