-->
ന്യൂഡല്‍ഹി : ഐപിഎല്ലില്‍ ഇന്ന് നടക്കുന്ന ഡല്‍ഹി ക്യാപിറ്റല്‍സ്-റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു പോരാട്ടം ഈ ഐപിഎല്ലിലെ തന്നെ ഏറ്റവും വാശിയേറിയ പോരാട്ടമായിരിക്കുമെന്ന് മുന്‍ ഇന്ത്യൻ താരം ആകാശ് ചോപ്ര. ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ആര്‍സിബിയെ വീഴ്ത്തിയശേഷം ഡല്‍ഹി ക്യാപിറ്റല്‍സ് താരം കെ എല്‍ രാഹുല്‍ നടത്തിയ 'കാന്താര' സെലിബ്രേഷന് തന്‍റെ സ്വന്തം ഹോം ഗ്രൗണ്ടില്‍ വിരാട് കോലി കണക്കു ചോദിക്കാതിരിക്കില്ലെന്നും ആകാശ് ചോപ്ര യുട്യൂബ് ചാനലില്‍ പറഞ്ഞു.
ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ വിജയ റണ്‍ നേടിയ ശേഷം ഡല്‍ഹി താരം കെ എല്‍ രാഹുല്‍ നെഞ്ചിലിടിച്ച് ഒരു വട്ടം വരച്ച് കാന്താരയില്‍ നായകനായ റിഷഭ് ഷെട്ടി ചെയ്യുന്നതുപോലെ ബാറ്റ് നിലത്തു കുത്തി ഇത് തന്‍റെ ഗ്രൗണ്ടാണെന്ന് പറഞ്ഞ് ആഘോഷിച്ചിരുന്നു.ചിന്നസ്വാമിയില്‍ രാഹുല്‍ പുറത്തെടുത്ത ആവേശപ്രകടനത്തിനുള്ള മറുപടി ഇന്ന് തന്‍റെ ഹോം ഗ്രൗണ്ടായ അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ വിരാട് കോലി നല്‍കുമെന്നാണ് ആര്‍സിബി ആരാധകര്‍ പ്രതീക്ഷിക്കുന്നത്.വിരാട് കോലിയെന്നാല്‍ ഡല്‍ഹിയാണ്. ഡല്‍ഹിയെന്നാല്‍ കോലിയും. ഗ്രൗണ്ടില്‍ ഒരു വട്ടംവരച്ച് ഇത് തന്‍റെ ഗ്രൗണ്ടാണെന്ന് കോലി ഇന്ന് തെളിയിക്കും.
അതേസമയം, ഇന്ന് നടക്കുന്ന രണ്ടാമത്തെ മത്സരത്തില്‍ ജയിക്കുന്നവര്‍ക്ക് പോയന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് കയറാന്‍ അവസരമുണ്ട്. നിലവില്‍ 12 പോയന്‍റ് വീതമുള്ള ഡല്‍ഹി ക്യാപിറ്റൽസും റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും പോയന്‍റ് പട്ടികയില്‍ രണ്ടും മൂന്നും സ്ഥാനങ്ങളിലാണ്. നെറ്റ് റണ്‍റേറ്റിലാണ് ഡല്‍ഹി(+0.657) ആര്‍സിബിയെ(+0.482) പിന്നിലാക്കുന്നത്. ഇന്ന് ജയിച്ചാല്‍ 12 പോയന്‍റും(+1.104) നെറ്റ് റണ്‍റേറ്റുമായി ഒന്നാമതുള്ള ഗുജറാത്തിനെ പിന്നിലാക്കി14 പോയന്‍റുമായി ഒന്നാം സ്ഥാനത്തെത്താം.
ഇന്നത്തെ മത്സരം ഇരു ടീമുകള്‍ക്കും നിര്‍ണായകമാണ്. ആര് ജയിച്ചാലും അവര്‍ പ്ലേ ഓഫിലേക്ക് ഒരു കാല്‍ വെക്കുമെന്നുറപ്പാണ്. കാരണം എട്ട് മത്സരങ്ങളെങ്കിലും ജയിച്ചാല്‍ പ്ലേ ഓഫ് ഉറപ്പിക്കാം. അതുകൊണ്ട് തന്നെ ആര്‍സിബി പ്ലേ ഓഫിന് തൊട്ടടുത്താണ്. ഈ സീസണില്‍ ആര്‍സിബി എവേ മത്സരങ്ങളില്‍ തോറ്റിട്ടില്ലെന്നതും കാണാതിരിക്കാനാവില്ലെന്നും ആകാശ് ചോപ്ര പറഞ്ഞു.