-->
അനേകം പ്രതിഭാധനര്‍ക്കും പ്രതിഭകള്‍ക്കും ഉന്നതവിദ്യാഭാസം നല്‍കിയ പെരുമയേറിയ സ്ഥാപനമാണ് യുഎസിലെ ഹാര്‍വഡ് സര്‍വകലാശാല. അവിടത്തെ ഒരു വിദ്യാര്‍ഥി ഇപ്പോള്‍ വൈറലാകുകയാണ്. ആള്‍ ചില്ലറക്കാരിയല്ല, രാജകുമാരിയാണ്, ക്രൗണ്‍ പ്രിന്‍സസ്. ഹാര്‍വഡ് കെന്നഡി സ്‌കൂളിലാണ് ഈ സുന്ദരി രാജകുമാരി പഠിക്കുന്നത്, ആളുടെ പേര് എലിസബത്ത്.യൂറോപ്പിലെ പല രാജ്യങ്ങളെയും പോലെ തന്നെ തലപ്പത്തൊരു രാജകുടുംബം ബെല്‍ജിയത്തിനുമുണ്ട്. ആ കുടുംബത്തിലെ ഇളമുറക്കാരിയാണ് എലിസബത്ത്.
ചിട്ടവട്ടങ്ങളും ഉപചാരക്രമങ്ങളുമൊക്കെ ധാരാളമുള്ള രാജകുടുംബ ജീവിതത്തില്‍ നിന്നു വേറിട്ട ജീവിതശൈലിയാണ് എലിസബത്ത് പുലര്‍ത്തുന്നത്. രാജകീയ ഗൗണുകളോ സ്യൂട്ടുകളോ ഇല്ലാതെ സാധാരണ ജീന്‍സും ടോപ്പുകളുമൊക്കെയിട്ട് നടക്കുന്ന എലിസബത്തിന്റെ ചിത്രങ്ങള്‍ രാജകുടുംബത്തിന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ തന്നെ പങ്കുവച്ചിരുന്നു. ബെല്‍ജിയത്തിലെ ഫിലിപ്പ് രാജാവിന്റെയും മതില്‍ഡ റാണിയുടെയും മൂത്ത മകളാണ് എലിസബത്ത്. ഡച്ചസ് ഓഫ് ബ്രാബന്റ് എന്ന പദവിയില്‍ ഇപ്പോഴുള്ള എലിസബത്ത് അടുത്തതായി സിംഹാസനത്തിലേക്കുള്ള അവകാശിയാണ്. ഇതു യാഥാര്‍ഥ്യമാകുമ്പോള്‍ ബെല്‍ജിയത്തിന്റെ ആദ്യ റീജന്റ് റാണി എന്ന പദവി എലിസബത്തിനു വന്നു ചേരും.
പബ്ലിക് പോളിസിയില്‍ ബിരുദാനന്തര ബിരുദ പഠനത്തിനായാണ് എലിസബത്ത് യുഎസിലെത്തിയത്. ചരിത്രം, പൊളിറ്റിക്‌സ് എന്നീ വിഷയങ്ങളില് നേരത്തെ ബ്രിട്ടനിലെ ഓക്‌സ്ഫഡ് സര്‍വകലാശാലയ്ക്കു കീഴിലുള്ള ലിങ്കണ്‍ കോളജില്‍ നിന്ന് എലിസബത്ത് ബിരുദം നേടിയിരുന്നു. ഇതിനെല്ലാമപ്പുറം വിവിധ വിഷയങ്ങളില്‍ പല കോഴ്‌സുകള്‍ എലിസബത്ത് ചെയ്തിട്ടുണ്ട്. ഡച്ച്, ഫ്രഞ്ച്, ജര്‍മന്‍, ഇംഗ്ലിഷ് ഭാഷകളില്‍ ഇവര്‍ക്കു പ്രാവീണ്യവുമുണ്ട്.
ഹാര്‍വഡിലെ പഠനത്തിനിടയ്ക്കും ബെല്‍ജിയത്തിലേക്ക് ഇടയ്ക്കിടെ യാത്ര ചെയ്ത് രാജകീയ ചടങ്ങുകളിലെ സജീവ സാന്നിധ്യമാകാറുണ്ട് എലിസബത്ത്. പഠനത്തിനു മുന്‍പ് ഒരു വര്‍ഷം മിലിറ്ററി ട്രെയിനിങ്ങും ചെയ്തിട്ടുള്ള എലിസബത്ത് സ്‌കീയിങ്, തുഴച്ചില്‍, പായ്വഞ്ചി സഞ്ചാരം എന്നിവയില്‍ നിപുണയാണ്. ഫിലിപ്-മതില്‍ഡ ദമ്പതിമാര്‍ക്ക് 4 മക്കളാണ്. ബെല്‍ജിയത്തിലെ കിരീട അവകാശ നിയമം എലിസബത്ത് ജനിക്കുന്നതിന് ഒരു പതിറ്റാണ്ട് മുന്‍പ് പരിഷ്‌കരിച്ചിരുന്നു. അങ്ങനെയാണ് റാണി പട്ടത്തിന് അംഗീകാരമായത്. ഇതു സംഭവിച്ചിരുന്നില്ലെങ്കില്‍ എലിസബത്തിനു തൊട്ടുതാഴെയുള്ള സഹോദരന്‍ ഗബ്രിയേല്‍ ആകുമായിരുന്നു കിരീടാവകാശി.