-->
റാപ്പർ വേടന്റെ ഓരോ പാട്ടുകൾക്കും വലിയ സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിലടക്കം ലഭിക്കുന്നത്. വേടന്റെ മൂർച്ചയുള്ള വാക്കുകളും വരികളിലെ രാഷ്ട്രീയവും മലയാളികൾ ഏറ്റെടുത്തുകഴിഞ്ഞു. വലിയ ജനക്കൂട്ടമാണ് വേടന്റെ പരിപാടികളിലേക്ക് ഒഴുകിയെത്തുന്നത്.
വേടന്റെ റാപ്പ് ഷോകളുടെ വീഡിയോകളിൽ പലപ്പോഴും കലാഭവൻ മണിയെക്കുറിച്ചുള്ള കമന്റുകളും പ്രത്യക്ഷപ്പെടാറുണ്ട്. 'കലാഭവൻ മണി ഇപ്പോൾ ഉണ്ടായിരുന്നെങ്കിൽ റാപ്പ് ഷോയിൽ പാടുമായിരുന്നു' എന്ന തരത്തിലുള്ള കമന്റുകളാണ് അവയിൽ.
ഇപ്പോഴിതാ കലാഭവൻ മണി പാട്ടുപാടുന്ന ഒരു എഐ വീഡിയോയാണ് സൈബറിടത്ത് വൈറലാകുന്നത്. "Jyo John Mulloor" എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടാണ് വീഡിയോ പങ്കുവച്ചത്. വീഡിയോ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. 2.2 മില്യണിലധികം കാഴ്ചകൾ നേടിയ വീഡിയോയ്ക്ക് നിരവധി കമന്റുകളും ലഭിച്ചിട്ടുണ്ട്.
"മണിച്ചേട്ടൻ ഉണ്ടായിരുന്നേൽ സിനിമയെക്കാളുപരി പാടിതീർത്ത നാടൻ പാട്ടുകൾ കൊണ്ട് ലോകം കീഴടക്കിയേനെ" എന്നാണ് വീഡിയോയിൽ ഒരാൾ കുറിച്ചത്. "അന്നും ഇന്നും എന്നും ഓളം… മണിച്ചേട്ടൻ", "മണിച്ചേട്ടന്റെ പാട്ടിന് തുള്ളാത്തവർ ഉണ്ടാവില്ല, ഇന്നും ജനമനസ്സിൽ മണിച്ചേട്ടൻ ഉണ്ട്", "മണിച്ചേട്ടൻ ഉണ്ടായിരുന്നേൽ വേടനും മണിച്ചേട്ടനും കൂടി ഒരു പെട പെടച്ചാനെ" എന്നിങ്ങനെയാണ് വീഡിയോയിലെ കമന്റുകൾ.