Friday, March 13, 2026 Last Updated 53 Min 0 Sec ago English Edition
Todays E paper
Ads by Google
Friday 03 Oct 2025 12.04 PM

‘ആ സിനിമയില്‍ കലാഭവന്‍ മണിയുടെ നായികയാവാനില്ലെന്ന് പറഞ്ഞയാള്‍ ദിവ്യ ഉണ്ണി അല്ല; ദിവ്യയോട് ആവശ്യപ്പെട്ടിട്ടുമില്ല...’ വെളിപ്പെടുത്തി സംവിധായകന്‍ വിനയന്‍

ഒരു സിനിമയില്‍ കലാഭവന്‍ മണിയുടെ നായികയാവാനില്ലെന്ന് പറഞ്ഞ അഭിനേത്രിയാണ് ദിവ്യ ഉണ്ണിയെന്ന തരത്തിലുള്ള ആ​രോപണം വളരെക്കാലമായി വാര്‍ത്തകളില്‍ നിറയുന്നതാണ്. ഇപ്പോഴിതാ ആ നായിക ദിവ്യ ഉണ്ണിയല്ലെന്ന് പറയുകയാണ് സംവിധായകന്‍ വിനയന്‍.
Divya Unni, Kalabhavan mani, kalyanasaugandhikam movie, vinayan director
Director Vinayan about divya unni and kalabhavan mani issue (Image Source: Facebook)

ഒരുകാലത്ത് മലയാള സിനിമയില്‍ നിറഞ്ഞു നിന്നിരുന്ന നായികയാണ് ദിവ്യ ഉണ്ണി. ബാലതാരമായി വെള്ളിത്തിരയിലെത്തിയ താരം നായികയായ ആദ്യ ചിത്രം ദിലീപ് നായകനായ കല്യാണസൗഗന്ധികമാണ്. അതിനു ശേഷം ഒരുപാട് മികച്ച കഥാപാത്രങ്ങളിലൂടെ നല്ല സിനിമകളുടെ ഭാഗമായിട്ടുണ്ട് താരം. വിവാഹത്തോടെ സിനിമ ഉപേക്ഷിച്ച താരം കുടുംബിനിയായും നര്‍ത്തകിയായുമൊക്കെ ജീവിതം ആസ്വദിക്കുകയാണ്.
സിനിമയില്‍ താരം സജീവമല്ലതായിട്ട് വര്‍ഷങ്ങളായെങ്കിലും ദിവ്യ ഉണ്ണിയെ വിടാതെ പിന്തുടരുന്ന ചില ആരോപണങ്ങളുണ്ട്. അന്തരിച്ച നടന്‍ കലാഭവന്‍ മണിയുമായി ബന്ധപ്പെട്ടുള്ളതാണത്. ദിവ്യ ഉണ്ണി നായികയായി അരങ്ങേറ്റം കുറിച്ച ‘കല്യാണസൗഗന്ധിക’ത്തിലെ ഗാനരംഗത്തില്‍ കലാഭവന്‍ മണിക്കൊപ്പമുള്ള പ്രണയരംഗം ഉള്ളതിനാല്‍ അതില്‍ അഭിനയിക്കില്ലെന്ന് ദിവ്യ ഉണ്ണി പറഞ്ഞുവെന്നതാണ് ആരോപണം.
മറ്റൊന്ന് വാസന്തിയും ലക്ഷ്മിയും ഞാനും എന്ന ചിത്രത്തില്‍ കലാഭവന്‍ മണിയുടെ നായികയാവാന്‍ താനില്ലെന്ന നിലപാട് എടുത്തുവെന്നുള്ളതാണ്. ഈയടുത്തും സോഷ്യല്‍ മീഡിയയിലൂടെ ഈ ആരോപണങ്ങളില്‍ ദിവ്യ ഉണ്ണിയുടെ പേര് വിമര്‍ശിക്കപ്പെടാറുണ്ട്.
ഇപ്പോഴിതാ ഇക്കാര്യത്തില്‍ വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് രണ്ട് ചിത്രങ്ങളുടെയും സംവിധായകനായ വിനയന്‍. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തില്‍ കലാഭവന്‍ മണിയുടെ നായികയാവാനില്ലെന്ന് പറഞ്ഞയാള്‍ ദിവ്യ ഉണ്ണി അല്ലെന്നാണ് വിനയന്‍ കുറിക്കുന്നത്. കല്യാണ സൗഗന്ധികത്തെക്കുറിച്ച്‌ ഒരു പോസ്റ്റ് വിനയന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചപ്പോള്‍ ഒരു ആരാധകന്‍ സംശയം ഉന്നയിച്ചു. അതിനാണ് വിനയന്‍ മറുപടി നല്‍കിയിരിക്കുന്നത്.
കലാഭവൻ മണിയുടെ നായിക ആകാൻ ഇല്ലന്ന് ഒരു നടി പറഞ്ഞന്ന് വിനയൻ സാർ പറഞ്ഞത് ഈ സിനിമയെ പറ്റി അല്ലേ എന്നായിരുന്നു ചോദ്യം. അതിനായിരുന്നു വിനയന്‍ മറുപടി കമന്റ് നല്‍കിയത്.
‘‘അത് ഈ സിനിമ അല്ല. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന സിനിമയിലാണ് പ്രശസ്തയായ ഒരു നടി അങ്ങനെ പറഞ്ഞത്. ആ നായിക നടിയുടെ പേര് ഞാനിതുവരെ വെളിപ്പെടുത്തിയിട്ടുമില്ല. കല്യാണ സൗഗന്ധികത്തില്‍ മണിയുമായി ലൗ സീനുള്ള ഒരു പാട്ടാണ് എടുക്കാൻ പോകുന്നതെന്നു അസിസ്റ്റന്‍റ് ഡയറക്ടർ പറഞ്ഞപ്പോള്‍ ‘ഏയ് മണിച്ചേട്ടന്റെ കൂടെ ഞാനില്ല, എന്റെ ഹീറോ ദിലീപ് ചേട്ടനാണ്’ എന്ന് ദിവ്യ പറഞ്ഞതിനെ പറ്റി മണി ഒരു ഇന്‍റര്‍വ്യൂവില്‍ തമാശ രൂപേണ അവതരിപ്പിച്ചിരുന്നു. അത് ശരിയുമായിരുന്നു. ദീലീപിന്റെ നായിക ആകാൻ ആദ്യമായി സിനിമയിലേക്കു വന്ന ഒരു പതിനാലുകാരിയുടെ സ്വപ്നം നിറഞ്ഞ ആകാംഷയായി മാത്രമേ ഞാനതിനെ കണ്ടുള്ളു. പുതുമുഖം ആയതുകൊണ്ടു തന്നെ സൗമ്യതയോടെ ഞാൻ കാര്യം പറഞ്ഞു മനസിലാക്കിയപ്പോള്‍ ദിവ്യ അതു ചെയ്യുകയും ചെയ്തു.
കലാഭവൻ മണി കല്യാണ സൗഗന്ധികത്തില്‍ ഉണ്ടായ കാര്യം പറഞ്ഞതും, വാസന്തിയും ലക്ഷ്മിയും എന്ന സിനിമയിലേക്കു നായികയെ അന്വഷിച്ചപ്പോള്‍ എനിക്കുണ്ടായ അനുഭവം പറഞ്ഞതും കൂട്ടിച്ചേർത്ത് ചിലരെഴുതിയപ്പോള്‍ ദിവ്യയിലേക്ക് ആ ആരോപണം മുഴുവൻ വന്നു. വാസന്തിയില്‍ അഭിനയിക്കാൻ ബുദ്ധിമുട്ടു പറഞ്ഞ നടി ഒരിക്കലും ദിവ്യ ഉണ്ണി അല്ല. ദിവ്യയോട് ആവശ്യപ്പെട്ടിട്ടുമില്ല. ചാലക്കുടിക്കാരൻ ചങ്ങാതി എന്ന സിനിമയില്‍ മണിയെ നിരാകരിച്ച നടിയുടെ വിഷയം ഞാൻ സൂചിപ്പിച്ചിട്ടുണ്ട്. ഇപ്പോഴും പലരും പറയുന്ന ഒരു കാര്യത്തിന്റെ സത്യം എല്ലാവരും അറിയുവാൻ വേണ്ടിയാണ് ഇത്രയും എഴുതിയത്...’’ എന്നാണ് വിനയന്‍ മറുപടിയായി കുറിച്ചിരിക്കുന്നത്. ഇതിന്റെ താഴെയായി ‘ദിവ്യ ഉണ്ണിയുടെ പേര് ഒരുപാട് തവണ വിമര്‍ശനങ്ങളില്‍ നിറഞ്ഞിട്ടുണ്ടുവെന്നും, ക്ലാരിറ്റി നല്‍കിയതിന് നന്ദി’യെന്നുമാണ് പലരും കമന്റായി കുറിച്ചിട്ടുണ്ട്

കല്യാണസൗഗന്ധികം എന്ന സിനിമ റിലീസ് ചെയ്തിട്ട് 29 വര്‍ഷമായി എന്ന സന്തോഷമാണ് സംവിധായകന്‍ വിനയന്‍ ​ഫെയ്സ്ബുക്കില്‍ പങ്കുവച്ചത്.
‘‘1996 ഒക്ടോബറിലാണ് കല്യാണസൌഗന്ധികം തീയറ്ററുകളിൽ എത്തിയത്...ഞാൻ സംവിധാനം ചെയ്ത കോമഡി ഫിലിമുകളിൽ എനിക്ക് ഏറെ ഇഷ്ടപ്പെട്ടത്...സല്ലാപത്തിനു ശേഷം ദിലീപ് സോളോ ഹീറോ ആകുന്ന ആദ്യ ചിത്രം...ഒൻപതാം ക്ലാസ്സുകാരിയായ ദിവ്യ ഉണ്ണി ആദ്യമായി നായികയായ ചിത്രം...അന്തരിച്ച കാസിം വെങ്ങോല ആയിരുന്നു നിർമ്മാതാവ്. പള്ളാശ്ശേരി തിരക്കഥ എഴുതി,സെൻട്രൽ പിക്ചേഴ്സ് ഡിസ്ട്രിബൂട്ട് ചെയ്തു...ഒരു കൊച്ചു സിനിമ എന്ന രീതിയിൽ റിലീസു ചെയ്ത സിനിമ വലിയ ഹിറ്റായി മാറി...’’ എന്നായിരുന്നു വിനയന്റെ പോസ്റ്റ്. ഇതിനു താഴെയാണ് ‘കലാഭവൻ മണിയുടെ നായിക ആകാൻ ഇല്ലന്നു ഒരു നടി പറഞ്ഞന്ന് വിനയൻസാർ പറഞ്ഞത് ഈ സിനിമയെ പറ്റി അല്ലേ?..’ എന്നൊരാള്‍ കമന്റ് ചെയ്തത്. അതിനുള്ള മറുപടിയായിട്ടാണ് വിനയന്‍, ദിവ്യ ഉണ്ണിയല്ല ആ നായികയെന്ന വെളിപ്പെടുത്തല്‍ നടത്തിയത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW