-->
ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യന്‍ സൈന്യ പാക് അധീന കശ്മീരിലെ തീവ്രവാദകേന്ദ്രങ്ങളില്‍ ആക്രമണം നടത്തി. പുലര്‍ച്ചെ 1.44 ന് നടത്തിയ ആക്രമണത്തില്‍ കരസേനയും നാവികസേനയും വ്യോമസേനയും ഉള്‍പ്പെടുന്ന ചരിത്രപരമായ ത്രിസേനാ ഓപ്പറേഷനായിരുന്നു നടത്തിയത്. 'ഓപ്പറേഷന്‍ സിന്ദൂരം' എന്ന് പേരിട്ടിരിക്കുന്ന പ്രിസിഷന്‍ സ്ട്രൈക്കുകളില്‍ ഒമ്പത് സൈറ്റുകള്‍ ലക്ഷ്യമിട്ടു.
ഭീകരാക്രമണങ്ങള്‍ ആസൂത്രണം ചെയ്യുകയും നയിക്കുകയും ചെയ്യുന്ന പാക്കിസ്ഥാനിലെയും പിഒകെയിലെയും താവളങ്ങളിലായിരുന്നു ആക്രമണം. ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കേന്ദ്രീകൃതവും അളന്നതും വര്‍ധിപ്പിക്കാത്തതുമായ സ്വഭാവമാണ് പുലര്‍ത്തിയിരിക്കുന്നതെന്നും പാകിസ്ഥാന്‍ സൈനിക സൗകര്യങ്ങളൊന്നും ലക്ഷ്യമാക്കിയിട്ടില്ലെന്നും സൈന്യം വ്യക്തമാക്കി. പഹല്‍ഗാം ആക്രമണത്തോടുള്ള ഇന്ത്യയുടെ പ്രതികരണത്തിന്റെ ഒന്നാം ഘട്ടത്തിന്റെ ഭാഗമായാണ് നടപടിയെന്നും വ്യക്തമാക്കിയിട്ടുണ്ട്. നിയന്ത്രണ രേഖയിലെ ഇന്ത്യന്‍ ഗ്രാമങ്ങളില്‍ അതിര്‍ത്തി കടന്നുള്ള വെടിവയ്പ്പും പീരങ്കി ഷെല്ലാക്രമണവും പാകിസ്ഥാന്‍ നടത്തുകയും മൂന്ന് സാധാരണക്കാര്‍ കൊല്ലപ്പെടുകയും ചെയ്തു.
കോട്ലി, മുരിഡ്കെ, ബഹവല്‍പൂര്‍, ചക് അമ്രു, ഭീംബര്‍, ഗുല്‍പൂര്‍, സിയാല്‍കോട്ട് എന്നിവിടങ്ങളിലും മുസാഫറാബാദിലെ രണ്ട് സൈറ്റുകളിലും ഇന്ത്യ ആക്രമണം നടത്തിയതായി പാകിസ്ഥാന്‍ ഡിജി ഐഎസ്പിആര്‍, ലഫ്റ്റനന്റ് ജനറല്‍ അഹമ്മദ് ഷെരീഫ് ചൗധരി പറഞ്ഞു. സിയാല്‍കോട്ട്, ബഹവല്‍പൂര്‍, ചക് അമ്രു, മുരിദ്‌കെ എന്നിവ അന്താരാഷ്ട്ര അതിര്‍ത്തിക്കപ്പുറത്തും ബാക്കിയുള്ളവ പിഒകെയിലെ നിയന്ത്രണരേഖയ്ക്ക് അപ്പുറത്തുമാണ്. ഹാഫിസ് സയീദ് നടത്തുന്ന ഭീകര സംഘടനയായ ലഷ്‌കര്‍-ഇ-തൊയ്ബയുടെ ആസ്ഥാനമാണ് മുരിഡ്കെ, മസൂദ് അസ്ഹറിന്റെ നേതൃത്വത്തിലുള്ള ജെയ്ഷെ മുഹമ്മദിന്റെ താവളമാണ് പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ബഹല്‍വാപൂര്‍.
ഇന്ത്യ അടിച്ചേല്‍പ്പിക്കുന്ന ഈ യുദ്ധത്തിനെതിരെ ശക്തമായി പ്രതികരിക്കാന്‍ പാകിസ്ഥാന് എല്ലാ അവകാശമുണ്ടെന്നും ശക്തമായ പ്രതികരണമാണ് നല്‍കുന്നതെന്നും പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പറഞ്ഞു. 'ഓപ്പറേഷന്‍ സിന്ദൂര' സമയത്ത് ഇന്ത്യ ലക്ഷ്യമിട്ട സൈറ്റുകളുടെ പേര് പരാമര്‍ശിച്ചില്ല. ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ പാക്കിസ്ഥാന്‍ ഭീകരര്‍ വിനോദസഞ്ചാര കേന്ദ്രത്തില്‍ 26 സാധാരണക്കാരെ വെടിവെച്ചുകൊന്ന ക്രൂരമായ ഭീകരാക്രമണത്തിന് ഏകദേശം രണ്ടാഴ്ചയ്ക്ക് ശേഷമാണ് ആക്രമണം.