Thursday, March 12, 2026 Last Updated 51 Min 43 Sec ago English Edition
Todays E paper
Ads by Google
Wednesday 07 May 2025 02.21 PM

‘‘സ്വന്തം കാര്യം മാത്രം നോക്കി, ഭീഷണിയുടെ സ്വരം മുഴക്കുന്നവരുണ്ട്; അവരോട് ഒന്നേ പറയാനുള്ളൂ, നല്ല ഹൃദയത്തിന്റെ ഉടമയാകുക...’’ നിവിന്‍ പോളിയുടെ വാക്കുകള്‍ ലിസ്റ്റിനോടോ ?

നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ ഇക്കഴിഞ്ഞ ദിവസം പരാമര്‍ശിച്ച നടന്‍ നിവിന്‍ പോളിയാണെന്ന് പലരും വിലയിരുത്തിയിരുന്നു. ഇപ്പോഴിതാ ഈ വിവാദത്തിനെതിരെ പരോക്ഷമായി പ്രതികരിക്കുകയാണ് നിവിന്‍ പോളി.
Listin Stephen, Nivin Pauly
Nivin Pauly about recent controversy (Image Source: Youtube)

മലയാള സിനിമാപ്രേക്ഷകരുടെ മനസ്സില്‍ ഒരു സമയത്ത് തരംഗം സൃഷ്ടിച്ച നായകനാണ് നിവിന്‍ പോളി. താരത്തിന്റെ പ്രണയവും സെന്റിമെന്റ്സും ആക്ഷനും ഡയ​ലോഗ് ഡെലിവറിയുമൊക്കെ കുറച്ചു നാളുകള്‍ക്ക് മുമ്പു വരെ ഒരു ട്രെന്‍ഡ്സെറ്ററായിരുന്നു. മലര്‍വാടി ആര്‍ട്സ് ക്ലബ്ബിലൂടെ അഭിനയരംഗത്ത് എത്തിയ താരം ‘പ്രേമം’ എന്ന ഒരൊറ്റ സിനിമയിലൂടെ തന്നെ തരംഗമായി. ആദ്യ ചിത്രങ്ങളിൽ താരത്തിന്റെ പ്രകടനം പ്രശംസനീയമായപ്പോൾ ഏറ്റവും മികച്ച യുവതാരമായി താരം വളരെപ്പെട്ടെന്ന് മാറി.
കരിയറില്‍ വലിയൊരു പീക്ക് ടൈമുണ്ടായിരുന്ന താരത്തിന് വളരെ എളുപ്പമാണ് തിരിച്ചടികള്‍ ഉണ്ടായത്. താരത്തിന്റെ ചിത്രങ്ങള്‍ വമ്പന്‍ പരാജയങ്ങള്‍ ഏറ്റു വാങ്ങാന്‍ തുടങ്ങി. കുറച്ചു നാളുകളായി ശരീര വണ്ണത്തിന്റെ പേരിലും വലിയ രീതിയിൽ താരം ട്രോളുകള്‍ ഏറ്റുവാങ്ങി. അതിനു ശേഷം ചില വിവാദങ്ങളിലും താരം പെട്ടു പോയി. സിനിമയിൽ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചെന്ന പരാതിയാണ് താരത്തിന്റെ പേരില്‍ കേട്ടത്. അതില്‍ നിന്ന് താരം മോചിതനായി. എന്നാല്‍ ഇക്കഴിഞ്ഞ ദിവസം സിനിമയിലെ ഒരു പ്രമുഖ നടന്‍ വലിയൊരു തെറ്റിന് തിരി കൊളുത്തിയിട്ടുണ്ട് എന്ന് പ്രമുഖ നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ പറഞ്ഞു. അത് നിവിന്‍ പോളിയാണെന്ന് ആരാധകര്‍ ഉറപ്പിച്ചു.
ഇപ്പോഴിതാ നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്റെ പ്രസ്താവനയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ നിലനില്‍ക്കുമ്പോള്‍ പരോക്ഷമായി അതിനെതിരെ പ്രതികരിക്കുകയാണ് നിവിന്‍ പോളി.
സ്വന്തം കാര്യം മാത്രം നോക്കുന്ന, ഭീഷണിയുടെ സ്വരം മുഴക്കുന്നവരെ ജീവിതത്തില്‍ നാം കണ്ടുമുട്ടാറുണ്ടെന്ന് നിവിന്‍ പോളി. എല്ലാവര്‍ക്കും പരസ്പരം സ്നേഹത്തിലും സമാധാനത്തിലും നല്ല ഹൃദയമുള്ള ആളുകളായി ജീവിക്കാന്‍ പറ്റിയാല്‍ വളരെ നല്ല കാര്യമാണെന്നും താരം പറഞ്ഞു.
‘‘ഞാന്‍ ഇങ്ങോട്ട് വന്നപ്പോള്‍ കണ്ടത് നല്ല ഹൃദയം ഉണ്ടാവട്ടെ എന്ന ഹോര്‍ഡിംഗ്സ് ആണ്. എനിക്ക് എല്ലാവരോടും പറയാനുള്ളത് അതാണ്. നമുക്ക് എല്ലാവര്‍ക്കും പരസ്പരം സ്നേഹത്തിലും സമാധാനത്തിലും നല്ല ഹൃദയമുള്ള ആളുകളായി ജീവിക്കാന്‍ പറ്റിയാല്‍ വളരെ നല്ല കാര്യമാണ്. അങ്ങനെയുള്ള ഒരുപാട് പേരെ നമ്മുടെ ജീവിതത്തില്‍ കാണാറുണ്ട്. അങ്ങനെ അല്ലാത്തവരെയും നമ്മള്‍ ജീവിതത്തില്‍ അഭിമുഖീകരിക്കേണ്ടി വരാറുണ്ട്. സ്വന്തം കാര്യം മാത്രം നോക്കുന്ന, അല്ലെങ്കില്‍ ഭീഷണിയുടെ സ്വരം മുഴക്കുന്ന ആളുകളെയും നമ്മള്‍ മുന്നില്‍ കാണുന്നുണ്ട്. പക്ഷേ അവരോടെല്ലാം എനിക്ക് ഒറ്റ കാര്യമേ പറയാനുള്ളൂ. നല്ല ഹൃദയത്തിന്റെ, നല്ല മനസിന്റെ ഉടമയാവുക. പരസ്പരം സ്നേഹത്തിലും സന്തോഷത്തിലും മുന്നോട്ട് പോവാനായി നമുക്കെല്ലാവര്‍ക്കും സാധിക്കും. കഴിഞ്ഞ വര്‍ഷം എനിക്ക് ഒരു ഇഷ്യൂ ഉണ്ടായപ്പോള്‍ ഏറ്റവും കൂടുതല്‍ ഒപ്പം നിന്നത് പ്രേക്ഷകരാണ്...’’ നിവിന്‍ പോളി പറഞ്ഞു. കൊട്ടാരക്കര പടിഞ്ഞാറ്റിൻകര ശ്രീമഹാദേവർ ക്ഷേത്രോത്സവ വേദിയില്‍ സംസാരിക്കുകയായിരുന്നു നിവിന്‍ പോളി. കൊട്ടാരക്കര ക്ഷേത്രോത്സവ വേദിയിലെ പരിപാടിയില്‍ നിവിന്‍ പോളിക്കൊപ്പം മഞ്ജു വാര്യരും പങ്കെടുത്തിരുന്നു.

