Friday, March 13, 2026 Last Updated 14 Min 4 Sec ago English Edition
Todays E paper
Ads by Google
Thursday 01 May 2025 06.09 PM

വിനോദ വ്യവസായത്തിനായി ഇന്ത്യയെ ഒരുക്കുന്നു;വേവ്സ് 2025 ഉച്ചകോടിക്ക് പ്രധാനമന്ത്രി സമാരംഭം കുറിച്ചു

prime minister

ന്യൂഡല്‍ഹി: ഇന്ത്യയിലെ പ്രഥമ ലോക ശ്രവ്യ-ദൃശ്യ വിനോദ ഉച്ചകോടിയായ വേവ്‌സ് 2025 പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് മുംബൈയില്‍ ഉദ്ഘാടനം ചെയ്തു. വേവ്‌സ് എന്നതു വെറും ചുരുക്കപ്പേരല്ല; മറിച്ച് സംസ്‌കാരം, സര്‍ഗാത്മകത, സാര്‍വത്രിക വിനിമയക്ഷമത എന്നിവയെ പ്രതിനിധാനം ചെയ്യുന്ന തരംഗമാണെന്ന് അദ്ദേഹം പറഞ്ഞു. സിനിമകള്‍, സംഗീതം, ഗെയിമിങ്, അനിമേഷന്‍, കഥാകഥനം എന്നിവയുടെ വിപുലമായ ലോകത്തെയാണ് ഉച്ചകോടി പ്രദര്‍ശിപ്പിക്കുന്നത്.കലാകാര്‍ക്കും സ്രഷ്ടാക്കള്‍ക്കും ഒത്തുചേരാനും സഹകരിക്കാനുമുള്ള ആഗോള വേദി ഇതു വാഗ്ദാനം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. ചരിത്രപ്രധാനമായ ഈ വേളയില്‍ പങ്കെടുത്ത ഏവരെയും പ്രധാനമന്ത്രി അഭിനന്ദിക്കുകയും ഇന്ത്യയില്‍നിന്നും വിദേശത്തുനിന്നുമുള്ള വിശിഷ്ടാതിഥികള്‍ക്ക് ഊഷ്മളമായ സ്വാഗതം ആശംസിക്കുകയും ചെയ്തു.
ഇന്ത്യയുടെ സാംസ്‌കാരിക സത്തയെ ലോകത്തിന്റെ എല്ലാ കോണുകളിലേക്കും വിജയകരമായി എത്തിക്കാന്‍ ഇന്ത്യന്‍ സിനിമയ്ക്കായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. റഷ്യയില്‍ രാജ് കപൂറിനുള്ള ജനപ്രീതി, കാനില്‍ സത്യജിത് റേക്കു ലഭിച്ച ആഗോള അംഗീകാരം, ആര്‍.ആര്‍.ആറിന്റെ ഓസ്‌കര്‍ നേട്ടം എന്നിവ ഉയര്‍ത്തിക്കാട്ടിയ അദ്ദേഹം, ഇന്ത്യന്‍ ചലച്ചിത്ര പ്രവര്‍ത്തകര്‍ ആഗോള ആഖ്യാനങ്ങള്‍ എങ്ങനെ രൂപപ്പെടുത്തുന്നു എന്നു വ്യക്തമാക്കി. ഗുരു ദത്തിന്റെ ചലച്ചിത്രകാവ്യം, ഋത്വിക് ഘട്ടക്കിന്റെ സാമൂഹിക പ്രതിഫലനങ്ങള്‍, എ ആര്‍ റഹ്‌മാന്റെ സംഗീതപ്രതിഭ, എസ് എസ് രാജമൗലിയുടെ ഇതിഹാസ കഥകഥനം എന്നിവയും അദ്ദേഹം പരാമര്‍ശിച്ചു. ഈ കലാകാരന്മാര്‍ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിനു ജനങ്ങളില്‍ ഇന്ത്യന്‍ സംസ്‌കാരത്തെ ജീവസുറ്റതാക്കിയെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ സിനിമാ ഇതിഹാസങ്ങളെ തപാല്‍ സ്റ്റാമ്പുകള്‍ വഴി ആദരിക്കുകയും ഈ മേഖലയ്ക്ക് അവര്‍ നല്‍കിയ സംഭാവനകള്‍ക്കു ആദരമര്‍പ്പിക്കുകയും ചെയ്തതായി ശ്രീ മോദി അഭിപ്രായപ്പെട്ടു.

