-->
ലോക ചരിത്രത്തിലെ ഏറ്റവും അപ്രതീക്ഷിതമായി നടന്ന ദുരന്തങ്ങളിലൊന്നായിരുന്നു ടൈറ്റാനിക് കപ്പലിന്റെ തകര്‍ച്ച. അന്ന് കപ്പല്‍ ദുരന്തത്തെ അതിജീവിച്ചയാള്‍ ദുരന്തത്തിന് തൊട്ട് മുമ്പ് എഴുതിയ ഒരു കത്ത് യുകെയില്‍ ലേലത്തിന് വെച്ചിരുന്നു. ഇപ്പോഴിതാ റെക്കോഡ് തുകയ്ക്കാണ് ഈ കത്ത് വിറ്റുപോയത്.
കേണല്‍ ആര്‍ച്ചിബാള്‍ഡ് ഗ്രേസി എഴുതിയ കത്ത് വില്‍റ്റ്ഷയറിലെ ഹെന്റി ആല്‍ഡ്രിഡ്ജ് ആന്‍ഡ് സണ്‍ ഓക്ഷന്‍ ഹൗസില്‍ നിന്നാണ് വിറ്റുപോയത്. ഏകദേശം 3.41 കോടി രൂപയ്ക്കാണ് കത്ത് വിറ്റുപോയത്. 68 ലക്ഷം രൂപയാണ് കത്തിന് ലേലത്തില്‍ പ്രതീക്ഷിച്ചിരുന്നതെങ്കിലും അതിന്റെ അഞ്ചിരട്ടി തുകയ്ക്കാണ് കത്ത് വിറ്റുപോയതെന്ന് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു.
ടൈറ്റാനിക്കിന്റെ കന്നിയാത്രയില്‍ കേണല്‍ ആര്‍ച്ചിബാള്‍ഡ് ഗ്രേസി ഫസ്റ്റ് ക്ലാസിലാണ് യാത്ര ചെയ്തിരുന്നത്. പിന്നീട് 'ദ ട്രൂത്ത് എബൗട്ട് ദി ടൈറ്റാനിക്ക്' എന്ന കൃതിയുടെ രചനയിലൂടെ അദ്ദേഹം പ്രശസ്തനായി. അതില്‍ 1500 പേരുടെ ജീവനെടുത്ത ദുരന്തത്തെക്കുറിച്ച് അദ്ദേഹം വിവരിച്ചു. ലേലം കൊണ്ട കത്തിന് പ്രവചന സ്വഭാവമുണ്ടെന്ന് പറയുന്നു. ''ഇതൊരു നല്ല കപ്പലാണ്. പക്ഷേ, ഞാന്‍ അവളെക്കുറിച്ച് വിധി പറയുന്നതിന് മുമ്പ് എന്റെ യാത്രയുടെ അവസാനം വരെ കാത്തിരിക്കും'' എന്ന് ഗ്രേസി കത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്.