-->
ഈ ലോകത്ത് ഏകദേശം 20 ക്വാഡ്രില്യന്‍ (200 ലക്ഷം കോടി) ഉറുമ്പുകളുണ്ടെന്നാണു ശാസ്ത്രജ്ഞരുടെ കണക്ക്. എന്നാല്‍ ഇതില്‍ ഭൂരിഭാഗവും മനുഷ്യര്‍ക്ക് ഒരു പ്രശ്നവും ഉണ്ടാക്കാത്തവയാണ്. എന്നാല്‍ ചിലതൊക്കെ നന്നായി വേദനിപ്പിക്കും. ഏതായാലും യുഎസിന്റെ തെക്കുകിഴക്കന്‍ ഭാഗത്ത് ഒരു ഉറുമ്പ് വിഭാഗം ആധിപത്യം സ്ഥാപിച്ചുവരികയാണ്. ഏഷ്യന്‍ നീഡില്‍ ആന്റ് അഥവാ ബ്രാങ്കിപ്പോനെറ ചിനെന്‍സിസ് എന്നയിനം ഉറുമ്പുകളാണ് ഇവ. ഏഷ്യയില്‍ പ്രത്യേകിച്ച് ചൈന, ജപ്പാന്‍, കൊറിയ എന്നിവിടങ്ങളാണ് ഇവയുടെ പ്രധാനകേന്ദ്രം.
ഉറുമ്പിന്റെ കടിയേല്‍ക്കുന്നവര്‍ക്ക് പെട്ടെന്ന് തീവ്രമായ അലര്‍ജി ഉണ്ടായേക്കാം. ഇതു ചിലപ്പോള്‍ മാരകമാകാനും സാധ്യതയുണ്ട്. അതിനാല്‍ തന്നെ ഈ ഉറുമ്പുകളെ സൂക്ഷിക്കണമെന്ന് യുഎസ് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 1930ലാണ് യുഎസില്‍ ആദ്യമായി ഏഷ്യന്‍ നീഡില്‍ ആന്റിനെ കാണുന്നത്. 2006ല്‍ ഇവയെ പ്രശ്നക്കാരുടെ പട്ടികയില്‍ ചേര്‍ത്തു. ഓരോ വര്‍ഷവും ഇവയുടെ എണ്ണം രാജ്യത്ത് വര്‍ധിക്കുകയായിരുന്നു. തിളക്കമുള്ള കറുപ്പ്, ബ്രൗണ്‍ നിറങ്ങളില്‍ കാണപ്പെടുന്ന ഉറുമ്പുകളാണ് നീഡില്‍ ആന്റുകള്‍.