ഇന്ത്യയുടെ സര്‍ഗാത്മക പ്രതിഭയുടെയും ആഗോള സഹകരണത്തിന്റെയും പ്രാധാന്യത്തിന് ഊന്നല്‍ നല്‍കിയ പ്രധാനമന്ത്രി, വര്‍ഷങ്ങളായി ഗെയിമിങ്, സംഗീതം, ചലച്ചിത്രനിര്‍മാണം, അഭിനയം എന്നീ മേഖലകളിലെ പ്രൊഫഷണലുകളുമായി ഇടപഴകിയിട്ടുണ്ടെന്നും സര്‍ഗാത്മക വ്യവസായങ്ങളെക്കുറിച്ചുള്ള ധാരണ വര്‍ധിപ്പിക്കുന്ന ആശയങ്ങളും ഉള്‍ക്കാഴ്ചകളും ചര്‍ച്ച ചെയ്തുവെന്നും അഭിപ്രായപ്പെട്ടു. വേവ്‌സ് ഉച്ചകോടിയുടെ ആദ്യ പതിപ്പിന്റെ ഉജ്വല വിജയത്തെ ശ്രീ മോദി പ്രശംസിച്ചു. ആദ്യ നിമിഷംമുതല്‍ ഈ പരിപാടി ആഗോള ശ്രദ്ധ പിടിച്ചുപറ്റിയെന്നും ലക്ഷ്യബോധത്തോടെയാണിതു മുന്നോട്ടുപോകുന്നത് എന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയില്‍ ഓറഞ്ച് സമ്പദ്‌വ്യവസ്ഥയുടെ ഉദയത്തിന്റെ സമയമാണിത് - ഉള്ളടക്കം, സര്‍ഗാത്മകത, സംസ്‌കാരം എന്നിവയാണ് ഓറഞ്ച് സമ്പദ്‌വ്യവസ്ഥയുടെ മൂന്ന് തൂണുകള്‍., ഇന്ത്യന്‍ സിനിമകള്‍ ഇപ്പോള്‍ 100-ലധികം രാജ്യങ്ങളിലെ പ്രേക്ഷകരിലേക്ക് എത്തിയിട്ടുണ്ടെന്നും ആഗോള പ്രേക്ഷകര്‍ ഇന്ത്യന്‍ സിനിമയെ ഉപരിപ്ലവമായ അഭിനന്ദനത്തിനപ്പുറം മനസ്സിലാക്കാന്‍ കൂടുതല്‍ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മഹാരാഷ്ര്ട ഗവര്‍ണര്‍ ശ്രീ സി. പി. രാധാകൃഷ്ണന്‍, മഹാരാഷ്ര്ട മുഖ്യമന്ത്രി ശ്രീ ദേവേന്ദ്ര ഫഡ്‌നാവിസ്, ശ്രീ അശ്വിനി വൈഷ്ണവ്, ഡോ. എല്‍. മുരുകന്‍ എന്നീ കേന്ദ്രമന്ത്രിമാരും ചടങ്ങില്‍ പങ്കെടുത്തു.

വേവ്‌സ് 2025 ഉച്ചകോടി നാലു ദിവസം നീണ്ടുനില്‍ക്കും. ലോകമെമ്പാടുമുള്ള സ്രഷ്ടാക്കള്‍, സ്റ്റാര്‍ട്ടപ്പുകള്‍, വ്യവസായ നേതാക്കള്‍, നയരൂപകര്‍ത്താക്കള്‍ എന്നിവര്‍ ഇതിന്റെ ഭാഗമാകുന്നുണ്ട്. ഇന്ത്യയെ മാധ്യമ, വിനോദ, ഡിജിറ്റല്‍ നവീകരണത്തിനുള്ള ഒരു ആഗോള കേന്ദ്രമായി സ്ഥാപിക്കുന്നതിനാണ് ഇതിലൂടെ ശ്രമിക്കുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW