-->
വൈവിധ്യമാര്‍ന്ന ഭക്ഷണവിഭവങ്ങള്‍കൊണ്ട് ഏറെ സമ്പന്നമായ രാജ്യമാണ് ഇന്ത്യ. ഇപ്പോഴിതാ ഇന്ത്യയിലെ ഭക്ഷണ വിഭവങ്ങളെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് അടുത്തിടെ ഇന്ത്യയിലേക്ക് താമസം മാറിയ വിദേശ ദമ്പതികള്‍. ഇന്ത്യയില്‍ ഒന്നും കഴിക്കാന്‍ പറ്റാത്തതായി ഇല്ല എന്നാണ് വിദേശ ദമ്പതികളായ ഗുരുവും ലിയയും തങ്ങളുടെ ഇന്‍സ്റ്റഗ്രാം പേജില്‍ പറയുന്നത്. വിദേശരാജ്യങ്ങളില്‍ പഴുത്താല്‍ മാത്രം ഉപയോഗിക്കുന്ന ഭക്ഷ്യവിഭവങ്ങള്‍ പോലും ഇന്ത്യയില്‍ പച്ചയ്ക്ക് ഉപയോഗിച്ച് അതിന്റെ സാധ്യത പ്രയോജനപ്പെടുത്തുന്നുണ്ട് എന്നാണ് ഈ ദമ്പതികള്‍ പറയുന്നത്.
സര്‍ഗാത്മകമായ ഭക്ഷണരീതി എന്നാണ് ഗുരു ഇന്ത്യന്‍ ഭക്ഷ്യവസ്തുക്കളെയും ഭക്ഷണങ്ങളെയും വിശേഷിപ്പിച്ചത്. പഴുക്കാത്തതും പുളിയുള്ളതുമായ പച്ചമാങ്ങ അച്ചാറായി ആസ്വദിക്കുന്നതും പാകമാകാത്ത ചക്ക കറി വെക്കുന്നതും എന്തിനേറെ പറയുന്നു പൂക്കളെ പോലും രുചികരമായ പക്കോഡകളാക്കി മാറ്റുന്നതും ഇന്ത്യന്‍ പാചകത്തിലെ സര്‍ഗാത്മകതയാണെന്നാണ് അദ്ദേഹം പറയുന്നത്. ഇന്ത്യന്‍ ഫോളോവേഴ്‌സില്‍ നിന്ന് വലിയ സ്വീകാര്യതയാണ് ഈ പോസ്റ്റിന് ഇന്‍സ്റ്റഗ്രാമില്‍ ലഭിച്ചത്.
പോസ്റ്റിനു താഴെ ഒരാള്‍ കുറിച്ചത് ഒരു ഇന്ത്യക്കാരന്‍ ആയിരുന്നിട്ടും ഇത്രയും സാധനങ്ങള്‍ ഒരു ദിവസം ഞാന്‍ പച്ചയ്ക്ക് ഉപയോഗിക്കുന്നുണ്ടെന്ന് മനസ്സിലായില്ലെന്നും അത് അറിയാതെ തന്നെ പതിവായി ചെയ്യുകയാണെന്നും ആയിരുന്നു. അതേസമയം തന്നെ മറ്റു ചിലര്‍ കുറിച്ചത് ഇന്ത്യന്‍ ഭക്ഷണരീതി എന്ന് പറഞ്ഞുകൊണ്ട് ഇത്തരം കാര്യങ്ങളെ സാമാന്യവല്‍ക്കരിക്കരുതെന്നും ഇന്ത്യയില്‍ ഓരോ നാട്ടിലും അവരവരുടേതായ ഭക്ഷണരീതികളും ഉണ്ടെന്നുമാണ്. ഇതിനോടകം തന്നെ പോസ്റ്റ് നിരവധി ആളുകളുടെ ശ്രദ്ധാകര്‍ഷിക്കുകയും നിരവധിപ്പേര്‍ ദമ്പതികളുടെ അഭിപ്രായത്തോട് യോജിക്കുകയും ചെയ്തു.