-->
നടിയും മികച്ച ഒരു ഡബ്ബിങ് ആർട്ടിസ്റ്റും ഗായികയും എല്ലാമായ മനീഷ കെഎസ്സിനെ മിനിസ്ക്രീൻ പ്രേക്ഷകർ അടുത്ത് ഇഷ്ടപ്പെട്ട് തുടങ്ങിയത് താരം ബിഗ് ബോസ് മലയാളം സീസൺ അഞ്ച് റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയായി എത്തിയശേഷമായിരുന്നു. ഷോയ്ക്കുശേഷം വിവിധ പ്രോഗ്രമുകളും മറ്റുമായി മുന്നോട്ട് പോകുന്ന മനീഷ കഴിഞ്ഞ ദിവസം സോഷ്യൽമീഡിയയിൽ എഴുതിയ കുറിപ്പാണ് ശ്രദ്ധനേടുന്നത്.
ജോലി ചെയ്ത ശബളം കിട്ടാതിരുന്നതിനെ കുറിച്ചും സാമ്പത്തീക പ്രതിസന്ധി നിത്യ ജീവിതത്തിൽ സൃഷ്ടിച്ച ബുദ്ധിമുട്ടുകളെ കുറിച്ചുമെല്ലാമായിരുന്നു മനീഷയുടെ കുറിപ്പ്. പാനിക്ക് അറ്റാക്ക് അടക്കം വന്നിരുന്നുവെന്നും അടുത്തിടെ വരെ പലവിധ രോഗങ്ങൾക്ക് താൻ ചികിത്സയിലായിരുന്നുവെന്നും മനീഷ പറയുന്നു
‘ജീവിതം വിസ്മയങ്ങൾ നിറഞ്ഞ ഒരു തിരകഥ പോലെയാണ്..കുറച്ചേറെ മാസങ്ങളായി പലവക കാരണങ്ങളാലും ദുഃഖിതമായ ഒരന്തരീക്ഷത്തിലുടെയാണ് ജീവിതം മുന്നോട്ടു നീങ്ങികൊണ്ടിരിക്കുന്നത് …മാനസികവ്യഥകളുടെ കാഠിന്യമേറിയപ്പോൾ ശരീരം അതിന്റെ സ്വതസിദ്ധമായ പ്രതികരണങ്ങൾ കാട്ടിതുടങ്ങിയതോടെ ആശുപത്രിവാസങ്ങളും തുടരെതുടരെയായി…
കാശു കടം വാങ്ങിയവരുടെ ചീത്തവിളികൾ മനസ്സിനെ തെല്ലൊന്നുമല്ല ഉലച്ചത് …നീണ്ട പത്തുപതിനഞ്ച് മാസങ്ങൾക്കുമേറെ സ്ഥിരവരുമാനമില്ലാത്തതിന്റെ ..വരുമാനമില്ലായ്മ ചിലവിനെ ഒരുതരത്തിലും ബാധിക്കാത്തതും പണിയെടുത്തതിന്റെ കാശു വായിട്ടലച്ചിട്ടും കിട്ടാത്തതിന്റെയെല്ലാം വൈക്ളബ്യം ഒരു പാനിക് അറ്റാക്കിലേയ്ക്കും മറ്റുപല ശാരീരികക്ളേശങ്ങളിലേയ്കും വഴിതെളിച്ചപ്പോൾ കൂടെ ആരൊക്കെയുണ്ട് ആത്മാർത്ഥതയോടെ എന്ന് തിരിച്ചറിയാനുള്ള ഒരു സുവർണ്ണ അവസരം കൂടിയായി മാറി അത് .പലരും വിളിച്ചാൽ ഫോൺ പോലും എടുക്കാതെയായി …ജീവിതത്തിലെ ആ ഒരദ്ധ്യായത്തെ കുറിച്ച് വളരെ വിശദമായി ചിലരെയെല്ലാം പരാമർശിച്ചുകൊണ്ടുതന്നെ മറ്റൊരു കുറിപ്പ് ഞാനടുത്തുതന്നെ എഴുതും..
ഇപ്പൊ ഞാനീ പോസ്റ്റ് ഇടുന്നത് ഒരു self motivation നു വേണ്ടിയാണ് ..ആലോചിച്ചാൽ ഒരന്തവുമില്ല ആലോചിച്ചില്ലെങ്കിൽ ഒരു കുന്തവുമില്ല ന്ന് കുഞ്ഞുണ്ണി മാഷ് പറഞ്ഞപോലെ ജീവിതം അതിന്റെ താളക്രമത്തിൽ തന്നയേ മുന്നോട്ടുപോകൂ…കയറ്റിറക്കങ്ങൾ എല്ലാ മനുഷ്യജന്മങ്ങൾക്കും ബാധകം തന്നെ ..കഷ്ടകാലത്തും കൂടെ നിന്ന ചുരുക്കം ചിലരോട് ഹൃദയത്തിന്റെ ഉള്ളിൽ നിന്നുള്ള സ്നേഹവും കടപ്പാടും ഏതു പ്രതിസന്ധിയിലും പുഞ്ചിരിയോടെ സമീപിക്കാനുള്ള കഴിവുതന്ന ദൈവത്തിന് നൂറുനൂറു നന്ദി ’ മനീഷ കുറിച്ചു.