Saturday, March 14, 2026 Last Updated 2 Min 57 Sec ago English Edition
Todays E paper
Ads by Google
Wednesday 21 May 2025 11.20 AM

തപാല്‍വോട്ടുമായി ബന്ധപ്പെട്ട് വിവാദ പ്രസംഗം ; ജി സുധാകരനെതിരേ ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റ്

uploads/news/2025/05/782212/g-sudhakaran.jpg

ആലപ്പുഴ: തപാല്‍വോട്ടുമായി ബന്ധപ്പെട്ട് വിവാദ പ്രസംഗം നടത്തിയ സിപിഎം മുതിര്‍ന്ന നേതാവ് ജി സുധാകരനെതിരെ പാര്‍ട്ടി പരസ്യമായി നിലപാട് പ്രഖ്യാപിക്കണമെന്ന ആവശ്യം. പ്രസംഗം പാര്‍ട്ടിയെ മോശമാക്കാന്‍ വേണ്ടി നടത്തിയതാണെന്നാണ് സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടേറിയേറ്റ് വിലയിരുത്തല്‍. രൂക്ഷ വിമര്‍ശനം ഉയര്‍ന്ന യോഗത്തില്‍ വിഷയം സംസ്ഥാന കമ്മിറ്റിയുടെ ശ്രദ്ധയില്‍പ്പെടുത്തണമെന്നും പറഞ്ഞു.

ജി സുധാകരന്‍ പാര്‍ട്ടിയെ നിരന്തരം പ്രതിസന്ധിയിലാക്കുന്നു. പാര്‍ട്ടിയെ മോശമായി ചിത്രീകരിക്കാനും സര്‍ക്കാരിനെ ഇകഴ്ത്തികാണിക്കാനും വേണ്ടിയാണ് ശ്രമമെന്നും വിമര്‍ശനം ഉയര്‍ന്നു. ജി സുധാകരനൊപ്പം കുഞ്ചന്‍നമ്പ്യാര്‍ സ്മാരകവുമായി ബന്ധപ്പെട്ട് ജി സുധാകരന്റെ വിവാദ പ്രസ്താവനയ്ക്ക് മറുപടി നല്‍കി രൂക്ഷമായ ഫേസ്ബുക്ക് കുറിപ്പിട്ടതിന് എച്ച് സലാം എംഎല്‍എയ്ക്കെതിരെയും വിമര്‍ശനം ഉയര്‍ന്നു.

സുധാകരനെതിരേ സലാം പോസ്റ്റിട്ടതും പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയെന്നായിരുന്നു വിലയിരുത്തല്‍. കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകത്തിന്റെ നിര്‍മ്മാണം ശരിയല്ലെന്നും യുദ്ധക്കളമാക്കിയെന്നുമുള്ള സുധാകരന്റെ പ്രസ്താവനയ്ക്കെതിരെ എച്ച് സലാം രംഗത്തെത്തിയിരുന്നു.

എംഎല്‍എ എന്ന നിലയിലും സ്മാരകസമിതിയുടെ ഭാഗമായും നിന്നുകൊണ്ട് പുതിയ മന്ദിരത്തിന്റെ നിര്‍മ്മാണത്തില്‍ താന്‍ വ്യക്തിപരമായ ഉത്തരവാദിത്വം നിര്‍വഹിച്ചിട്ടുണ്ടെന്നും അനാവശ്യങ്ങള്‍ പലപ്പോഴും പറയുമ്പോള്‍ പ്രതികരിക്കാത്തത് ഭാഷ വശമില്ലാത്തുകൊണ്ടോ പറയാന്‍ അറിയാത്തതുകൊണ്ടോ അല്ലെന്നുമായിരുന്നു എച്ച് സലാമിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ ഉള്ളടക്കം.

തപാല്‍വോട്ടുമായി ബന്ധപ്പെട്ട് നടത്തിയ പ്രസംഗത്തിന് പിന്നാലെ സുധാകരനെതിരേ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശപ്രകാരാം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്. 36 വര്‍ഷം മുമ്പ് ആലപ്പുഴയില്‍ മത്സരിച്ച കെ വി ദേവദാസിനായി തപാല്‍വോട്ട് തിരുത്തിയെന്നായിരുന്നു വെളിപ്പെടുത്തല്‍. സുധാകരന്‍ പ്രസ്താവന മയപ്പെടുത്തിയെങ്കിലും കേസ് മുമ്പോട്ട് പോകുകയാണ്.

Ads by Google
Ads by Google
TRENDING NOW