-->
കാലം മാറിയതോടെ കുടുംബ സങ്കല്‍പ്പങ്ങളിലും മാറ്റങ്ങള്‍ വന്നുതുടങ്ങി. വിദേശ സംസ്‌കാരത്തിന്റെ സ്വാധീനം മൂലം നാം ഇന്ന് കൂട്ടുകുടുംബത്തില്‍ നിന്നും അണുകുടുംബങ്ങളിലേക്ക് നമ്മള്‍ വിഘടിക്കപ്പെട്ടു കഴിഞ്ഞു. എന്നാല്‍, ഇന്ന് ലോകമെങ്ങുമുള്ള അണുകുടുംബ സങ്കല്പത്തിനും തിരിച്ചടി നേരിടുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. വാരാന്ത്യ വിവാഹങ്ങളിലേക്കും സൌഹദവിവാഹങ്ങളിലേക്കും പുതുതലമുറ ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നു തുടങ്ങി. ഇതിനിടെയാണ് യുഎസില്‍ നിന്നും മറ്റൊരു കുടുംബ കഥ വൈറലായത്. സാധാരണ ജീവിതത്തെ വെല്ലുവിളിച്ച് കൊണ്ടുള്ള ഒരു കുടുംബ കഥ.
ട്രൂലി എന്ന യൂട്യൂബ് ചാനലിലൂടെയാണ് ഈ അസാധാരണ കുടുംബകഥ വൈറലായത്. കാലിഫോര്‍ണിയയില്‍ നിന്നുള്ള 25 വയസുള്ള മേഗന്‍ മേയര്‍ എന്ന സ്ത്രീയാണ് വാര്‍ത്തയിലെ നായിക. ഇവര്‍ വാര്‍ത്താപ്രാധാന്യം നേടിയതാകട്ടെ തന്റെ അസാധാരണമായ കുടുംബത്തിലൂടെയും. മോഗന്‍ ഇന്ന് ജീവിക്കുന്നത് തന്റെ ഭര്‍ത്താവിനോടും മുന്‍ ഭര്‍ത്താവിനോടുമൊപ്പമാണ്. ഒപ്പം രണ്ട് കുട്ടികളുമുണ്ട് ഇവരുടെ കൂടെ. അതെ രണ്ട് കുട്ടികളും രണ്ട് ഭര്‍ത്താക്കമാര്‍ക്കുമൊപ്പമാണ് മോഗന്‍ ജീവിതം എന്ന് തന്നെയാണ് പറഞ്ഞ് വന്നത്. ഭാര്യ - ഭര്‍ത്തൃ ബന്ധങ്ങള്‍ തകര്‍ച്ചയുടെ വക്കിലെത്തി നില്‍ക്കുന്ന കാലത്ത് രണ്ട് ഭര്‍ത്താക്കന്മാര്‍ക്കൊപ്പം ഒരു വീട്ടില്‍ കഴിയുന്ന മോഗന്‍ ജീവിതം ഓണ്‍ലൈനില്‍ വലിയ പ്രശംസയും അഭിനന്ദനവുമാണ് നേടുന്നതെന്ന് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
2020 -ല്‍ പോലീസ് ഉദ്യോഗസ്ഥനായ ടൈലറെ മേഗന്‍ ആദ്യമായി വിവാഹം കഴിച്ചു. ഇരുവര്‍ക്കും ഒരു മകള്‍ ജനിച്ചു. എന്നാല്‍ അവരുടെ 2023 -ല്‍ ആ ബന്ധം വിവാഹ മോചനത്തില്‍ അവസാനിച്ചു. നിയമപരമായി വേര്‍പിരിഞ്ഞെങ്കിലും മകളുടെ ക്ഷേമത്തിനായി ഇരുവരും തങ്ങളുടെ ബന്ധം നിലനിര്‍ത്തി. വിവാഹ മോചനത്തിന് പിന്നാലെ, മേഗന്‍ കാലിഫോര്‍ണിയയിലെ സ്വന്തം നാട്ടിലേക്ക് മടങ്ങി. അവിടെ വച്ച് തന്റെ പഴയ കാമുകന്‍ മൈക്കിളുമായി മോഗന്‍ വീണ്ടും അടുക്കുകയും മേഗന്‍ വീണ്ടും ഗര്‍ഭിണിയാകുകയും ചെയ്തു. ഇതിന് പിന്നാലെയാണ് മേഗനും മൈക്കിളും വിവാഹിതരാകുന്നത്.
ഇതേസമയം അമ്മയുടെ അസാന്നിധ്യം തന്റെ മകള്‍ക്ക് ഉണ്ടാകരുതെന്ന് കരുതിയ ടൈലര്‍, മേഗന്റെ വീടിന് സമീപത്ത് മറ്റൊരു വീട് വാങ്ങി അങ്ങോട്ട് താമസം മാറാന്‍ തീരുമാനിച്ചു. എന്നാല്‍ ഉയര്‍ന്ന ജീവിത ചിലവ് അദ്ദേഹത്തെ ഈ തീരുമാനത്തില്‍ നിന്നും പിന്നോട്ട് വലിച്ചു. ടൈലറുടെ നീക്കമറിഞ്ഞ മേഗന്റെ രണ്ടാം ഭര്‍ത്താവായ മൈക്കിള്‍, ഒരു നിര്‍ദ്ദേശം മുന്നോട്ട് വച്ചു. മേഗനും തനിക്കും ഒപ്പം ടൈലറിനും മകള്‍ക്കും താമസിക്കാം. ഇതിന് പിന്നാലെ മേഗന്‍, ടൈലറിനോട് തന്റെ ഭര്‍ത്താവിന്റെ ആശയം പങ്കുവച്ചു. 'ആദ്യം എനിക്ക് അത് വലിയ ബുദ്ധിമുട്ടായിരുന്നു. പക്ഷേ, പിന്നീട് ഞങ്ങള്‍ അതിനോട് പൊരുത്തപ്പെട്ടു.' ടൈലര്‍, തന്റെ അഭിമുഖത്തില്‍ പറഞ്ഞു.
ഇന്ന് മേഗനും ഭര്‍ത്താവും മുന്‍ഭര്‍ത്താവും രണ്ട് കുട്ടികളുമായി അഞ്ച് പേരടങ്ങിയ കുടുംബം സമാധാനപരമായി വീട് മുന്നോട്ട് കൊണ്ട് പോകുന്നെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ടൈലറും മൈക്കിളും സഹോദര തുല്യമാണെന്നാണ് മേഗന്‍ അഭിപ്രായപ്പെടുന്നത്. ഇരുവര്‍ക്കുമിടയില്‍ ചൂടേറിയ വാക്ക് തര്‍ക്കങ്ങളോ അസൂയ നിറഞ്ഞ മത്സരങ്ങളോ ഇല്ലെന്നും മേഗന്‍ അവകാശപ്പെടുന്നു. അതേസമയം മേഗന്റെ കഥ സമൂഹ മാധ്യമ ഉപയോക്താക്കളെ രണ്ട് തട്ടിലാക്കി. ചിലര്‍ മേഗന്റെ തീരുമാനത്തെ അംഗീകരിച്ചപ്പോള്‍, മറ്റ് ചില യാഥാസ്ഥിതികര്‍ എതിര്‍പ്പുമായി രംഗത്തെത്തി.