-->
മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന 'തട്ടീം മുട്ടീം' പരമ്പരയിലൂടെ ശ്രദ്ധ നേടിയ താരമാണ് മനീഷ കെ എസ്. അഭിനേത്രി, ഗായിക, റേഡിയോ ജോക്കി, ഡബ്ബിംഗ് ആർട്ടിസ്റ്റ് എന്നീ നിലകളിലെല്ലാം ശ്രദ്ധേയയാണ് മനീഷ. 34 വർഷമായി സംഗീതമേഖലയിൽ സജീവമാണ് താരം. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ബിഗ് ബോസ് മലയാളം അഞ്ചാം സീസണിൽ മത്സരാർത്ഥിയായും മനീഷ എത്തിയിരുന്നു.
സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായ മനീഷ, മകളെ കുറിച്ചു പങ്കുവച്ച ഒരു കുറിപ്പും വീഡിയോയുമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. മകൾ നീരദ എംഎസ്‌ഡബ്ല്യു കോഴ്സിന്റെ ഭാഗമായി ആഫ്രിക്കയിലെ ടാൻസാനിയയിലെ ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്നതിൽ താൻ അഭിമാനിക്കുന്നു എന്നാണ് മനീഷ കുറിച്ചത്.
"എന്റെ വാവാച്ചി ….വെള്ളാരം കണ്ണുള്ള എന്റെ കുഞ്ഞിപ്പെണ്ണ് ..ഇന്ന് അഡ്വ. നീരദ ഷീൻ ആണ്. ഇപ്പോൾ എംഎസ്‌ഡബ്ല്യു കോഴ്സിന്റെ ഭാഗമായി ആഫ്രിക്കയിലെ ടാൻസാനിയയിലെ ജനങ്ങൾക്കിടയിലിറങ്ങി അവരുടെ ജീവിതം പഠിക്കാനും അവിടത്തെ കുഞ്ഞുങ്ങളുടെ ഉന്നമനത്തിനുവേണ്ടി എന്തൊക്കെ ചെയ്യാനാകും എന്ന അന്വേഷണത്തിലാണ്…കോളേജിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട മൂന്നുപേരിൽ ഒരാളാണ് എന്റെ മോൾ. മക്കളുടെ ഉയർച്ചയിൽ എന്നും അഭിമാനം. ദൈവത്തിന് ഒരായിരം നന്ദി.
ചുറ്റുമുള്ളവരോടും ചുറ്റുമുള്ളതിനെയുമെല്ലാം കറകളഞ്ഞ സ്നേഹത്തോടെ സമീപിക്കാനും കൂടെനിർത്താനുമാണ് പഠിപ്പിച്ചുകൊടുത്തത്. മനുഷ്യത്വമാണ് ഏറ്റവും മുന്നിൽ നിൽക്കുന്ന സമ്പാദ്യമെന്നാണ് പറഞ്ഞുകൊടുത്തത്... വളർത്തിയെടുത്തത് തെറ്റായില്ല എന്ന് രണ്ടുമക്കളും അവരുടെ ജീവിതം കൊണ്ട് നമുക്ക് കാണിച്ചു തരുമ്പോൾ അതിലും വലിയ ഭാഗ്യം ഒരമ്മ എന്ന നിലയിൽ മറ്റെന്താണ് കിട്ടാനുള്ളത്. നിന്നെ കുറിച്ചോർത്ത് അഭിമാനം മാത്രം," മനീഷ കുറിച്ചു.