Monday, March 16, 2026 Last Updated 21 Min 21 Sec ago English Edition
Todays E paper
Ads by Google
Wednesday 07 May 2025 05.03 PM

ഡെലിവറി പാർട്നർ അപകടത്തിലെന്നു ആദ്യ ട്വിസ്റ്റ്‌; ഭക്ഷണം കൊണ്ടുവന്നപ്പോൾ ക്യു ആർ കോഡ് സ്കാനിലൂടെ പണം തരണമെന്ന് അടുത്ത ട്വിസ്റ്റ്‌ ; ഓൺലൈൻ ഫുഡ്‌ ആപ്പിന്റെ തട്ടിപ്പിൽ നിന്ന് രക്ഷപ്പെട്ട് യുവതി

uploads/news/2025/05/779761/1000454507.jpg
Scam from swiggy shares by a women (Image Source: Instagram)

ഇന്നത്തെ തലമുറ ഓൺലൈൻ ഫുഡ്‌ ഡെലിവറി ആപ്പുകളെ ഒരുപാട് ആശ്രയിക്കാറുണ്ട്. തിരക്കിട്ട ജീവിതത്തിനിടയിൽ ചിലപ്പോഴൊക്കെ ആഹാരം പാകം ചെയ്യൽ ബുദ്ധിമുട്ടാകും. അപ്പോഴൊക്കെ ഫുഡ്‌ ആപ്പുകൾ ഒരുപാട് സഹായകമാകാറുണ്ട്.
എന്നാൽ ചില ആപ്പുകളിൽ നിന്നും തട്ടിപ്പും ഉണ്ടാകാറുണ്ട്. സ്വിഗ്ഗി, സൊമാറ്റോ പോലുള്ള പ്ലാറ്റ്‌ഫോമുകളിലടക്കം ഈ തട്ടിപ്പുകൾ സംഭവിക്കാറുണ്ട്. ഓർഡർ ചെയ്ത ഭക്ഷണം കാൻസലായതിനൊപ്പം തട്ടിപ്പിനുകൂടി ഇരയാകേണ്ടി വരുന്നവരും കുറവല്ല.
ഇപ്പോഴിതാ പിസ്സ ഓർഡർ ചെയ്തപ്പോൾ തട്ടിപ്പിന്റെ വക്കിലെത്തിയ ദുരനുഭവം പങ്കുവെച്ചിരിക്കുകയാണ് കണ്ടന്റ് ക്രിയേറ്ററായ ത്വിഷ ടുളി.
ഓർഡർ ചെയ്ത് 20 മിനിറ്റിനുള്ളില്‍ ത്വിഷയുടെ ഫോണിലേക്ക് വന്ന കോളോടെയാണ് തട്ടിപ്പിന്റെ തുടക്കം. ഓർഡർ ചെയ്ത് ഭക്ഷണം എത്തിക്കേണ്ട ഡെലിവറി പാർട്നർ അപകടത്തില്‍പ്പെട്ടുവെന്നും റസ്റ്ററന്റില്‍ നിന്ന് നേരിട്ട് ഭക്ഷണമെത്തിക്കുമെന്നുമായിരുന്നു ഇവരെ തേടിയെത്തിയ സന്ദേശം.
ഇതില്‍ പന്തികേട് തോന്നിയ യുവതി റസ്റ്ററന്റിലേക്ക് വിളിച്ചു. നേരിട്ടുള്ള സേവനങ്ങള്‍ നടത്തുന്നില്ലെന്നും സ്വിഗ്ഗി, സൊമാറ്റോ പോലുള്ള ഫുഡ് ഡെലിവറി ആപ്പുകള്‍ വഴി മാത്രമാണ് ഭക്ഷണമെത്തിക്കുന്നതെന്നുമായിരുന്നു റസ്റ്ററന്റില്‍ നിന്നുള്ള മറുപടി.
തുടർന്ന് സ്വിഗ്ഗിയിലേക്ക് നേരിട്ട് ബന്ധപ്പെട്ടു. ഓർഡർ കാൻസലായാല്‍ പണം തിരികെ അക്കൗണ്ടിലെത്തുമെന്ന് സ്വിഗ്ഗിയില്‍ നിന്ന് അറിയിച്ചു. തുടർന്ന് തുക റീഫണ്ട് ആയി..
എന്നാല്‍ യുവതിയെ തേടി വീണ്ടും മറ്റൊരു കോളെത്തി. ഓർഡർ ചെയ്ത ഭക്ഷണവുമായി വീടിന്റെ മുന്നിലെത്തിയ യുവാവ്, ഭക്ഷണം ലഭിക്കാനായി കയ്യില്‍ കരുതിയിരുന്ന ക്യു ആർ കോഡ് സ്കാൻ ചെയ്ത് പണമടയ്ക്കണമെന്ന് അറിയിച്ചു.
ഓർഡർ ചെയ്ത ഭക്ഷണമാണെങ്കില്‍ സ്വിഗ്ഗി വഴിതന്നെ പണമടയ്ക്കാമെന്ന് യുവതി പറഞ്ഞെങ്കിലും ക്യു ആർ കോഡ് വഴി പണമടക്കാനാണ് റസ്റ്ററന്റ് മാനേജർ പറഞ്ഞതെന്നും യുവാവ് പറഞ്ഞു. തങ്ങള്‍ ഇത്തരത്തില്‍ നേരിട്ടുള്ള ഡെലിവറി ചെയ്യുന്നില്ലെന്നായിരുന്നു റസ്റ്ററന്റ് മാനേജറിനെ ബന്ധപ്പെട്ടപ്പോള്‍ യുവതിക്ക് കിട്ടിയ മറുപടി. ഇത്തരത്തിലുള്ള തട്ടിപ്പുകള്‍ നിരവധി നടക്കുന്നുണ്ടെന്നും റസ്റ്ററന്റ് മാനേജർ വ്യക്തമാക്കിയെന്നും വീഡിയോയിൽ പറയുന്നു.
"ഫുഡ് ഡെലിവറി ആപ്പുകളെ അടച്ചാക്ഷേപിക്കുകയല്ലെന്നും ഇത്തരത്തിലുള്ള ആപ്പുകളിലെ ചില പിഴവുകളേക്കുറിച്ച്‌ ഉപഭോക്താക്കളെ ബോധവാൻമാരാക്കാനാണ് താൻ പങ്കുവെക്കുന്നത്..." എന്നാണ് വീഡിയോയില്‍ പങ്കിട്ട് ത്വിഷ ടുളി പറഞ്ഞത്.

