-->
ഇന്ത്യന്‍ ജനതയെ മുഴുവന്‍ നൊമ്പരത്തിലാഴ്ത്തിയാണ് കഴിഞ്ഞ ദിവസം പാകിസ്താനി ഭീകരര്‍ കാശ്മീരിലെ പഹല്‍ഗാമില്‍ ആക്രമണം നടത്തിയത്. വിനോദസഞ്ചാരികളായി എത്തിയ നിഷ്കളങ്കരായ സാധാരണക്കാരെ നിഷ്കരുണം വെടിവച്ചു വീഴ്ത്തിയാണ് ഭീകരവാദികള്‍ തങ്ങളുടെ പക തീര്‍ത്തത്. പലരുടെയും ജീവനും ജീവിതവും കവര്‍ന്നെടുത്ത ഭീകരാക്രമണത്തില്‍ വലിയൊരു നൊമ്പരം നല്‍കിയത് ഇന്ത്യൻ നാവികസേന ലെഫ്റ്റനന്റ് വിനയ് നർവാളും ഭാര്യ ഹിമാൻഷി സൊവാമിയുമാണ്.
വിവാഹം കഴിഞ്ഞ് ഹണിമൂണ്‍ ആഘോഷിക്കാന്‍ കാശ്മീരിലെത്തിയ ദമ്പതിമാരുടെ യാത്ര ഒരു തീരാനൊമ്പരമായി. വിവാഹം കഴിഞ്ഞുള്ള നാലാം ദിവസമാണ് വിനയ് യെ ഹിമാന്‍ഷിയുടെ മുന്നിലിട്ട് തീവ്രവാദികള്‍ വെടിവച്ചു കൊന്നത്. കണ്ണീര്‍ക്കടലായി മാറിയ യാത്രയെക്കുറിച്ച് ആളുകള്‍ സങ്കടപ്പെടുമ്പോഴാണ് പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തിന് ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പ് വിനയ് യും ഹിമാന്‍ഷിയും നൃത്തം ചെയ്യുന്നതായി കാണിക്കുന്ന ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചത്.
എന്നാല്‍ ഇപ്പോഴിതാ പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട നാവിക ഉദ്യോഗസ്ഥൻ വിനയ് നർവാളിന്റെയും ഭാര്യയുടേതുമെന്ന പേരില്‍ പ്രചരിക്കുന്ന റീല്‍സ് വീഡിയോ വ്യാജമാണെന്ന് വെളിപ്പെടുത്തുകയാണ് ദമ്പതികള്‍. തങ്ങളാണ് ആ ക്ലിപ്പിലുള്ളതെന്നും തങ്ങള്‍ മരിച്ചിട്ടില്ലെന്നുമാണ് ഇവര്‍ രണ്ടാളും കൂടി സോഷ്യല്‍ മീഡിയയിലൂടെ പറഞ്ഞത്.
ട്രാവല്‍ കണ്ടൻറ് ക്രിയേറ്റർമാരായ ആശിഷ് സെഹ്‌റാവത്തും യാഷിക ശർമ്മയുമാണ് ഇത് വെളിപ്പെടുത്തിയത്. ഇന്ത്യൻ റെയിൽവേയിൽ ജോലി ചെയ്യുന്ന സെഹ്റാവത്ത് ഏപ്രിൽ 14 ന് കശ്മീരിലെ അവധിക്കാല യാത്രയ്ക്കിടെയാണ് വീഡിയോ റെക്കോർഡ് ചെയ്തതെന്ന് സ്ഥിരീകരിക്കുകയാണ്.
പഹല്‍ഗാമിലെ ബൈസരൻ താഴ്‌വരയുടെ മനോഹരമായ പശ്ചാത്തലത്തില്‍ യുവ ദമ്പതികള്‍ നൃത്തം ചെയ്യുന്നതും പ്രശസ്തമായ കോക്ക് സ്റ്റുഡിയോ ഗാനമായ ജോളിന് ചുവടുവയ്‌ക്കുന്നതും 19 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയില്‍ കാണാം. എന്നാല്‍ ഇത് ഏപ്രില്‍ 14 ന് കശ്മീരിലെ അവധിക്കാല യാത്രയ്‌ക്കിടെ റെക്കോർഡുചെയ്‌ത വീഡിയോയാണെന്ന് ദമ്പതികള്‍ പറഞ്ഞു. ഏപ്രില്‍ 14 ന് റെക്കോർഡുചെയ്‌ത വീഡിയോയുടെ മെറ്റാഡാറ്റയും ഇവർ തെളിവായി കാണിച്ചു.
‘‘ഹായ് കൂട്ടുകാരെ, ഞങ്ങൾ ഇപ്പോൾ ജീവിച്ചിരിപ്പുണ്ട്, അടുത്തിടെ പോസ്റ്റ് ചെയ്ത ഒരു വീഡിയോയെക്കുറിച്ച് സംസാരിക്കാൻ ഞങ്ങൾ ആഗ്രഹിച്ചു, അത് നിർഭാഗ്യവശാൽ വളരെയധികം വിദ്വേഷത്തിന് കാരണമായി, അത് ഇല്ലാതാക്കാൻ ഞങ്ങളെ പ്രേരിപ്പിച്ചു.
ദുഃഖകരമെന്നു പറയട്ടെ, അന്തരിച്ച വിനയ് സാറിന്റെയും ഭാര്യയുടെയും അവസാന വീഡിയോയാണെന്ന് തെറ്റായി അവകാശപ്പെട്ടുകൊണ്ട് ഒന്നിലധികം പേജുകളും വാർത്താ ചാനലുകളും വീഡിയോ ദുരുപയോഗം ചെയ്തു. അവരുടെ കുടുംബത്തിന് ഞങ്ങളുടെ ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നു. ഞങ്ങളുടെ വീഡിയോ ദുരുപയോഗം ചെയ്യുന്ന ഏതെങ്കിലും പേജുകൾ റിപ്പോർട്ട് ചെയ്യണമെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു, കാരണം ഇത് ശരിക്കും നിരാശാജനകമാണ്. പ്രശസ്തരായ വാർത്താ ചാനലുകളും പേജുകളും കാഴ്ചകൾക്കായി സ്ഥിരീകരിക്കാത്ത ഉള്ളടക്കം ഉപയോഗിക്കുന്നത് കാണുന്നത് ഞെട്ടിപ്പിക്കുന്നതാണ്, ഇത് വാർത്താ ഉറവിടങ്ങളെ വിശ്വസിക്കാൻ വെല്ലുവിളിക്കുന്നു...’’ എന്നാണ് വീഡിയോയില്‍ ദമ്പതികള്‍ പറഞ്ഞത്.
ആക്രമണം നടന്ന അതേ ദിവസം, ചൊവ്വാഴ്ച ദമ്പതികള്‍ അവരുടെ സോഷ്യല്‍ മീഡിയയില്‍ വീഡിയോ പങ്കിട്ടെങ്കിലും നെറ്റിസണ്സിന്റെ പ്രതിഷേധം കനത്തതോടെ അത് പിൻവലിച്ചു. എന്നാല്‍ അപ്പോഴേക്കും വിനയ് നർവാളിന്റെയും ഭാര്യയുടേതുമെന്ന തെറ്റായ അടിക്കുറിപ്പോടെ ആരോ വീഡിയോ പ്രചരിപ്പിച്ചു. വീഡിയോയിലുള്ളത് വിനയ് അല്ലെന്ന് നാവിക ഉദ്യോഗസ്ഥന്റെ കുടുംബവും സ്ഥിരീകരിച്ചിട്ടുണ്ട്.