Sunday, March 15, 2026 Last Updated 34 Min 32 Sec ago English Edition
Todays E paper
Ads by Google
Saturday 26 Apr 2025 11.26 AM

ആനന്ദിനെ കളയേണ്ടി വന്നാലും ചെസ് ബോര്‍ഡ് കളയില്ലെന്ന് ഭാര്യ അരുണ; 27 കിലോ ചെസ് സെറ്റ് ഫ്ലൈറ്റില്‍ മടിയില്‍ വച്ച് കൊണ്ടു വന്ന് വിശ്വനാഥന്‍ ആനന്ദ്

uploads/news/2025/04/777785/Untitled-2.jpg
Viswanathan Anand's wife aruna about anand's chess boards (Image Source: X)

ഇന്ത്യക്കാര്‍ക്ക് എന്നും അഭിമാനമായി മാറിയ ലോക ചെസ് ചാമ്പ്യനാണ് വിശ്വനാഥന്‍ ആനന്ദ്. അഞ്ച് തവണ ലോക ചെസ് ചാമ്പ്യനായ ആനന്ദിന്റെ വീട്ടില്‍ നിറയെ ചെസ് ബോര്‍ഡുകളാണ്. പലയിടത്തു നിന്നും ലഭിച്ച സമ്മാനങ്ങളും പ്രോത്സാഹനങ്ങളുമാണ് അവയില്‍ മിക്കതും. ഓരോ ചെസ് ബോര്‍ഡുകള്‍ക്ക് പിന്നിലും ഒരുപാട് നനുത്ത ഓര്‍മ്മകളുണ്ട്.
അതില്‍ ഒന്ന് 27 കിലോഗ്രാം തൂക്കം വരുന്ന ഒരു ചെസ് സെറ്റാണ്. അതിലെ കരുക്കള്‍ ചെമ്പു കൊണ്ടും വെങ്കലം കൊണ്ടും നിര്‍മ്മിച്ചതാണ്. മെക്സിക്കോയിലേക്ക് നടത്തിയ യാത്രയിലാണ് ഈ ചെസ് ബോര്‍ഡ് ആനന്ദിന്റെ പക്കല്‍ എത്തിയത്. ഈ ചെസ് വീട്ടിലേക്ക് എത്തിയതിന് പിന്നില്‍ രസകരമായ ഒരു കഥയുണ്ട്.
ഇപ്പോഴിതാ 27 കിലോഗ്രാം തൂക്കം വരുന്ന ചെസ് ബോര്‍ഡ് വീട്ടിലേക്ക് എത്തിയതിനു പിന്നിലെ കഥ തുറന്നു പറയുകയാണ് ആനന്ദിന്റെ ഭാര്യ അരുണ. ഇത്രയും ഭാരമുള്ള ചെസ് ബോര്‍ഡ് വേണ്ടെന്ന് ആനന്ദ് കുറെ പറഞ്ഞുനോക്കിയതാണെന്നും തന്റെ നിര്‍ബന്ധം കൊണ്ടാണ് ആനന്ദ് അത് കൊണ്ടുവന്നതെന്നും പറയുകയാണ് അരുണ.
‘‘ഞാനാണ് ആ ചെസ് ബോര്‍ഡിന് നിര്‍ബന്ധം പിടിച്ചത്. ഒടുവില്‍ ഇത്രയും ഭാരമുള്ള ചെസ് ബോര്‍ഡ് മടിയില്‍ ചുമന്നാണ് ഫ്ലൈറ്റില്‍ ആനന്ദ് ഇന്ത്യയിലേക്ക് കൊണ്ടുവന്നത്. ആനന്ദിനെ കളയേണ്ടിവന്നാലും ഈ ചെസ് ബോര്‍ഡ് കളയില്ലെന്ന ഒറ്റവാശിയായിരുന്നു എനിക്ക്. വീട്ടില്‍ മുഴുവന്‍ വളരെ പ്രത്യേകതയുള്ള ഒരുപാട് ചെസ് സെറ്റുകള്‍ ഉ​ണ്ടെങ്കിലും എനിക്ക് പ്രത്യേകം ഇഷ്ടമുള്ള ചെസ് സെറ്റ് ഇതാണ്. അതിന്റെ മനോഹാരിതയും ഭാരവും കൊണ്ടു മാത്രമല്ല , 27 കിലോ ഭാരമുള്ള ഈ ചെസ് സെറ്റ് മെക്സിക്കോയില്‍ നിന്നും ഫ്ലൈറ്റില്‍ ആനന്ദ് മടിയില്‍ ഇരുത്തി കൊണ്ടു വന്നു എന്നുള്ളതാണ് എനിക്കത് സ്പെഷ്യല്‍ ആകാനുള്ള കാരണം...’’ അരുണ പറയുന്നു. ആ ചെസ് സെറ്റ്.
27 കിലോ ഭാരമുള്ള ഈ ചെസ് സെറ്റ് ഇന്ന് ചെന്നൈയിലെ വീട്ടില്‍ വിശ്രമിക്കുകയാണ്. മനോഹരമായ ഒരു പുരാവസ്തു എന്നതിനേക്കാള്‍ ചെസ്സിനോടുള്ള ആനന്ദിന്റെയും ഭാര്യ അരുണയുടെയും അഭിനിവേശവും സ്ഥിരോത്സാഹവും ആണ് ഈ വീഡിയോയില്‍ കാണുന്നത്.
ആനന്ദിന്റെ വീട്ടിലുള്ള നിരവധിയായ ചെസ് സെറ്റുകളും അതിന് പിന്നിലെ ഓര്‍മ്മകളും ഭാര്യ അരുണ പങ്കുവെയ്‌ക്കുന്നതിന്റെ മനോഹരമായ വീഡിയോ പങ്കിട്ടത് വ്യവസായി കൂടിയായ ഹര്‍ഷ് ഗോയങ്കയാണ്. ആദ്യമായി ലോക ചെസ് കിരീടം നേടിയപ്പോള്‍ തമിഴ്നാട് സര്‍ക്കാര്‍ നല്‍കിയ അതിശയിപ്പിക്കുന്ന ചെസ് സെറ്റും ഈ വീഡിയോയില്‍ കാണാം. ആദ്യമായി സ്പെയിനില്‍ വെച്ച്‌ ചെസ്സിലെ ലോകകിരീടം ചൂടിയപ്പോള്‍ ലഭിച്ച ചെസ് സെറ്റും സവിശേഷമാണ്. സ്പാനിഷ് ശില്‍പചാതുരി സ്വാംശീകരിച്ച ചെസ് സെറ്റാണിത്. ചിലിയില്‍ നിന്നും ലഭിച്ച മറ്റൊരു അവിസ്മരണീയ ചെസ് സെറ്റും വീഡിയോയിലുണ്ട്. ഓരോ ചെസ് സെറ്റുകളും കാണാനഴകുള്ളതും വളരെ പ്രത്യേകമായതും വ്യത്യസ്തമായതും ഒരു കഥ അടങ്ങിയതുമാണ്.

Ads by Google
Saturday 26 Apr 2025 11.26 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW