Friday, March 13, 2026 Last Updated 17 Min 59 Sec ago English Edition
Todays E paper
Ads by Google
Thursday 08 May 2025 12.01 PM

വ്യോമാതിര്‍ത്തി പൂര്‍ണമായി അടച്ച് പാകിസ്താന്‍ ; ആക്രമണ നീക്കത്തിനോ?

uploads/news/2025/05/779914/oparation-sindoor.jpg

ന്യൂഡല്‍ഹി: പാക് അധീന കശ്മീരിലും പാകിസ്താനകത്തും ഇന്ത്യന്‍ സായുധസേന നടത്തിയ മിസൈല്‍ ആക്രമണത്തിനു പിന്നാലെ വ്യോമാതിര്‍ത്തി പൂര്‍ണമായും അടച്ച് പാകിസ്താന്‍. ഇതുവരെ ഇന്ത്യന്‍ വിമാനക്കമ്പനികളുടെ ഉടമസ്ഥതയിലുള്ളതോ, പാട്ടത്തിനെടുത്തതോ, പ്രവര്‍ത്തിപ്പിക്കുന്നതോ ആയ വിമാനങ്ങള്‍ക്കേ പാകിസ്താന്‍ വ്യോമാതിര്‍ത്തി അടച്ചിരുന്നുള്ളൂ. എന്നാല്‍ ഇന്ത്യയുടെ കൃത്യമായ ആക്രമണങ്ങള്‍ക്കു പിന്നാലെ, ഇസ്ലാമാബാദും റാവല്‍പിണ്ടിയും (പാക് കരസേനാ ആസ്ഥാനം) സ്വന്തം സിവിലിയന്‍ വിമാനങ്ങള്‍ ഉള്‍പ്പെടെ എല്ലാ രാജ്യങ്ങള്‍ക്കും വ്യോമാതിര്‍ത്തി പൂര്‍ണമായും അടച്ചു. അവശ്യ വിമാനങ്ങള്‍ക്കു മാത്രമേ അനുമതി നല്‍കുന്നുള്ളൂ എന്നാണ് റിപ്പോര്‍ട്ട്.

വരുന്ന 48 മണിക്കൂര്‍ നേരത്തേക്ക് പാകിസ്താന്‍ നിരോധിത മേഖലയാണെന്നു പാക് വ്യോമയാന അതോറിറ്റി പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു. മുന്‍കരുതല്‍ നടപടിയായി പാകിസ്താന്‍ ഈ നീക്കത്തെ വിശേഷിപ്പിച്ചിട്ടുണ്ടെങ്കിലും തിരിച്ചടിക്കുമെന്ന ഉറച്ചനിലപാടുണ്ട്. പാക് സൈനിക മേധാവി അസിം മുനീര്‍ നടത്തിയ പ്രകോപനപരവും വര്‍ഗീയവുമായ പ്രസംഗത്തിനു ദിവസങ്ങള്‍ക്കു ശേഷമാണ് 26 സാധാരണക്കാര്‍ കൊല്ലപ്പെട്ട പഹല്‍ഗാം ഭീകരാക്രമണം നടന്നത്. അതിനാല്‍, ഇപ്പോള്‍ പാകിസ്താന്റെ ഭാഗത്തുനിന്നുള്ള ഏതൊരു ആക്രമണവും പ്രതികാര നടപടിയായല്ല, സംഘര്‍ഷം രൂക്ഷമാക്കുന്ന ഒന്നായി മാത്രമേ കാണാനാകൂ എന്ന് സൈനിക വിദഗ്ധര്‍ പറയുന്നു.

അതേസമയം, പാകിസ്താന്റെ പ്രതികരണം എന്തായിരിക്കണമെന്നു ചര്‍ച്ചചെയ്യാന്‍ പാക് പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ് ദേശീയ സുരക്ഷാ കൗണ്‍സില്‍ യോഗം ചേര്‍ന്നു. പാകിസ്താനുമായി അതിര്‍ത്തി പങ്കിടുന്ന പടിഞ്ഞാറന്‍ മേഖലയിലുള്ള നിരവധി വിമാനത്താവളങ്ങളിലെ സിവിലിയന്‍ വിമാന സര്‍വീസുകള്‍ ഇന്ത്യയും നിയന്ത്രിച്ചിട്ടുണ്ട്. പാകിസ്താന്‍ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കിയാല്‍, കരുതിക്കൂട്ടി തിരിച്ചടിക്കുമെന്ന് ന്യൂഡല്‍ഹി ലോകത്തോടു വ്യക്തമാക്കുകയും ചെയ്തു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW