-->
യുകെയില്‍ നിന്നുള്ള ഡോം റോബിന്‍സണ്‍ എന്ന വ്യക്തിക്ക് കപ്പല്‍ച്ചേതങ്ങളോട് വലിയ താത്പര്യമാണ്. പ്രത്യേകിച്ചും പുരാതനകാലത്തെ കപ്പല്‍ച്ചേത അവശിഷ്ടങ്ങളോട്. ഒരിക്കല്‍ ഡോം റോബിന്‍സണ്‍ ഫേസ്ബുക്ക് പേജിലെ മാര്‍ക്കറ്റ് പ്ലേസിലൂടെ കടന്ന് പോകുമ്പോഴാണ് ഒരു കപ്പല്‍ച്ചേതത്തിന്റെ അവശിഷ്ടം വില്‍ക്കാന്‍ വച്ചിരിക്കുന്നത് കണ്ടത്. പിന്നൊന്നും നോക്കിയില്ല അദ്ദേഹം ആ പഴയ കപ്പലിന്റെ ഭാഗങ്ങള്‍ വാങ്ങി. വെറും 34,000 രൂപയ്ക്ക് (300 പൗണ്ട്). ഡോം റോബിന്‍സണ്‍ വാങ്ങിയ ആ കപ്പല്‍ച്ചേതം 1917 -ലെ ഒരു കപ്പലിന്റേതായിരുന്നു. കുറച്ച് കൂടി വ്യക്തമാക്കിയാല്‍ ഒന്നാം ലോക മഹായുദ്ധ കാലത്ത് രാജ്യങ്ങള്‍ക്കിടയില്‍ ചരക്ക് നീക്കത്തിന് ഉപയോഗിച്ചിരുന്ന ഒരു കപ്പലായിരുന്നു അത്. ഫേസ്ബുക്ക് മാര്‍ക്കറ്റ്‌പ്ലേസില്‍ എസ്എസ് ആല്‍മണ്ട് ബ്രാഞ്ചിന്റെ ലിസ്റ്റിംഗിനിടയില്‍ നിന്നാണ് ഡോമിന് ഈ കപ്പല്‍ച്ചേതത്തെ കുറിച്ചുള്ള വിവരം ലഭിച്ചതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു.
330 അടി നീളവും 3,300 ടണ്‍ ഭാരമുള്ള ഈ ചരക്ക് കപ്പല്‍ 1917 നവംബര്‍ 27 -ന് കോണ്‍വാള്‍ തീരത്ത് ഒരു ജര്‍മ്മന്‍ അന്തര്‍വാഹിനിയുടെ ആക്രമണത്തെ തുടര്‍ന്നാണ് കടലില്‍ താഴ്ന്നത്. അതിനുശേഷം, അത് കടലിനടിയില്‍ തന്നെയായിരുന്നു. വെറുതെ വാങ്ങിക്കൂട്ടുക മാത്രമല്ല, മുങ്ങിയെടുക്കാനും ഡോം റോബിന്‍സണ്‍ മിടുക്കനാണ്. അദ്ദേഹം നല്ലൊരു ഡൈവര്‍ കൂടിയാണ്. കടല്‍ത്തീര സ്‌കാനുകള്‍ ഉപയോഗിച്ച് കടലിന്റെ അടിത്തട്ട് പര്യവേക്ഷണം ചെയ്യുന്നതില്‍ റോബിന്‍സണ്‍ പ്രത്യേക താത്പര്യമുണ്ട്. ഏകദേശം 20 മുതല്‍ 25 വരെ കപ്പല്‍ച്ചേതങ്ങള്‍ അദ്ദേഹം ഇതിനകം കണ്ടെത്തിയിട്ടുണ്ട്. തന്റെ ഈ സാഹസികത അദ്ദേഹം തന്റെ യൂട്യൂബ് ചാനലിലൂടെ ലോകത്തിന് മുന്നില്‍ വയ്ക്കുന്നു.
കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ 20 അല്ലെങ്കില്‍ 25 കപ്പല്‍ച്ചേതങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. അവയ്‌ക്കോരോന്നിന്നും ഒരോ കഥ പറയാനുണ്ടെന്നും അതെന്ന് ഏറെ സന്തോഷം നല്‍കുന്നെന്നുമാണ് ഇത് സംബന്ധിച്ച് ഡോംമിന്റെ മറുപടി. 'നിങ്ങള്‍ ഒരു കപ്പലിന്റെ അവശിഷ്ടങ്ങള്‍ മുങ്ങിയെടുക്കുമ്പോള്‍ അത് അല്‍പ്പം വ്യത്യസ്തമായി തോന്നും, നിങ്ങള്‍ക്ക് അതില്‍ ഒരു ഉടമസ്ഥാവകാശം ഉണ്ടെന്ന് നിങ്ങള്‍ക്കറിയാം.' പക്ഷേ, ഡോംമിന്റെ ഭാര്യ സൂസിക്ക് ഇതൊരു നല്ല വാങ്ങലാണെന്ന് അഭിപ്രായമില്ല. പണം കളയാനുള്ള ഓരോരോ മാര്‍ഗ്ഗങ്ങള്‍ എന്നാണ്, കപ്പല്‍ച്ചേതം വാങ്ങിയതുമായി ബന്ധപ്പെട്ട് സൂസിയുടെ നിലപാട്.