-->
അന്യപുരുഷന്മാര്‍ക്കൊപ്പം കിടക്ക പങ്കിട്ട് വരുമാനം കണ്ടെത്തുന്ന സ്ത്രീകളെക്കുറിച്ച് കേള്‍ക്കുന്നത് തന്നെ പലര്‍ക്കും അസ്വസ്ഥതയാണ്. ഇതൊക്കെ മേച്ഛകരമാണെന്നും ഇവര്‍ക്ക് പണിയെടുത്തു ജീവിച്ചൂടെ എന്നുമാണ് പലരും കരുതുന്നത്. എന്നാല്‍ അത്തരത്തിലൊരു സ്ത്രീയാണ് ഇപ്പോള്‍ ഏറെ ശ്രദ്ധ നേടുന്നത്. എന്നാല്‍ കാര്യങ്ങള്‍ വിശദമായി മനസ്സിലാക്കിയ ശേഷം അടുത്ത കമന്റ് പറയാന്‍ വാ തുറന്നാല്‍ മതി. ഈ കിടക്ക പങ്കിടല്‍ നിങ്ങളുദ്ദേശിക്കുന്ന രീതിയിലുള്ളതല്ല. കിടക്ക വാടകയ്ക്കു കൊടുക്കുക എന്ന സദുദ്ദേശ്യപരമായ അര്‍ഥം മാത്രമേ അതിനുള്ളൂ.
കിടക്ക വാടകയ്ക്കു കൊടുക്കുന്ന പരിപാടിയുടെ പേരാണ് 'ഹോട്ട് ബെഡിങ്'. കാനഡ സ്വദേശിയായ 37 വയസ്സുകാരി മോണിക് ജെറമിയ എന്ന യുവതി 'ഹോട്ട് ബെഡിങ് പരിപാടിയിലൂടെ 50,000 രൂപയോളം സമ്പാദിച്ചുവെന്ന വാര്‍ത്ത പുറത്തുവന്നതോടെയാണ് ഹോഡ്‌ബെഡിങ് എന്ന വാക്ക് വെര്‍ച്വല്‍ ലോകത്തെ ട്രെന്‍ഡിങ് ലിസ്റ്റിലിടം പിടിച്ചത്. ജീവിതച്ചെലവ് റോക്കറ്റ് പോലെ കുതിച്ചുയരുമ്പോള്‍ ഇതുപോലെയുള്ള പുതിയ വരുമാന സ്രോതസ്സ് കണ്ടെത്താന്‍ ആളുകള്‍ തീര്‍ച്ചയായും ശ്രമിക്കുമെന്നും രണ്ട് കിടക്കകളുള്ള ഒരു മുറി പങ്കിടുന്നതു പോലെ ലളിതമാണ് ഹോട്ട് ബെഡിങ്ങെന്നും യുവതി പറയുന്നു.
രാജ്യത്ത് കുടിയേറ്റക്കാരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്നതും ജീവിതച്ചെലവുയരുന്നതും പരിമിതമായ താമസ സൗകര്യങ്ങളുമെല്ലാം ഹോട്ട് ബെഡിങ് രീതിയുടെ ഉത്ഭവത്തിനു കാരണമായിട്ടുണ്ടെന്നും വ്യത്യസ്ത ഷിഫ്റ്റുകളില്‍ ജോലി ചെയ്യുന്ന ആളുകള്‍ ഒരേ കിടക്ക വാടകയ്ക്കുപയോഗിക്കുന്നത് വളരെ സാധാരണമാണെന്നുമാണ് യുവതിയുടെ വിശദീകരണം. സൈനിക ബാരക്കുകള്‍, കപ്പലുകള്‍,വ്യാവസായിക നഗരങ്ങള്‍ എന്നിങ്ങനെയുള്ള തിരക്കേറിയ ചുറ്റുപാടുകളിലാണ് ഹോട്ട് ബെഡിങ്ങിന്റെ ഉത്ഭവം. വ്യത്യസ്ത ഷിഫ്റ്റുകളുള്ള തൊഴിലാളികള്‍ സ്ഥലവും പണവും ലാഭിക്കാന്‍ വ്യത്യസ്ത സമയങ്ങളില്‍ ഒരേ കിടക്ക ഉപയോഗിക്കുന്ന രീതി വളരെപ്പെട്ടന്ന് ജനപ്രിയമായി.
കിടക്കയുടെ ഒരു വശം പ്രതിമാസം 32000 രൂപയ്ക്ക് വാടകയ്ക്ക് നല്‍കിക്കൊണ്ടാണ് കനേഡിയന്‍ സ്വദേശിയും ക്വീന്‍സ്ലാന്‍ഡില്‍ സംരംഭകയുമായി ജോലി ചെയ്യുന്ന യുവതി സാമ്പത്തിക നില ഭദ്രമാക്കുന്നത്.കോവിഡ് സമയത്ത് ജോലിനഷ്ടപ്പെട്ട ശേഷമാണ് ഹോട്ട് ബെഡിങ് രീതി പരീക്ഷിക്കാന്‍ തീരുമാനിച്ചത്.