പേര് വെളിപ്പെടുത്താതെയാണ് നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ മലയാള സിനിമയിലെ ഒരു നടനെതിരെ എന്ന തരത്തില്‍ ആരോപണങ്ങള്‍ ഉയര്‍ത്തിയത്. ഇത് നിവിന്‍ പോളിയെ ലക്ഷ്യമാക്കിയുള്ളതാണെന്ന് വിലയിരുത്തലുകളും പിന്നാലെ എത്തി. വിവാദത്തിന് പിന്നാലെ താന്‍ ആരുടെയും പേര് പറഞ്ഞിട്ടില്ലെന്നത് ചൂണ്ടിക്കാട്ടി ലിസ്റ്റിന്‍ വീണ്ടും രംഗത്തെത്തി. അതുകൊണ്ട് തന്നെ നിവിന്‍ പോളിയുടെ ഈ വാക്കുകള്‍ വിവാദത്തിലുള്ള പ്രതികരണമാണെന്ന തരത്തിലാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.
മലയാള സിനിമയിലെ പ്രമുഖ നടൻ വലിയ തെറ്റിന് തിരി കൊളുത്തിയിട്ടുണ്ടെന്നായിരുന്നു ലിസ്റ്റിന്റെ ആദ്യ ആരോപണം. താനീ പറയുന്നത് ആ താരത്തിന് മനസിലാകുമെന്ന് പറഞ്ഞ ലിസ്റ്റിൻ സ്റ്റീഫൻ ആ തെറ്റ് വലിയ പ്രശ്നങ്ങള്‍ക്ക് വഴിവെക്കുമെന്നും പറഞ്ഞിരുന്നു.
പിന്നാലെ ലിസ്റ്റിനെതിരെ ആരോപണവുമായി നിര്‍മ്മാതാവ് സാന്ദ്ര തോമസ് രംഗത്തെത്തിയിരുന്നു. മലയാള സിനിമ ലിസ്റ്റിന്റെ കയ്യിലാകണമെന്ന് കള്ളപ്പണ ലോബിക്ക് താല്പര്യമുണ്ട് എന്നതായിരുന്നു സാന്ദ്ര ഉയര്‍ത്തിയ ആരോപണങ്ങളുടെ ഉള്ളടക്കം. എന്നാല്‍ താന്‍ ഒരു താരത്തിന്റെയും പേര് പറഞ്ഞിട്ടില്ലെന്നും തനിക്കെതിരെ നടക്കുന്നത് സമാനതകളില്ലാത്ത സൈബർ ആക്രമണമാണെന്നുമായിരുന്നു ലിസ്റ്റിന്‍ സ്റ്റീഫ​ന്റെ പിന്നീടുള്ള പ്രതികരണം.

Ads by Google
Wednesday 07 May 2025 02.21 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW