Monday, March 16, 2026 Last Updated 7 Min 38 Sec ago English Edition
Todays E paper
Ads by Google
Tuesday 20 May 2025 01.19 PM

' എന്റെ ജീവിതത്തിലെ മോശം അവസ്ഥയിലും എനിക്ക് പിന്തുണ നല്‍കി, എന്റെ മനസ്സില്‍ തട്ടിയ നിമിഷങ്ങളായിരുന്നു അതെല്ലാം' ; വിശാലുമായുളള പ്രണയ കഥ പറഞ്ഞ് ധന്‍സിക

wedding, august

തമിഴ് നടന്‍ വിശാലും നടി സായ് ധന്‍സികയും ഓഗസ്റ്റില്‍ വിവാഹിതരാകുകയാണ്. ഇപ്പോഴിതാ നടന്‍ വിശാലുമായുള്ള തന്റെ പ്രണയകഥ പങ്കുവച്ചിരിക്കുകയാണ് നടി. വിശാലുമായി 15 വര്‍ഷത്തെ സൗഹൃദമുണ്ടെന്നും പ്രണയത്തിലായത് ഈ അടുത്ത കാലത്താണെന്നും ധന്‍സിക പറയുന്നു.

ജീവിതത്തില്‍ ഒരു പ്രശ്‌നം വന്നപ്പോള്‍ തനിക്കു വേണ്ടി ശബ്ദമുയര്‍ത്തിയത് വിശാല്‍ ആണെന്നും അദ്ദേഹം നല്ലൊരു വ്യക്തിത്വത്തിനുടമ കൂടിയാണെന്നും ധന്‍സിക പറഞ്ഞു. ധന്‍സിക നായികയായി എത്തുന്ന 'യോഗി ഡാ'യുടെ ഓഡിയോ ലോഞ്ച് ചടങ്ങിനിടെയാണ് വിശാല്‍ വിവാഹക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്.

''ഈ വേദി ഇങ്ങനെയൊരു പ്രഖ്യാപനത്തിന് ഇടവരുത്തുമെന്ന് സത്യമായും പ്രതീക്ഷിച്ചിരുന്നില്ല. രാവിലെ ഒരു മാധ്യമത്തില്‍ വാര്‍ത്ത വന്നിരുന്നു. 15 വര്‍ഷത്തെ എന്റെ സുഹൃത്താണ് വിശാല്‍. ഇനിയിപ്പോള്‍ ഒളിക്കാന്‍ ഒന്നുമില്ല, നടികര്‍ സംഘം കെട്ടിടം ഓഗസ്റ്റ് 15നകം പൂര്‍ത്തിയാക്കാനാണ് വിശാല്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഓഗസ്റ്റ് 29നാണ് ഞങ്ങളുടെ വിവാഹം.

15 വര്‍ഷമായി വിശാലിനെ അറിയാം. ഏതു സ്ഥലത്തുവച്ചു കണ്ടാലും പരസ്പര ബഹുമാനത്തോടെ മാത്രമേ സംസാരിക്കൂ. എനിക്കു വേണ്ടി അദ്ദേഹം ശബ്ദം ഉയര്‍ത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ പെരുമാറ്റവും രീതികളും ഞാന്‍ വളരെ അധികം ബഹുമാനത്തോടെ കാണുന്നു. എന്റെ ജീവിതത്തിലെ ഒരു മോശം അവസ്ഥയിലും, യാതൊന്നും പറയാതെ തന്നെ കയറി വന്ന് പിന്തുണയായി നിന്ന ആളാണ്. എന്റെ വീട്ടില്‍ ഒരു നായകന്‍ പോലും വന്നിട്ടില്ല.

ഒരു പ്രശ്‌നം നടന്നപ്പോള്‍ അദ്ദേഹം എന്റെ വീട്ടില്‍ വന്നു. അതൊക്കെ എന്റെ മനസ്സില്‍ തട്ടിയ നിമിഷങ്ങളായിരുന്നു. അടുത്തിടെയാണ് സംസാരിച്ചു തുടങ്ങിയത്. അങ്ങനെയാണ് സൗഹൃദം പ്രണയത്തിലേക്കെത്തുന്നത്. ഞങ്ങള്‍ക്കു രണ്ടു പേര്‍ക്കും അതു സംഭവിച്ചു. പരസ്പരം അത് അംഗീകരിക്കുകയും ചെയ്തു. ഇതു വിവാഹത്തിലെത്തുമെന്ന് ഉറപ്പായിരുന്നു. അതുകൊണ്ട് തന്നെ കാത്തിരിക്കേണ്ട ആവശ്യമില്ലെന്നു തീരുമാനിച്ചു. ഒരു വിഷയം പറയാം, അദ്ദേഹത്തെ സന്തോഷിപ്പിക്കുക എന്റെ ഉത്തരവാദിത്തമാണ്.

നല്ലൊരു മനുഷ്യനാണ് വിശാല്‍. എന്റെ കുടുംബത്തോട് ഇക്കാര്യം പറഞ്ഞപ്പോള്‍ അവര്‍ക്കും ഒരുപാട് സന്തോഷം.''- ധന്‍സിക പറഞ്ഞു. എല്ലാത്തിന്റെയും അവസാനം ദൈവം നമുക്കായി ഒന്ന് കരുതിയിട്ടുണ്ടാവും, അങ്ങനെ അവസാനം എന്റെ ജീവിതത്തിലേക്ക് വന്ന പെണ്‍കുട്ടിയാണ് ധന്‍സിക എന്നാണ് വിശാല്‍ പറഞ്ഞത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW