-->
ഇസ്ലാമാബാദ്: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ സ്വീകരിച്ചിരിക്കുന്ന നിലപാടില്‍ പാകിസ്താന്റെ യുദ്ധഭീഷണി മുഴക്കി പാകിസ്താന്‍. ആണവരാജ്യമാണെന്ന കാര്യം മറക്കരുതെന്നും വെള്ളത്തിന് മേല്‍ നടപടി സ്വീകരിച്ചാല്‍ യുദ്ധമെന്നും ഇന്ത്യാക്കാരുടെ രക്തം ഒഴുക്കുമെന്നും വിവാദഭീഷണി മുഴക്കി രംഗത്ത് വന്നിരിക്കുകയാണ് പാക് പ്രതിരോധമന്ത്രിയും മുന്‍ വിദേശകാര്യമന്ത്രിയും.
വെളളം നല്‍കിയില്ലെങ്കില്‍ യുദ്ധമെന്നും പാകിസ്താന്‍ ആണവ രാഷ്ട്രമാണെന്ന കാര്യം ഇന്ത്യ മറക്കരുതെന്നുമാണ് പാക് പ്രതിരോധമന്ത്രി ഖവാജ ആസിഫിന്റെ ഭീഷണി. ഒന്നുകില്‍ നമ്മുടെ വെളളം അതിലൂടെ ഒഴുകും അല്ലെങ്കില്‍ അവരുടെ രക്തം ഒഴുകും എന്നാണ് ബിലാവല്‍ ഭൂട്ടോ പാകിസ്താനില്‍ നടന്ന ഒരു പൊതുറാലിയില്‍ പറഞ്ഞത്. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സിന്ധുനദീജല കരാറില്‍ ഇന്ത്യ കര്‍ശനമായ നടപടിയുമായി മുമ്പോട്ട് വന്നതോടെയാണ് പാകിസ്താന്‍ ആണവഭീഷണി മുഴക്കി ഭീതി പരത്താന്‍ ശ്രമിക്കുന്നത്.
പഹല്‍ഗാം ഭീകരാക്രമണത്തിനുപിന്നാലെ ഇന്ത്യ സ്വീകരിച്ച നടപടികള്‍ ഒരു സമ്പൂര്‍ണ്ണ യുദ്ധത്തിന് കാരണമായേക്കും എന്നാണ് മന്ത്രിയുടെ മുന്നറിയിപ്പ്. ഇരു രാജ്യങ്ങളും ആണവശക്തികള്‍ ആയതിനാല്‍ ഏറ്റുമുട്ടലിന്റെ ഫലം ദാരുണമായിരിക്കും. ഇന്ത്യ ആക്രമിക്കുമെന്ന് ഞങ്ങള്‍ക്ക് രഹസ്യ വിവരം ലഭിച്ചിട്ടുണ്ട്. അത്തരത്തില്‍ എന്തെങ്കിലും ഒരു പ്രകോപനം നടത്തുകയാണെങ്കില്‍ പാക് സൈന്യം സുസജ്ജമാണെന്നും തിരിച്ചടിക്കുമെന്നും പറഞ്ഞു. പാകിസ്താന്‍ ആണവ ശക്തിയാണെന്ന കാര്യം ഇന്ത്യ മറക്കരുതെന്നും ഖവാജ ആസിഫ് പറഞ്ഞു.
സിന്ധു നദി പാകിസ്താന്റേതാണെന്നും അത് പാകിസ്താന്റേതായി തന്നെ തുടരുമെന്നും ഇന്ത്യയോട് പറയാന്‍ ആഗ്രഹിക്കുന്നതായിട്ടാണ് പാക് മൂന്‍ വിദേശകാര്യമന്ത്രിയായ ബിലാവല്‍ ഭൂട്ടോ സര്‍ദാരി പറഞ്ഞത്. പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തില്‍ ഇന്ത്യ പാകിസ്താനെ ബലിയാടാക്കുകയാണെന്നും അവരുടെ ആഭ്യന്തര സുരക്ഷാവീഴ്ച്ചകളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ശ്രമമെന്നും അദ്ദേഹം ആരോപിച്ചു.
ഇന്ത്യാ-പാക് യുദ്ധം നടന്നപ്പോള്‍ പോലും റദ്ദാക്കാത്ത കരാര്‍ 65 വര്‍ഷങ്ങള്‍ക്കപ്പുറം മരവിപ്പിക്കാനുളള ഇന്ത്യയുടെ തീരുമാനം പാകിസ്താന് കനത്ത വെല്ലുവിളിയാണ്. പാക് പൗരന്മാര്‍ക്ക് വിസ നല്‍കുന്നത് നിര്‍ത്തിവെച്ച ഇന്ത്യ വാഗ-അട്ടാരി ചെക്ക് പോസ്റ്റ് അടയ്ക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. പാകിസ്താന്‍ ഹൈക്കമ്മീഷനിലെ പ്രതിരോധ ഉദ്യോഗസ്ഥരെ പുറത്താക്കാനും ഇന്ത്യയുടെ ഉദ്യോഗസ്ഥരെ പിന്‍വലിക്കാനും തീരുമാനമുണ്ടായി. പാകിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ അംഗങ്ങളുടെ എണ്ണം 55-ല്‍ നിന്ന് 30 ആക്കി കുറയ്ക്കാനാണ് തീരുമാനം.