-->
ലോകത്തിലെ ഏറ്റവും ചെറിയ രണ്ടാമത്തെ സ്വതന്ത്ര്യരാജ്യമാണ് മൊണാക്കോ. നിലവില്‍ ഏറ്റവും കൂടുതല്‍ ശരാശരി ആയുസ്സുള്ള സ്ഥലം വേള്‍ഡ് പോപ്പുലേഷന്‍ റിവ്യു എന്ന ഡേറ്റ അനാലിസിസ് വെബ്സൈറ്റിന്റെ വിവരം പ്രകാരം മൊണാക്കോ എന്ന കുഞ്ഞന്‍ യൂറോപ്യന്‍ രാജ്യമാണ്. മൊണാക്കോയിലെ ശരാശരി ആയുസ്സ് 86.5 വര്‍ഷമാണ്. പുരുഷന്‍മാരുടെ ശരാശരി ആയുസ്സ് 84.6, സ്ത്രീകളുടേത് 88.6.സമ്പന്നരുടെ താമസയിടമായ ഇവിടം വിനോദസഞ്ചാരികള്‍ക്കും ഏറെയിഷ്ടമുള്ള സ്ഥലമാണ്. മൂന്നതിരില്‍ ഫ്രാന്‍സിനാല്‍ ചുറ്റപ്പെട്ടിരിക്കുന്ന മൊണാക്കോയ്ക്കു ചെറിയൊരു കടല്‍ത്തീരമുണ്ട്. മെഡിറ്ററേനിയന്‍ രീതിയിലുള്ള ഭക്ഷണക്രമം, ഉന്നതമായ ആരോഗ്യരക്ഷാ സംവിധാനങ്ങള്‍ തുടങ്ങിയവയാണ് മൊണാക്കോയിലെ ഉയര്‍ന്ന ആയുസ്സിന് കാരണമായി പറയുന്നത്.
യൂറോപ്പിലെ മറ്റൊരു ചെറുരാജ്യമായ സാന്‍മാരിനോയാണു ആയുര്‍ദൈര്‍ഘ്യത്തില്‍ രണ്ടാം സ്ഥാനത്ത്. 85.8 ആണ് ഇവിടത്തെ ശരാശരി ആയുര്‍ദൈര്‍ഘ്യം.മൂന്നാം സ്ഥാനത്ത് ഹോങ്കോങ്ങാണ്. 85.6 വയസ്സാണു ഹോങ്കോങ്ങിലെ ശരാശരി ആയുസ്സ്. ജപ്പാന്‍, ദക്ഷിണ കൊറിയ,അന്‍ഡോറ സ്വിറ്റ്സര്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളെല്ലാം ആദ്യ പത്തിലുണ്ട്. പട്ടികപ്രകാരം നൈജീരിയയാണ് ലോകത്ത് ശരാശരി ആയുസ്സ് ഏറ്റവും കുറവുള്ള രാജ്യം. 54.6 വയസ്സാണ് ഇവിടത്തെ ശരാശരി ആയുസ്സ്. സമീപഭാവിയില്‍ മനുഷ്യായുസ്സ് ദീര്‍ഘമാകുമെന്നു വെളിവാക്കി ഇടക്കാലത്തൊരു പഠനം പുറത്തിറങ്ങിയിരുന്നു. ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ മനുഷ്യരുടെ പരമാവധി പ്രായം 125 വയസ്സ് മുതല്‍ 130 വയസ്സ് വരെ ഉയര്‍ന്നേക്കാമെന്നാണു ആ പഠനത്തില്‍ വെളിപ്പെടുന്നത്.
യുഎസിലെ വാഷിങ്ടണ്‍ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞരായ മൈക്കല്‍ പീര്‍സ്, ആഡ്രിയന്‍ റാഫ്റ്ററി എന്നിവരാണ് ഇതെക്കുറിച്ച് പഠനം നടത്തിയത്. ചില കൗതുകകരമായ വസ്തുതകള്‍ പഠനസംഘം ഉയര്‍ത്തിക്കാട്ടുന്നു. കഴിഞ്ഞ കുറച്ചു ദശാബ്ദങ്ങളില്‍ നൂറുവയസ്സിനു മേല്‍ ജീവിക്കുന്ന മനുഷ്യരുടെ എണത്തില്‍ വലിയ വര്‍ധനയുണ്ടായിട്ടുണ്ട്. ലോകമാകെ അഞ്ച് ലക്ഷത്തിലധികം പേര്‍ ഇത്തരത്തില്‍ ആയുസ്സ് നേടിയിട്ടുണ്ടെന്നാണു രേഖപ്പെടുത്തിയ കണക്കുകള്‍ പറയുന്നത്.എന്നാല്‍ അധികം പേരും 100 മുതല്‍ 110 വയസ്സിനിടയില്‍ അന്തരിക്കാറുണ്ടെന്നാണു പൊതുവെ കാണപ്പെടുന്നത്.
ഇത്തരം അതി ദീര്‍ഘായുസ്സിന്റെ തോത് ഈ നൂറ്റാണ്ടിന്റെ അവസാനമാകുമ്പോഴേക്കും 125 മുതല്‍ 130 വയസ്സ് വരെയാകുമെന്നു ശാസ്ത്രജ്ഞര്‍ പറയുന്നു. 2100 ആകുമ്പോഴേക്ക് ഒരു വ്യക്തിയെങ്കിലും 130 വയസ്സ് പിന്നിടും. നിലവില്‍ ആരോഗ്യ, ഭക്ഷണമേഖലകളിലുണ്ടായ ശാസ്ത്രീയമായ വികാസവും മെച്ചപ്പെട്ട രീതികളുമാണ് ഈ ദീര്‍ഘായുസ്സിനു കാരണമാകുന്നതെന്നാണു ഗവേഷകരുടെ അഭിപ്രായം. 2021ല്‍ ജീറോ എന്ന സിംഗപ്പൂര്‍ ബയോടെക് കമ്പനി നൂറ്റിയന്‍പതിലധികം ആളുകളില്‍ നിന്നുള്ള സ്മാര്‍ട് വാച്ച് വിവരങ്ങള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ വിലയിരുത്തി വരും കാലത്തെ ആളുകള്‍ 150 വയസ്സു വരെ ജീവിച്ചേക്കാമെന്നു പ്രവചിച്ചത് വാര്‍ത്തയായിരുന്നു.