പറ്റിക്കപ്പെടുന്നതിനോടൊപ്പം ഇത്തരത്തില്‍ വിളമ്പുന്ന ഭക്ഷണത്തിന്റെ സുരക്ഷയെ പറ്റിയുള്ള ആശങ്കകളും ത്വിഷ വീഡിയോയില്‍ പങ്കുവെക്കുന്നു.
ഇത് അസാധാരണമായ സംഭവമാണെന്നും ഓർഡർ ഐഡി പങ്കുവെക്കുകയാണെങ്കില്‍ എന്തണ് സംഭവിച്ചതെന്ന് പരിശോധിക്കാൻ കഴിയുമെന്നും സ്വിഗ്ഗി ഇന്ത്യയുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടില്‍ പ്രതികരിച്ചിട്ടുണ്ട്. ഓർഡർ കാൻസല്‍ ആയാല്‍ ഡെലിവറി പാർട്നറിന് ഉപഭോക്താവിനെ ബന്ധപ്പെടാൻ സാധിക്കാതിരിക്കാനുള്ള മാറ്റങ്ങള്‍ ആപ്പില്‍ വരുത്തണമെന്നാണ് ചിലർ കമന്റുകൾ നൽകിയത്.

Ads by Google
Wednesday 07 May 2025 05.03 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW