-->
ടെക് ലോകത്ത് അനുനിമിഷവും പുതിയ പുതിയ കണ്ടുപിടുത്തങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണ്. നൂതന സൗകര്യങ്ങളോടു കൂടിയും ഇതുവരെ ഒരു ബ്രാന്‍ഡും തന്നിട്ടില്ലാത്ത സൗകര്യങ്ങളും നല്‍കിയാണ് പുതിയ ബ്രാന്‍ഡുകള്‍ ഡിജിറ്റല്‍ ലോകത്ത് തങ്ങളുടെ സ്ഥാനം ഉറപ്പിക്കുന്നത്. നത്തിങ് ഫോണിന്റെ സബ്ബ് ബ്രാൻഡ് ആയ സിഎംഎഫ് തങ്ങളുടെ ഏറ്റവും പുതിയ ഫോണ്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്തതാണ് ഇക്കൂട്ടത്തിലെ ഏറ്റവും പുതിയ വാര്‍ത്ത.
കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ സിഎംഎഫ് ഫോണ്‍ 1 ന്റെ അടുത്ത പിന്‍ഗാമിയായ സിഎംഎഫ് ഫോണ്‍ 2 പ്രോയാണ് ഇന്നലെ ഇന്ത്യയില്‍ ലോഞ്ച് ചെയ്തത്. കമ്പനിയുടെ സിഇഒയായ കാള്‍പെയ് തന്നെയാണ് ഫോണ്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്തത്. ഇന്ത്യയിലെ പ്രമുഖ ടെക് മാധ്യമങ്ങളും ടെക് കോണ്‍ടെന്റ് ക്രിയേറ്റേഴ്‌സും ഈ ലോഞ്ചിംഗ് ചടങ്ങില്‍ പങ്കെടുത്തിരുന്നു.
ഇപ്പോഴിതാ ചടങ്ങിനിടയില്‍ വച്ച് ഷസാം എന്നറിയപ്പെടുന്ന മലയാളിയായ ടെക് കോണ്‍ടെന്റ് ക്രിയേറ്റർ ഷാസ് മുഹമ്മദ് കാള്‍ പെയ്‌യെ കൊണ്ട് മലയാളം പറയിപ്പിക്കുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. നത്തിങ് ഫോണിനെ കുറിച്ച് വീഡിയോ ചെയ്യുന്നതിനിടയില്‍ ഷസാം ട്രോള്‍ ഡയലോഗ് ആയി പറയാറുള്ള ‘ഇതില്‍ ലൈറ്റ് കത്തും’ എന്ന ഡയലോഗ് ആണ് കാള്‍ പെയ് വീഡിയോയില്‍ പറയുന്നത്.
ഒപ്പം ഷസാം പറഞ്ഞത്, ‘‘ചില സ്വപ്‌നങ്ങള്‍ സംഭവിക്കാൻ വേണ്ടിയുള്ളതാണെന്നും എക്കാലത്തെയും മികച്ച ദിവസങ്ങളില്‍ ഒന്നായിരുന്നു ഇത്....’’ എന്നാണ്. മലയാളം ഡയലോഗ് പറയാൻ കാള്‍ പെയ്‌യോട് ആവശ്യപ്പെട്ടപ്പോള്‍ എന്താണ് ഈ വാചകത്തിന്റെ അർത്ഥമെന്ന് കാള്‍ പെയ് ചോദിച്ചെന്നും തുടർന്ന് കേരളത്തില്‍ ആരെങ്കിലും ഒരു നത്തിംഗ് പ്രോഡക്റ്റ് വാങ്ങുമ്പോള്‍, ഇത്തരത്തില്‍ പറയുമെന്ന് താൻ മറുപടി പറഞ്ഞെന്നും ഷസാം ഇൻസ്റ്റഗ്രാമില്‍ കുറിച്ചു.
Nothing CEO Carl Pei drops a Malayalam dialogue during a fun chat with YouTuber Shazam! 🎙️✨ "Ethil light kathum" ("It will light up") — fans loved it! 🔥 #CarlPei #Nothing #Shazam pic.twitter.com/bMCN4ujq0r— HK Chronicle (@HK_Chronicle_) April 28, 2025
കിടിലൻ ഫീച്ചറുകളുമായിട്ടാണ് സിഎംഎഫ് ഫോണ്‍ വിപണിയില്‍ എത്തിയിരിക്കുന്നത്. മീഡിയടെക് ഡൈമെൻസിറ്റി 7300 പ്രോ ചിപ്സെറ്റാണ് ഫോണ്‍ 2 പ്രോയ്ക്ക് നല്‍കിയിരിക്കുന്നത്, 120Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റുള്ള 6.77 ഇഞ്ച് AMOLED ഡിസ്പ്ലേയും ഫോണിനുണ്ട്. വയർഡ്, റിവേഴ്സ് ചാർജിംഗ് എന്നിവയുള്ള 5,000mAh ബാറ്ററിയാണ് ഫോണിന്റെ മറ്റൊരു പ്രത്യേകത.
8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള അടിസ്ഥാന മോഡലിന് CMF ഫോണ്‍ 2 പ്രോയ്ക്ക് 18,999 രൂപയാണ് ഇന്ത്യയിലെ വില. 8 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള വേരിയന്റ് 20,999 രൂപയ്ക്കും ലഭ്യമാണ്. ബ്ലാക്ക്, ലൈറ്റ് ഗ്രീൻ, ഓറഞ്ച്, വെള്ള എന്നീ നിറങ്ങളില്‍ ഫോണ്‍ ലഭ്യമാണ്. 2 ടിബി വരെ സ്റ്റോറേജ് വർധിപ്പിക്കാനും സാധിക്കും. മെയ് 5 മുതല്‍ ഫ്‌ലിപ്പ്കാർട്ട്, CMF ഇന്ത്യ വെബ്സൈറ്റ്, വിവിധ റീട്ടെയില്‍ ഷോപ്പുകള്‍ എന്നിവയില്‍ നിന്ന് ഫോണ്‍ സ്വന്തമാക്കാൻ സാധിക്കും.