-->
തനിക്കെതിരെ അസത്യവും അടിസ്ഥാനരഹിതവുമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന മാധ്യമങ്ങള്‍ക്കെതിതെ നടപടിയുമായി മുന്നോട്ട് പോകുമെന്ന് നടി പ്രയാഗ മാര്‍ട്ടിന്‍. വാസ്തവരഹിതമായ ആരോപണങ്ങള്‍ നിരന്തരം തനിക്കെതിരെ ഉന്നയിക്കുന്നത് വേദനാജനകമാണെന്ന് പ്രയാഗ മാര്‍ട്ടിന്‍ പറയുന്നു. സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു നടിയുടെ പ്രതികരണം.
നമസ്കാരം... അസത്യവും അടിസ്ഥാനരഹിതവുമായ ആരോപണങ്ങളുമായി എന്റെ പേര് ചില മാധ്യമങ്ങൾ നിർഭാഗ്യവശാൽ ഉപയോഗിച്ചിരിക്കുന്നു. ഇത്തരം ആരോപണങ്ങൾ അശ്രദ്ധയാലോ അറിവോടെയോ നിയന്ത്രണമില്ലാതെ പ്രചരിപ്പിക്കപ്പെടുന്ന സാഹചര്യത്തിൽ ഞാൻ അതിനെതിരെ ശക്തമായി പ്രതികരിക്കാൻ തീരുമാനിച്ചിരിക്കുന്നു.
അസത്യ വിവരങ്ങളുടെ പ്രചരണം കണ്ട് നിൽക്കുന്നത് അത്യന്തം വിഷമകരവും വേദനാജനകവുമാണ്. വസ്തുതാപരമായ അടിസ്ഥാനമില്ലാത്തതും തികച്ചും അപകീർത്തികരവുമായ വ്യാജവും ദോഷകരവുമായ വിവരണങ്ങൾ ഉത്തരവാദിത്വമില്ലാതെ പ്രചരിക്കാൻ അനുവദിക്കുമ്പോൾ പൊതുമര്യാദയുടേയും അടിസ്ഥാന മാന്യതയുടേയും പ്രത്യക്ഷമായ തകർച്ചയും ഒരുപോലെ ആശങ്കജനകമാണ്.
ഇത്തരം സംഭവങ്ങൾ മാധ്യമങ്ങളുടെ വിശ്വാസ്യതയെ ഗുരുതരമായി ബാധിക്കുകയും അവരിലേക്കുള്ള പൊതുജനവിശ്വാസ്യത ദുർബലപ്പെടുത്തുകയും ചെയ്യുന്നു. അസത്യ വിവരങ്ങൾ അനിയന്ത്രിതമായി പ്രചരിക്കുന്നതും മുന്നറിയിപ്പോ ഉത്തരവാദിത്വമോ ഇല്ലാതെ തുടരുന്നതും ഇനി എന്റെ ഭാഗത്ത് നിന്ന് കുറച്ച് കാണാനോ അവഗണിക്കാനോ കഴിയില്ല. എന്റെ പ്രൊഫഷണൽ ജീവിതത്തിലുടനീളം മാന്യത, ഉത്തരവാദിത്വം, സത്യസന്ധത എന്നിവയ്ക്ക് പ്രാധാന്യം നൽകി ഞാൻ പ്രവർത്തിച്ചിട്ടുണ്ട്.
ഇത്തരമൊരു സാഹചര്യത്തിൽ കൂടുതൽ വിവേകം, ഉത്തരവാദിത്വം, സഹാനുഭൂതി എന്നിവയോട് കൂടി ഇത്തരം വിഷയങ്ങളെ സമീപിക്കണമെന്ന് ഞാൻ സമൂഹത്തോട് വിനീതമായി അഭ്യർത്ഥിക്കുന്നു. എന്റെ പ്രിയപ്പെട്ട പൊതുജനങ്ങളുടേയും അഭ്യുദയകാംഷികളുടേയും സുഹൃത്തുക്കളുടേയും കുടുംബാംഗങ്ങളുടേയും നിലനിൽക്കുന്ന സ്നേഹത്തിനും വിശ്വാസത്തിനും പിന്തുണയ്ക്കും ഞാൻ ഹൃദയപൂർവം നന്ദി അറിയിക്കുന്നു എന്നായിരുന്നു പ്രയാഗയുടെ കുറിപ്പ്.