-->
ന്യൂഡല്‍ഹി: ഇന്ത്യ - പാകിസ്താന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഐപിഎല്‍ മത്സരങ്ങള്‍ അനിശ്ചിതകാലത്തേയ്ക്ക് നിര്‍ത്തിവെച്ചു. ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍, ബിസിസിഐയോ ഐപിഎല്‍ ഭരണസമിതിയോ ഇക്കാര്യത്തില്‍ ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഈ നിർണായക ഘട്ടത്തിൽ, ബിസിസിഐ രാജ്യത്തോടൊപ്പം ഉറച്ചുനിൽക്കുന്നു. സര്‍ക്കാരിനോടും സായുധ സേനകളോടും, നമ്മുടെ രാജ്യത്തെ ജനങ്ങളോടും ഞങ്ങൾ ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നു. ഓപ്പറേഷൻ സിന്ദൂറിനു കീഴിൽ രാജ്യത്തെ സംരക്ഷിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്ന വീരോചിതമായ ശ്രമങ്ങൾ തുടരുന്ന നമ്മുടെ സായുധ സേനയുടെ ധീരതയ്ക്കും, ധൈര്യത്തിനും, നിസ്വാർത്ഥ സേവനത്തിനും ബിസിസിഐ അഭിവാദ്യം അർപ്പിക്കുന്നു.
ഐപിഎല്‍ പ്ലേ ഓഫിന് മുമ്പ് ഇനി 12 മത്സരങ്ങള്‍ കൂടി പൂര്‍ത്തിയാക്കാനുണ്ട്. ഇതിനിടെയാണ് ബിസിസിഐ നിര്‍ണായക തീരുമാനമെടുത്തത്. ഐപിഎല്ലില്‍ ഇന്ന് ലക്നൗ സൂപ്പര്‍ ജയന്‍റ്സ്-റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു മത്സരം നടക്കേണ്ടതായിരുന്നു.പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ ഓപറേഷന്‍ സിന്ദൂര്‍ എന്ന പേരില്‍ നടത്തിയ സൈനിക നടപടിക്ക് ശേഷം അതിര്‍ത്തിയില്‍ ഇന്നലെ രാത്രി നടന്ന ഇന്ത്യ-പാക് സംഘർഷം ക്രിക്കറ്റ് ലോകത്തെയും പിടിച്ചുകുലുക്കിയിരുന്നു.
ഐപിഎല്ലില്‍ ഇന്നലെ ഹിമാചല്‍പ്രദേശിലെ ധരംശാലയില്‍ ഇന്നലെ രാത്രി നടന്ന പഞ്ചാബ് കിംഗ്സ്-ഡല്‍ഹി ക്യാപ്റ്റല്‍സ് മത്സരം അതിര്‍ത്തിയിലെ സംഘര്‍ഷത്തെത്തുടര്‍ന്ന് പൂര്‍ത്തിയാക്കാനാവാതെ ഉപേക്ഷിക്കേണ്ടിവന്നിരുന്നു. ഡൽഹിക്കെതിരെ പഞ്ചാബ് ബാറ്റിംഗ് തുടരവെയായിരുന്നു മാച്ച് ഒഫീഷ്യൽസിന് അതിർത്തി ജില്ലകളിലെ പാക് ആക്രമണത്തിന്‍റെ അറിയിപ്പ് ലഭിച്ചത്. പിന്നാലെ ഗ്രൗണ്ടിലെ ഫ്ലഡ് ലൈറ്റുകൾ ഓഫാക്കുകയും മത്സരം ഉടൻ നിർത്തിവക്കുകയുമായിരുന്നു.