Sunday, March 15, 2026 Last Updated 25 Min 34 Sec ago English Edition
Todays E paper
Ads by Google
Tuesday 06 May 2025 09.08 AM

മാതാപിതാക്കളായാല്‍ ഇങ്ങനെ വേണം: മകന്‍ പത്താംക്ലാസില്‍ തോറ്റു, കേക്ക് മുറിച്ച് ആഘോഷകരമാക്കി കുടുംബം

family, party, son, fail, sslc, exam

ഒരു വിദ്യാര്‍ത്ഥിയെ സംബന്ധിച്ച് പരീക്ഷയില്‍ ജയിക്കുന്നതോ തോല്‍ക്കുന്നതോ ആണ് ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വഴിത്തിരിവ് എന്ന് വിശ്വസിക്കുന്നവരാണ് പലരും. അതുകൊണ്ട് തന്നെ കുട്ടികളെ പരമാവധി മാര്‍ക്ക് വാങ്ങാന്‍ നിര്‍ബന്ധിക്കുന്ന അനേകം മാതാപിതാക്കള്‍ നമുക്ക് ചുറ്റുമുണ്ട്. മാര്‍ക്ക് കുറഞ്ഞാല്‍ അവരെ മാനസികമായി തളര്‍ത്തുന്ന പെരുമാറ്റമാവും മിക്കവരുടേയും മാതാപിതാക്കള്‍ കാണിക്കുക. എന്നാല്‍, അതിനിടയില്‍ വേറിട്ട ഒരു കാഴ്ചയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ പിടിച്ചുപറ്റുന്നത്.

കര്‍ണാടകയിലെ ബാഗല്‍കോട്ടിലുള്ള ബസവേശ്വര്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അഭിഷേക് ചോളചഗുഡ്ഡ. അടുത്തിടെയാണ് അവന്റെ എസ് എസ് എല്‍ സി ബോര്‍ഡ് പരീക്ഷയുടെ ഫലം വന്നത്. അതില്‍ ആറ് വിഷയങ്ങളിലും അവന്‍ പരാജയപ്പെടുകയും ചെയ്തു. 625 -ല്‍ 200 മാര്‍ക്ക്, അതായത് 32 ശതമാനം മാത്രമാണ് അവന്‍ നേടിയത്. ഇത്തരം ഒരു അവസ്ഥയില്‍ മിക്കവാറും മാതാപിതാക്കളും ആകെ പരിഭ്രാന്തരാവും, നിരാശരാവും, ദേഷ്യപ്പെടും. എന്നാല്‍, അഭിഷേകിന്റെ മാതാപിതാക്കള്‍ ഇതൊന്നും ചെയ്തില്ല. പകരം ഇതും ആഘോഷിക്കാനാണ് അവന്റെ കുടുംബം തീരുമാനിച്ചത്. അവര്‍ അതിനായി ഒരു കേക്ക് വരെ തയ്യാറാക്കി. അതില്‍ 32 % എന്നും എഴുതിയിരുന്നു.

വൈറലായ വീഡിയോയില്‍, അഭിഷേക് തന്റെ കുടുംബത്തോടൊപ്പം കേക്ക് മുറിക്കുന്നതും മധുരപലഹാരങ്ങള്‍ പങ്ക് വയ്ക്കുന്നതും കാണാം. അതേസമയം അവന്റെ മാതാപിതാക്കളും സഹോദരിയും മുത്തശ്ശിയും മറ്റ് ബന്ധുക്കളും എല്ലാം അവനെ പ്രോത്സാഹിപ്പിച്ചു കൊണ്ട് അവന് ചുറ്റും നില്‍ക്കുന്നതും വീഡിയോയില്‍ കാണാം. അഭിഷേകിന്റെ അച്ഛനായ യല്ലപ്പ ചോളച്ചഗുഡ്ഡ ഒരു പ്രൊഫഷണല്‍ ഫോട്ടോഗ്രാഫറാണ്. അദ്ദേഹം പിടിഐയോട് പറഞ്ഞത്, 'അഭിഷേക് ഈ പരീക്ഷയില്‍ 32 % വാങ്ങി. ഈ നമ്പറാണ് കേക്കില്‍ ഡിസൈന്‍ ചെയ്തത്. അഭിഷേക് കേക്ക് മുറിച്ചപ്പോള്‍, ഞങ്ങളുടെ കുടുംബത്തിലെ എല്ലാവരും അവന് മധുരം നല്‍കി. അടുത്ത തവണ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ അവനെ ഞങ്ങള്‍ എല്ലാവരും പ്രോത്സാഹിപ്പിക്കുകയും ചെയ്തു' എന്നാണ്.

അതേസമയം പരാജയപ്പെട്ടതിന്റെ ഗൗരവത്തെ കുറിച്ച് അറിയാമെന്നും അദ്ദേഹം പറയുന്നു. അവന്‍ കഷ്ടപ്പെട്ട് പഠിച്ചിരുന്നു. പക്ഷേ, അത് വേണ്ടത്ര മാര്‍ക്കില്‍ പ്രതിഫലിച്ചില്ല. ഈ ആഘോഷം അടുത്ത തവണ നല്ല മാര്‍ക്ക് വാങ്ങാനുള്ള ആത്മവിശ്വാസം അവന് നല്‍കുമെന്നാണ് അദ്ദേഹം പറയുന്നത്. അടുത്ത തവണ താന്‍ മികച്ച മാര്‍ക്കോടെ വിജയിക്കുമെന്ന് അഭിഷേകും പറയുന്നു.

Ads by Google
Tuesday 06 May 2025 09.08 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW