-->
തിരുവനന്തപുരം സംസ്ഥാനത്ത് ഇന്ന് അക്ഷയ തൃതീയയോടനുബന്ധിച്ച് വമ്പൻ സ്വർണവ്യാപാരം നടന്നതായി റിപ്പോർട്ട്. കേരളമെമ്പാടുമുള്ള പന്ത്രണ്ടായിരത്തോളം ജ്വല്ലറികളിലേക്ക് 5 ലക്ഷത്തോളം കുടുംബങ്ങൾ സ്വർണ്ണം വാങ്ങാൻ എത്തിയതായും, പ്രതീക്ഷയ്ക്ക് അനുസരിച്ചുള്ള വ്യാപാരം നടന്നതായും ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ അറിയിച്ചു.
പരമ്പരാഗതമായ ആഘോഷ രീതികളോടെയാണ് അക്ഷയതൃതീയ സ്വർണ്ണോത്സവത്തിന് ആരംഭം കുറിച്ചത്. ജ്വല്ലറികൾ രാവിലെ എട്ടുമണിക്ക് തന്നെ തുറന്നു പ്രവർത്തനം ആരംഭിച്ചിരുന്നു. രാവിലെ തന്നെ സ്വർണ വ്യാപാരശാലകളിൽ സ്വർണ്ണ വാങ്ങാൻ എത്തുന്നവരുടെ തിരക്ക് അനുഭവപ്പെട്ടു. അതേസമയം അക്ഷയതൃതീയ ദിനത്തിൽ സ്വർണ്ണവിലയിൽ മാറ്റമില്ലായിരുന്നു.
ഇന്ന് 1500 കോടി രൂപയ്ക്ക് മുകളിൽ സ്വർണ്ണ വ്യാപാരം നടന്നതായിട്ടാണ് സ്വർണ്ണ വ്യാപാര മേഖലയിൽ നിന്നും ലഭിക്കുന്ന സൂചനകൾ എന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് കെ.സുരേന്ദ്രൻ, ജനറൽ സെക്രട്ടറി അഡ്വ.എസ്.അബ്ദുൽ നാസർ എന്നിവർ പറഞ്ഞു.
പവന് ഇന്നത്തെ വിപണി വില 71,840 രൂപയാണ്. കഴിഞ്ഞ വർഷം അക്ഷയതൃതീയ ദിനത്തിൽ സ്വർണവില 53,600 രൂപയായിരുന്നു. 18,240 രൂപയുടെ വർദ്ധനവാണ് ഒരു വർഷംകൊണ്ട് ഒരു പവൻ സ്വർണത്തിനുണ്ടായത്. അതായത് 34% വിലവർധന. നിക്ഷേപം എന്ന നിലയിൽ മികച്ച വരുമാനമാണ് കഴിഞ്ഞ ഒരു വർഷം നിക്ഷേപകർക്ക് സ്വർണ്ണത്തിൽ നിന്ന് ലഭിച്ചത്. വിലവർധനവുണ്ടായിട്ടും സ്വർണം വാങ്ങുന്നവരുടെ എണ്ണത്തിൽ കുറവ് വന്നിട്ടില്ല എന്നുള്ളത് വ്യാപാരികൾക്ക് ആശ്വാസമാണ്.