-->
ജപ്പാനിലെ മൗണ്ട് ഫുജിയെ അനുകരിക്കാന്‍ ചൈന മലനിരകള്‍ക്ക് വെള്ള പൂശിയ ചൈനയുടെ ശ്രമം ഒടുവില്‍ പാളിപ്പോയി. പണം വാങ്ങി കബളിപ്പിച്ചതായി വിനോദസഞ്ചാരികളില്‍ നിന്നും രൂക്ഷവിമര്‍ശനവും പരാതിയും ഉയര്‍ന്നതോടെ വെള്ളപൂശലിനെതിരെ ദേശീയതലത്തില്‍ തന്നെ പരിഹാസം ഉയര്‍ന്നതായാണ് സൗത്ത് ചൈന മോര്‍ണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
വടക്കന്‍ ചൈനയിലെ ഒരു തീം പാര്‍ക്കിലെ മലയിലാണ് ജപ്പാന്റെ ഐക്കണിക് മൗണ്ട് ഫുജിയെ അനുകരിച്ചുകൊണ്ട് ചൈന വെള്ള പെയിന്റ് അടിച്ചത്. ഹെബെയ് പ്രവിശ്യയില്‍ സ്ഥിതി ചെയ്യുന്ന യൂണിവേഴ്സ് ഫാന്റസി ലാന്‍ഡ് എന്ന തീം പാര്‍ക്കിനെതിരെയാണ് ഇപ്പോള്‍ വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്. മനുഷ്യനിര്‍മ്മിതമായ ഒരു മല, മനോഹരമായ തടാകം, പച്ചപ്പു നിറഞ്ഞ മേച്ചില്‍പ്പുറങ്ങള്‍, മരം കൊണ്ടു നിര്‍മ്മിച്ച ഒരു ക്യാബിന്‍ എന്നിവയെല്ലാം ഉള്ള ഒരു ഫാന്റസി-തീം പാര്‍ക്കായാണ് ഇത് രൂപകല്പന ചെയ്തിരിക്കുന്നത്. ബെയ്ജിംഗില്‍ നിന്നുള്ള നഗരവാസികളെ ലക്ഷ്യമിട്ടാണ് ഈ പാര്‍ക്ക് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്.
ഏതായാലും സംഗതി സന്ദര്‍ശകരെ ആകര്‍ഷിക്കുന്നതിനു പകരം സന്ദര്‍ശകരില്‍ നിന്നും വലിയ വിമര്‍ശനങ്ങള്‍ ഉയരുന്നതിനാണ് ഇടയാക്കിയത്. സ്ഥലം സന്ദര്‍ശിച്ചു കഴിഞ്ഞപ്പോള്‍ നിരാശ തോന്നി എന്നും സന്ദര്‍ശകരെ പരിഹസിക്കുന്നതിന് തുല്യമാണ് ഇതെന്നുമായിരുന്നു പൊതുവില്‍ ഉയര്‍ന്നുവന്ന അഭിപ്രായം. മൗണ്ട് ഫുജിയുമായി ഇതിന് യാതൊരു ബന്ധവുമില്ലന്നും സന്ദര്‍ശകര്‍ അഭിപ്രായപ്പെട്ടു.
ഇവിടം സന്ദര്‍ശിക്കുന്നതിനായി ഒരു വ്യക്തിയില്‍ നിന്നും ഈടാക്കുന്നത് 98 യുവാന്‍ ആയിരുന്നു. അതായത് ഇന്ത്യന്‍ രൂപയില്‍ 1130 -ല്‍ കൂടുതല്‍. ഇവിടെ ഒരു ദിവസം ക്യാമ്പ് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ 48 യുവാന്‍ അധിക ഫീസായി നല്‍കുകയും വേണം. ഫോട്ടോയെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ഇവിടെ ഒരു വെള്ള നിറത്തിലുള്ള കുതിരയെയും ഒരുക്കിയിട്ടുണ്ട്. എല്ലാദിവസവും ഒരു മണിക്കൂര്‍ മാത്രമാണ് ഈ വെള്ള കുതിരയെ ലഭ്യമാകുക. അതുകൊണ്ടുതന്നെ എല്ലാ സന്ദര്‍ശകര്‍ക്കും ഫോട്ടോ എടുക്കുകയും പ്രായോഗികമല്ല. ഈ കുതിരയ്ക്ക് ഒപ്പം നിന്ന് ഫോട്ടോ എടുക്കുന്നതിനും പണം നല്‍കണം.
യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടം നേടിയ സ്ഥലവും ജപ്പാനിലെ ഏറ്റവും മനോഹരമായ പ്രകൃതിദത്ത ലാന്‍ഡ്മാര്‍ക്കുകളില്‍ ഒന്നുമാണ് മൗണ്ട് ഫുജി. തെളിഞ്ഞ കാലാവസ്ഥയില്‍ രാജ്യത്തെ പകുതിയോളം പ്രിഫെക്ചറുകളില്‍ നിന്നും മൗണ്ട് ഫുജി വ്യക്തമായി കാണാന്‍ കഴിയും. ഏതായാലും മൗണ്ട് ഫുജിയെ അനുകരിക്കാനുള്ള ചൈനയുടെ ശ്രമം പാളിപ്പോയതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.