-->
യെമനിലെ അദ്ഭുത ദ്വീപാണ് സൊകോട്ര. ഇവിടത്തെ മരങ്ങളില്‍ മൂന്നിലൊന്നും ഭൂമിയില്‍ മറ്റൊരിടത്തും കാണാനാകില്ല. നിവര്‍ത്തിയ കുടയുടെ ആകൃതിയുള്ള ഡ്രാഗണ്‍ ബ്ലഡ് ട്രീയാണു കൂട്ടത്തിലെ താരം. സാധാരണ മരങ്ങളുടെ കറ വെള്ള നിറത്തിലോ നിറമില്ലാത്തതോ ആണെങ്കില്‍ ഡ്രാഗണ്‍ ബ്ലഡ് ട്രീയുടെ കറയ്ക്കു നിറം ചോരച്ചുവപ്പാണ്. സൊകോട്രയില്‍ മാത്രമാണ് ഇത്തരം മരങ്ങള്‍ കാണപ്പെടുന്നത്.
കൂണുകളുടെ ആകൃതിയില്‍ വിരിഞ്ഞുനില്‍ക്കുന്നതാണ് ഈ മരങ്ങളുടെ ഇലകള്‍. ചുഴലിക്കാറ്റുകള്‍, ആടുകളുടെ അമിതമായ മേയല്‍ തുടങ്ങിയവ ഈ മരങ്ങളുടെ അതിജീവനത്തെ ബാധിക്കുന്നതാണ്. 825 സസ്യങ്ങളാണ് ഈ ദ്വീപിലുള്ളത്. തടിയന്‍ മരമായ കുക്കുംബര്‍ ട്രീ, കുപ്പി പോലെയുള്ള പൂമരം ഡെസേര്‍ട് റോസ് തുടങ്ങിയവയും ഇതിലുള്‍പ്പെടും. ചെറിയ കാലുകളും നീണ്ട ശരീരവുമായി പാമ്പിനെ അനുസ്മരിപ്പിക്കുന്ന പല്ലി, വിവിധ നിറങ്ങളിലെ ഞണ്ടുകള്‍ തുടങ്ങിയ വലിയ ജൈവവൈവിധ്യവും സൊകോട്രയിലുണ്ട്. ഭൂമിശാസ്ത്രപരമായ ഒറ്റപ്പെടലാണ് ഇത്തരം എന്‍ഡമിക് സ്പീഷീസുകള്‍ക്കു കാരണം.
യെമനിലെ ആഭ്യന്തര കലഹം വകവയ്ക്കാതെ പ്രതിവര്‍ഷം അയ്യായിരത്തോളം ടൂറിസ്റ്റുകളാണ് സൊകോട്രയിലെത്തുന്നത്. അതിനുള്ള പ്രധാനകാരണം ഡ്രാഗണ്‍ ബ്ലഡ് കാണുക എന്നതാണ്. വിനോദസഞ്ചാരികള്‍ വന്നാല്‍ തദ്ദേശീയരായ ഗൈഡുകളുടെ സേവനം തേടണമെന്നും സൊകോട്രന്‍ കുടുംബങ്ങള്‍ നടത്തുന്ന ക്യാംപ്‌സൈറ്റുകളില്‍ വസിക്കണമെന്നും ഇവിടെ ചട്ടമുണ്ട്. ഇത് സൊകോട്രയിലെ ആളുകള്‍ക്ക് വിദേശനാണ്യ രൂപത്തില്‍ വരുമാനം നേടിക്കൊടുക്കുന്ന കാര്യമാണ്. ഈ മരങ്ങള്‍ നശിച്ചാല്‍ തദ്ദേശീയ സാമ്പത്തിക വ്യവസ്ഥയെ അതു തകിടം മറിക്കും.
പരിസ്ഥിതിപരമായ ദൗത്യവും ഈ മരങ്ങള്‍ക്കുണ്ട്. മഴ, മൂടല്‍മഞ്ഞ് തുടങ്ങിയവ ഇലകളാല്‍ പിടിച്ചെടുത്ത് മണ്ണിലെത്തിക്കുന്നതില്‍ ഇവ വലിയൊരു പങ്കുവഹിക്കുന്നുണ്ട്. ഇത് മറ്റു ചെടികള്‍ക്ക് ഗുണകരമാകും. ഇത്രയേറെ പ്രാധാന്യമുള്ള മരങ്ങളായതിനാല്‍ ഇവയെ സംരക്ഷിക്കണമെന്നു ലോകമെമ്പാടുനിന്നും പരിസ്ഥിതിവാദികളുടെ ആവശ്യം ഉയരുന്നുണ്ട്.