-->
കേപ് ടൗൺ: ദക്ഷിണാഫ്രിക്കയിൽ ഈവർഷം വേട്ടയാടി കൊന്നത് നൂറിലധികം കാണ്ടാമൃഗങ്ങളെ. ജനുവരി ഒന്ന് മുതൽ മാർച്ച് 31 വരെയുള്ള കണക്കാണിത്. ദക്ഷിണാഫ്രിക്കയിലെ പരിസ്ഥിതി വകുപ്പ് മന്ത്രിയായ ഡിയോൺ ജോർജ്ജാണ് ഇതുസംബന്ധിച്ച് കണക്കുകൾ പുറത്തുവിട്ടത്.
കണക്കുകൾ പ്രകാരം 2025-ന്റെ ആദ്യത്തെ മൂന്ന് മാസത്തിനുള്ളിൽ 103 കാണ്ടാമൃഗങ്ങളെ വേട്ടക്കാർ കൊന്നൊടുക്കി. ഇതിൽ കൂടുതലും നടന്നത് ദേശീയോദ്യാനങ്ങളിലാണ്. 65 കാണ്ടാമൃഗങ്ങൾ ദേശീയോദ്യാനങ്ങളിൽ വേട്ടയാടി കൊല്ലപ്പെട്ടു. രാജ്യത്തിന്റെ വന്യജീവി സമ്പത്തിനാകെ ഭീഷണിയാണ് ഈ വേട്ടയാടലുകളെന്നും ദക്ഷിണാഫ്രിക്കൻ പരിസ്ഥിതി മന്ത്രി പ്രതികരിച്ചു.
ലോകത്തിൽവെച്ച് ഏറ്റവുമധികം കാണ്ടാമൃഗങ്ങളുള്ള രാജ്യങ്ങളിലൊന്ന് കൂടിയാണ് ദക്ഷിണാഫ്രിക്ക. 16,000-നും 18,000-നുമിടയിൽ കാണ്ടാമൃഗങ്ങളാണ് രാജ്യത്തുള്ളത്. കാണ്ടാമൃഗങ്ങളുടെ ഉപജാതികളായ ബ്ലാക്ക് റൈനോയെയും വൈറ്റ് റൈനോയെയും ദക്ഷിണാഫ്രിക്കയിൽ കാണാനാകും. ഇതിൽത്തന്നെ ബ്ലാക്ക് റൈനോകൾ ഗുരുതര വംശനാശഭീഷണി നേരിടുന്ന കാണ്ടാമൃഗ വിഭാഗമാണ്. 6,400 ബ്ലാക്ക് റൈനോകൾ മാത്രമാണ് ലോകത്താകെ ശേഷിക്കുന്നത്. ഇതിൽതന്നെ 2,000 ബ്ലാക്ക് റൈനോകളുള്ളത് ദക്ഷിണാഫ്രിക്കയിലാണ്.