-->
ജപ്പാനിലെ ഏറ്റവും ഉയരം കൂടിയ പര്‍വ്വതമാണ് ഫുജി പര്‍വ്വതം. 3776.24 മീറ്ററാണ് ഇതിന്റെ ഉയരം. ഇവിടെ കുടുങ്ങിപ്പോയ ഒരു ചൈനീസ് യുവാവിനെ രണ്ട് തവണയാണ് രക്ഷിക്കേണ്ടി വന്നത്. ആദ്യം വന്നപ്പോള്‍ ഇവിടെ വച്ചിട്ടുപോയ തന്റെ ഫോണ്‍ തിരികെ എടുക്കുന്നതിനായിട്ടാണ് യുവാവ് രണ്ടാം തവണ ഇവിടെ എത്തിയത്. എന്നാല്‍, രണ്ട് തവണയും ഇയാള്‍ ഇവിടെ കുടുങ്ങിപ്പോവുകയായിരുന്നത്രെ.
യുവാവിന്റെ പേര് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ജപ്പാനില്‍ താമസിച്ച് ഇവിടെ ഒരു സര്‍വകലാശാലയില്‍ പഠിക്കുകയായിരുന്നു 27 കാരനായ ഈ യുവാവ്. സീസണല്ലാത്ത സമയത്താണ് രാജ്യത്തെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ഫുജി കയറാന്‍ ആദ്യമായി ഇയാള്‍ തീരുമാനിച്ചത് എന്ന് ദി ഇന്‍ഡിപെന്‍ഡന്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
ആദ്യത്തെ സന്ദര്‍ശനത്തില്‍ സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 3,000 മീറ്റര്‍ ഉയരത്തില്‍ നില്‍ക്കുന്ന ഷിസുവോക്ക പ്രിഫെക്ചര്‍ പര്‍വതനിരയിലെ ഫുജിനോമിയ പാതയിലൂടെ പോകുമ്പോഴാണ് ഇയാളെ ആദ്യമായി എയര്‍ലിഫ്റ്റ് ചെയ്തത്. എന്നാല്‍, അന്ന് ഇയാളുടെ ഫോണ്‍ അടക്കമുള്ള ചില വസ്തുക്കള്‍ ഇവിടെ ആയിപ്പോയി. അത് എടുക്കുന്നതിന് വേണ്ടി നാല് ദിവസത്തിന് ശേഷം ഇയാള്‍ വീണ്ടും ഇവിടെ എത്തുകയായിരുന്നു. അങ്ങനെ രണ്ടാമത്തെ തവണയും ഇയാളെ ഇവിടെ നിന്നും രക്ഷിക്കേണ്ടി വരികയായിരുന്നത്രെ.
അതേസമയം ഇയാള്‍ തന്റെ ഫോണ്‍ തിരികെ എടുത്ത ശേഷമാണോ രക്ഷിക്കേണ്ടി വന്നത് എന്ന് വ്യക്തമല്ല. എന്തായാലും, നേരത്തെ തങ്ങള്‍ ഇവിടെ നിന്നും രക്ഷിച്ച യുവാവിനെ തന്നെയാണ് രണ്ടാമതും രക്ഷപ്പെടുത്തേണ്ടി വന്നത് എന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഷിസുവോക്ക പ്രിഫെക്ചറല്‍ പൊലീസിന്റെ മൗണ്ടയിന്‍ റെസ്‌ക്യൂ ഓഫീസര്‍മാര്‍ യുവാവിനെ ഒരു സ്‌ട്രെച്ചറില്‍ തിരികെ കൊണ്ടുവന്ന് അഗ്‌നിശമന സേനയ്ക്ക് കൈമാറുകയായിരുന്നു. ഇയാളെ പിന്നീട് ആശുപത്രിയില്‍ എത്തിച്ചു.