-->
ഷോപ്പിംഗ് എന്നതിന്റെ രീതി തന്നെ മാറിമാറി വരുന്ന ഒരു കാലഘട്ടത്തിലാണ് ഇന്നത്തെ തലമുറ ജീവിക്കുന്നത്. തിരക്കിനിടയില്‍ പുറത്തിറങ്ങി പോയി ഷോപ്പിംഗ് നടത്താനുള്ള സമയമില്ലാത്തതു കൊണ്ട് ഓണ്‍ലൈന്‍ ഷോപ്പിംഗ് പ്ലാറ്റ്ഫോമുകളെയാണ് കൂടുതല്‍ പേരും ആശ്രയിക്കുന്നത്. എന്തിനും ഏതിനും ആശ്രയിക്കുന്നവരുടെ എണ്ണം വർധിച്ചുവരുന്നുണ്ട്. വലിയൊരു വിപ്ലവമാണ് ഓണ്‍ലൈന്‍ ഷോപ്പിംഗ് ലോകത്തുണ്ടായിരിക്കുന്നത്.
ഓര്‍ഡര്‍ ചെയ്യുന്ന സാധനം വീട്ടുപടിക്കല്‍ നിമിഷനേരം കൊണ്ട് എത്തുന്നതു കൊണ്ടും സെലക്ഷനുകളുടെ ഒരു വലിയ ലോകം വിരല്‍ത്തുമ്പില്‍ ഒതുങ്ങുന്നതു കൊണ്ടുമാണ് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ ഇത്രയധികം ശ്രദ്ധ നേടുന്നത്. മുതിര്‍ന്നവര്‍ മുതല്‍ അത്യാവശ്യം ഫോണ്‍ ഉപയോഗിക്കാനറിയാവുന്ന കൊച്ചു കുട്ടികള്‍ വരെ ഈ ഓണ്‍ലൈന്‍ ലോകം ഉപയോഗിക്കുന്നുണ്ട്.
ഇപ്പോഴിതാ അത്തരത്തില്‍ കൊച്ചു കുട്ടികള്‍ക്ക് പോലും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ സുപരിചിതമാണെന്ന് തെളിയിക്കുന്ന ഒരു രസകരമായ പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഒരമ്മ തന്റെ ഒൻപത് വയസ്സുള്ള മകന്റെ ഹോംവർക്ക് സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടതോടെയാണ് രസകരമായ ഈ സംഭവം ശ്രദ്ധിക്കപ്പെട്ടത്.
പഴം, പച്ചക്കറി, മത്സ്യം, പാല്‍ എന്നിങ്ങനെ ഒരു വീട്ടിലേക്ക് ആവശ്യമുള്ള ഓരോ സാധനങ്ങളും ഏത് കടയില്‍ നിന്നാണ് വാങ്ങുന്നത് എന്നായിരുന്നു 9 വയസ്സുകാരന്‍ ദക്ഷിന് തന്റെ ഹോംവര്‍ക്ക് ഷീറ്റില്‍ എഴുതേണ്ടിയിരുന്നത്. തന്റെ വ്യക്തിപരമായ അനുഭവത്തില്‍ അവൻ എഴുതിയ ഉത്തരങ്ങളാണ് രസകരം. ഉത്തരങ്ങളായി പരമ്പരാഗത കടകളുടെ പേര് നല്‍കുന്നതിന് പകരം പച്ചക്കറികളും പഞ്ചസാരയും മുതല്‍ അരിയും പാലും വരെ മിക്കവാറും എല്ലാ ഇനങ്ങള്‍ക്കും അവൻ നല്‍കിയ ഉത്തരം ‘ബ്ലിങ്കിറ്റ്’ എന്ന് മാത്രമായിരുന്നു. മാംസം വാങ്ങിക്കുന്നതിന് നല്‍കിയ ഉത്തരം ആകട്ടെ ‘ലൈഷ്യസ്’ എന്നും.
അമ്മയുടെ കുറിപ്പ് വൈറലായതോടെ സംഗതി ബ്ലിങ്കിറ്റിന്റെ ശ്രദ്ധയിലും പെട്ടു. അവർ ആ കുറിപ്പ് അഭിമാനത്തോടെ പങ്കുവയ്ക്കുകയും ചെയ്തു. ഇത് കണ്ട് തങ്ങളുടെ ഉടമയുടെ കണ്ണുകള്‍ സന്തോഷത്താല്‍ നിറഞ്ഞുവെന്നായിരുന്നു കുറിപ്പ് പങ്കുവച്ച് കൊണ്ട് ബ്ലിങ്കറ്റ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. ‘ലൈഷ്യസും’ തങ്ങളുടെ സന്തോഷം പ്രകടിപ്പിച്ച് കൊണ്ട് പോസ്റ്റിന് താഴെ കുറിപ്പെഴുതിയിട്ടുണ്ട്. നിരവധി പേരാണ് ഈ പോസ്റ്റിന് കമന്റുകള്‍ നല്‍കിയിരിക്കുന്നത്.