-->
ഓരോ നാട്ടിലും നിഗൂഢമായ പല കാര്യങ്ങളും നിലനില്‍ക്കുന്നുണ്ടാകും. ഇത്തരത്തില്‍ സൗത്ത് കരോലിനയിലെ സമ്മര്‍വില്ലെയുടെ സമീപപ്രദേശങ്ങളില്‍ വസിക്കുന്നവര്‍ കാലങ്ങളായി ഭീതിയിലാണ്. അങ്ങനെയിരിക്കുമ്പോള്‍ ഓര്‍ക്കാപ്പുറത്ത് ഈ പ്രദേശത്ത് നിഗൂഢമായ വിളക്കുകള്‍ തെളിയും. പല നിറത്തിലാണ് പ്രകാശഗോളം തെളിയുന്നത്. മനുഷ്യന്റെ ഇടപെടലൊന്നുമില്ലാതെ എങ്ങനെ സംഭവിക്കുന്നുവെന്നത് നാട്ടുകാരില്‍ ചെറിയ ആശങ്കകളല്ല സൃഷ്ടിച്ചത്. മുന്‍കാലത്ത് ഒരു റെയില്‍വേ ലൈന്‍ കടന്നുപോയിരുന്ന ഭാഗത്താണ് പ്രധാനമായും ഈ വിളക്കുകള്‍ കാണപ്പെടുന്നത്. വിളക്കുകള്‍ ആദ്യമായി കണ്ടെത്തിയ കാലംമുതല്‍ അതിനെ ചുറ്റിപ്പറ്റി പല കഥകളും നാട്ടില്‍ പ്രചരിച്ചു.
പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ട്രെയിന്‍തട്ടി മരിച്ച സ്ത്രീയുമായി ബന്ധപ്പെടുത്തിയായിരുന്നു ഈ കഥകളില്‍ ഏറെയും. ഭര്‍ത്താവിനെ തേടി അലയുന്ന സ്ത്രീയുടെ ആത്മാവ് വഹിക്കുന്ന വിളക്കുകളാണ് ഇതെന്നും നാട്ടുകാര്‍ വിശ്വസിക്കുകയും ചെയ്തു. നീല, പച്ച എന്നീ നിറങ്ങളിലാണ് ചെറു പ്രകാശഗോളങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്. വിളകള്‍ പ്രത്യക്ഷപ്പെടുന്നതിനോടടുത്ത സമയങ്ങളില്‍ ഇവയ്ക്ക് സമീപമുള്ള വാഹനങ്ങള്‍ കുലുങ്ങുന്നതും തീപ്പൊരികള്‍ കാണപ്പെടുന്നതുമൊക്കെ ഭയത്തിന്റെ ആക്കം കൂട്ടി. ഇതിനെല്ലാം പുറമേ വാതിലുകള്‍ തനിയെ അടയുന്നതും പക്ഷിമൃഗാദികള്‍ വല്ലാതെ അസ്വസ്ഥത പ്രകടിപ്പിക്കുന്നതും വീടിനുള്ളിലെ സാധനങ്ങള്‍ സ്വയം ചലിക്കുന്നതുമൊക്കെ പ്രേതകഥയില്‍ വിശ്വസിക്കാന്‍ നാട്ടുകാരെ പ്രേരിപ്പിക്കുകയും ചെയ്തു. ഇരുപതാം നൂറ്റാണ്ടിന്റെ മധ്യകാലം മുതല്‍ ഈ പ്രേത വിളക്കുകളെക്കുറിച്ച് പലയിടങ്ങളിലായി പരാമര്‍ശിക്കപ്പെട്ടതോടെ നിജസ്ഥിതി അറിയാന്‍ ഗവേഷകരും മുന്നിട്ടിറങ്ങി.
ഒടുവില്‍ ഇപ്പോള്‍ ഇവ പ്രേത വിളക്കാവില്ല മറിച്ച് ഭൂകമ്പ വിളക്കുകളാവാം എന്ന നിഗമനത്തില്‍ എത്തിച്ചേര്‍ന്നിരിക്കുകയാണ് ശാസ്ത്രജ്ഞര്‍. ഭൂകമ്പം ഉണ്ടാകുന്ന പ്രദേശങ്ങളില്‍ ഗോളങ്ങളുടെ ആകൃതിയിലോ തൂണുകളുടെ ആകൃതിയിലോ ചിലപ്പോള്‍ തീപ്പൊരികളായോ ഇത്തരത്തില്‍ പ്രകാശം ഉണ്ടാകാന്‍ സാധ്യതയുണ്ട് എന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം. ഭൂകമ്പങ്ങള്‍ ഉണ്ടാകുന്നതിന് തൊട്ടുമുന്‍പോ ഭൂകമ്പം നടക്കുന്ന സമയത്തോ അതിന് തൊട്ടടുത്ത മണിക്കൂറുകളിലോ ഒക്കെ ഇത്തരം പ്രകാശങ്ങള്‍ കാണപ്പെടാമെന്ന് യു എസ് ജിയോളജിക്കല്‍ സര്‍വേ അറിയിക്കുന്നു.
ഭൂകമ്പ പ്രവര്‍ത്തനങ്ങള്‍ വര്‍ധിക്കുന്ന സമയത്ത് മീഥെയ്ന്‍, റാഡോണ്‍ തുടങ്ങിയ ഭൂഗര്‍ഭ വാതകങ്ങള്‍ ഭൂമിയില്‍ നിന്ന് പുറത്തേക്ക് ഒഴുകുമ്പോള്‍ ഉണ്ടാകുന്ന ജ്വലനമാണ് പ്രകാശഗോളങ്ങളായി കാണപ്പെടുന്നത്. 1959 ഓഗസ്റ്റില്‍ സമ്മര്‍വില്ലെയില്‍ ഏറ്റവും കൂടുതല്‍ പ്രേത വിളക്കുകള്‍ കണ്ട റോഡില്‍ നിന്ന് നാല് കിലോമീറ്റര്‍ മാത്രം അകലെ 4.4 തീവ്രത രേഖപ്പെടുത്തിയ ഒരു ഭൂകമ്പം രേഖപ്പെടുത്തി. 1960 അവസാനത്തോടെ അതേ പ്രദേശത്ത് രണ്ട് ചെറിയ ഭൂകമ്പങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.
എന്നാല്‍ ഇവയ്ക്ക് പുറമേ പ്രകാശം പ്രത്യക്ഷപ്പെടുന്ന സമയങ്ങളില്‍ കൃത്യമായി മനസ്സിലാക്കാന്‍ സാധിക്കാത്ത തരത്തില്‍ ചെറു ഭൂകമ്പങ്ങള്‍ ഉണ്ടാകുന്നുണ്ടാവാം എന്നാണ് യുഎസ് ജിയോളജിക്കല്‍ സര്‍വേയിലെ ഭൂകമ്പ ശാസ്ത്രജ്ഞയായ സൂസന്‍ ഹഫിന്റെ നിരീക്ഷണം. കാറുകള്‍ കുലുങ്ങുന്നതും വാതിലുകള്‍ അനങ്ങുന്നതും വസ്തുക്കള്‍ ചലിക്കുന്നതും ഇത്തരം ചെറു ഭൂകമ്പങ്ങളുടെ ഫലമായാവാം. ഭൂമിയിലെ ചെറിയ മാറ്റങ്ങള്‍ പോലും പക്ഷി മൃഗാദികള്‍ക്ക് വേഗത്തില്‍ തിരിച്ചറിയാന്‍ സാധിക്കുന്നതുകൊണ്ടാണ് അവ അസ്വസ്ഥത പ്രകടിപ്പിക്കുന്നത്.
റെയില്‍വേയ്ക്ക് സമീപത്ത് വിളക്കുകള്‍ അധികമായി കാണുന്നതിന് പിന്നിലെ കാരണവും ഹഫ് വിശദീകരിക്കുന്നുണ്ട്. റെയില്‍വേ ലൈനില്‍ സ്റ്റീല്‍ റെയിലുകളും സ്‌ക്രാപ്പ് കൂമ്പാരങ്ങളും സാധാരണയായി കാണപ്പെടാറുണ്ട്. ഭൂകമ്പത്തില്‍ ഇവ ചെറുതായി ചലിക്കുമ്പോള്‍ സ്പാര്‍ക്കുകള്‍ ഉണ്ടാകുന്നതാവാം അത്. എന്നാല്‍ ഈ വിളക്കുകളുടെ ആകൃതിയും നിറവുമൊക്കെ മനസ്സിലാക്കാന്‍ കൂടുതല്‍ ആഴത്തിലുള്ള പഠനം ആവശ്യമാണ്. പ്രദേശത്തു നിന്നുള്ള വാതക ഉദ്വമനത്തിന്റെ അളവ് കൃത്യമായി മനസ്സിലാക്കേണ്ടത് ഇതിന് അനിവാര്യമാണെന്നും ഗവേഷകര്‍ പറയുന്നു.