Sunday, March 15, 2026 Last Updated 32 Min 28 Sec ago English Edition
Todays E paper
Ads by Google
Friday 25 Apr 2025 12.11 PM

യുഎസ് ആര്‍മിയില്‍ ഇനി സ്ത്രീകള്‍ക്കും പുരുഷന്മാരുടെ അതേ കായികക്ഷമത വേണമെന്ന് ഉത്തരവ്

us, army, rolls, sex, neutral, fitness, test

യുഎസ് ആര്‍മി കോംബാറ്റ് പൊസിഷനുകളില്‍ സേവനമനുഷ്ഠിക്കുന്ന സ്ത്രീകളും ഇനിമുതല്‍ പുരുഷന്മാരുടെ അതേ ശാരീരികക്ഷമതാ പരിശോധനയില്‍ വിജയിക്കണം. ഈ മാസം ആദ്യം പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് പുറപ്പെടുവിച്ച നയമാറ്റ ഉത്തരവിനെ തുടര്‍ന്നാണ് ഈ തീരുമാനം. ശാരീരിക പരിശോധനയില്‍ ലിംഗഭേദത്തെ അടിസ്ഥാനമാക്കി ശാരീരിക പരിശോധനകളില്‍ ഉണ്ടായിരുന്ന സ്‌കോറിംഗ് വ്യത്യാസങ്ങള്‍ ഇല്ലാതാക്കാന്‍ സൈന്യത്തോട് നിര്‍ദ്ദേശിക്കുന്നതാണ് പുതിയ ഉത്തരവ്.

നിലവിലുള്ള ആര്‍മി കോംബാറ്റ് ഫിറ്റ്‌നസ് ടെസ്റ്റി (ACF T) ന് പകരമായി സെക്‌സ് ന്യൂട്രല്‍ പരിശോധന നടപ്പിലാക്കി കൊണ്ടുള്ള ആര്‍മി ഫിറ്റ്‌നസ് ടെസ്റ്റ് ആയിരിക്കും ഇനിമുതല്‍ യുഎസ് സൈന്യത്തില്‍ നടപ്പിലാക്കുക. പുതിയ ടെസ്റ്റ് സൈനികരുടെ ശാരീരിക ക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും യുദ്ധസന്നദ്ധത മെച്ചപ്പെടുത്തുന്നതിനും കൂടുതല്‍ ശക്തമാക്കുന്നതിന് വേണ്ടി രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണെന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പറയുന്നത്. ജൂണ്‍ ഒന്നുമുതലാണ് ശാരീരിക ക്ഷമത പരിശോധനയില്‍ പുതിയ മാറ്റങ്ങള്‍ ആരംഭിക്കുക.

2026 ജനുവരിയോടെ യുദ്ധരംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന സൈനികര്‍ക്കിടയില്‍ ഇത് പൂര്‍ണമായി നടപ്പിലാക്കും. തുടര്‍ന്നുവരുന്ന ആറുമാസംകൊണ്ട് നാഷണല്‍ ഗാര്‍ഡും റിസര്‍വ് സൈനികരും സെക്‌സ് ന്യൂട്രല്‍ സുരക്ഷാ പരിശോധന മാനദണ്ഡങ്ങള്‍ നടപ്പിലാക്കും. പുതിയ പരിശോധനയില്‍ ഡെഡ് ലിഫ്റ്റുകള്‍, പുഷ്-അപ്പുകള്‍, പ്ലാങ്കുകള്‍, രണ്ട് മൈല്‍ ഓട്ടം, സ്ലെഡുകളും കെറ്റില്‍ബെല്ലുകളും ഉള്‍പ്പെടുന്ന സ്പ്രിന്റ്-ഡ്രാഗ്-കാരി വ്യായാമങ്ങള്‍ എന്നിവയാണ് ഉള്‍പ്പെടുന്നത്. അതേസമയം 10 പൗണ്ട് ഭാരമുള്ള മെഡിസിന്‍ ബോള്‍ തലയ്ക്ക് മുകളിലൂടെ പിന്നിലേക്ക് എറിയുന്ന സ്റ്റാന്‍ഡിംഗ് പവര്‍ ത്രോ ഒഴിവാക്കിയിട്ടുണ്ട്.

സ്ത്രീകള്‍ക്കും പ്രായമായ സൈനികര്‍ക്കും കുറഞ്ഞ മിനിമം മാര്‍ക്കോടെ വിജയിക്കാന്‍ അനുവദിച്ചിരുന്ന മുന്‍നയത്തില്‍ നിന്നുള്ള ഒരു പ്രധാന മാറ്റമാണ് ഈ നീക്കം. പുതിയ മാനദണ്ഡങ്ങള്‍ പ്രകാരം, 17 നും 21 നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ കുറഞ്ഞത് 140 പൗണ്ട് ഭാരമുയര്‍ത്തണം, മുന്‍പ് ഇത് 120 പൗണ്ട് ആയിരുന്നു. നേരത്തെ 23 മിനിറ്റും 22 സെക്കന്‍ഡും ആയിരുന്നു സ്ത്രീകള്‍ക്ക് രണ്ട് മൈല്‍ ഓട്ടം പൂര്‍ത്തിയാക്കാന്‍ അനുവദനീയമായ സമയം. ഇനിമുതല്‍ 22 മിനിറ്റിനുള്ളില്‍ അവര്‍ അത് പൂര്‍ത്തിയാക്കേണ്ടിവരും.

ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച്, യുദ്ധ റോളുകളിലോ സപ്പോര്‍ട്ട് റോളുകളിലോ തുടര്‍ച്ചയായി രണ്ടുതവണ പരിശോധനയില്‍ പരാജയപ്പെടുന്നവരെ സൈന്യത്തില്‍ നിന്ന് പുറത്താക്കുകയോ സൈനിക തൊഴില്‍ സ്‌പെഷ്യാലിറ്റികള്‍ മാറ്റുകയോ ചെയ്യും. സ്ത്രീകള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കുമായി ശാരീരിക ക്ഷമത പരിശോധനയില്‍ ഇളവുകള്‍ നല്‍കിക്കൊണ്ട് 2022 ല്‍ നടപ്പിലാക്കിയ പരിഷ്‌കാരങ്ങളെ പൂര്‍ണമായും റദ്ദാക്കുന്നതാണ് പുതിയ ഉത്തരവ്.

Ads by Google
Friday 25 Apr 2025 12.11 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW