-->
മൂവാറ്റുപുഴ: അമ്മ പുഴയില്‍ എറിഞ്ഞു കൊലപ്പെടുത്തിയ നാലു വയസുകാരി പിതാവിന്റെ അടുത്ത ബന്ധുവില്‍നിന്നു നേരിട്ടതു നിരന്തര പീഡനം. കുഞ്ഞുമായുള്ള അടുപ്പം മുതലെടുത്തു വീട്ടിലെത്തിച്ചു നിരന്തരം ചൂഷണം ചെയ്തിരുന്നതായി അറസ്റ്റിലായ പ്രതി പോലീസിനു മുമ്പാകെ പറഞ്ഞു. പോക്‌സോ നിയമപ്രകാരം ഇന്നലെ അറസ്റ്റ് ചെയ്ത പ്രതിയെ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് വൈദ്യപരിശോധന നടത്തി.
കുട്ടി ക്രൂര ബലാത്സംഗത്തിന് ഇരയായെന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചപ്പോള്‍ തന്നെ പുത്തന്‍കുരിശ് പോലീസ് പ്രതിയിലേക്ക് എത്തുന്നതിനുളള ചടുല നീക്കം ആരംഭിച്ചിരുന്നു. മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതിയെ തിരിച്ചറിഞ്ഞ് കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു.
കൊല്ലപ്പെടുന്നത് തൊട്ടുമുന്‍പും കുഞ്ഞ് ഉപദ്രവം നേരിട്ടതിനു തെളിവുകള്‍ ലഭിച്ചു. അച്ഛന്റെയും അമ്മയുടെയും പരിചരണം വേണ്ടവിധം ലഭിക്കാത്ത കുഞ്ഞ് ബന്ധുക്കള്‍ക്ക് ഒപ്പമായിരുന്നു ഏറിയ സമയവും. പിതാവിന്റെ അടുത്ത ബന്ധുവായ പ്രതി ഇതു മുതലെടുത്തു എന്നാണ് പോലീസിന്റെ നിഗമനം. ബന്ധുക്കളോടായിരുന്നു കുഞ്ഞിന്റെ അടുപ്പമെന്ന് അമ്മ പോലീസിനോട് പറഞ്ഞതായും വിവരമുണ്ട്. കുട്ടിയെ പുഴയില്‍ എറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ അമ്മയെ ആലുവ മജിസ്‌ട്രേറ്റ് കോടതി അഞ്ചു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു.