Sunday, March 15, 2026 Last Updated 38 Min 18 Sec ago English Edition
Todays E paper
Ads by Google
Friday 25 Apr 2025 11.48 AM

വടക്കേ അമേരിക്കയിലെ ആദിമ നിവാസികളുടെ ഭക്ഷണം മാമത്ത് ഇറച്ചി: കണ്ടെത്തലുമായി ഗവേഷകര്‍

mammoth, clovis, diet, discovery

വടക്കേ അമേരിക്കയിലെ ആദിമ നിവാസികളായ ക്ലോവിസ് ജനതയുടെ പ്രിയപ്പെട്ട ഭക്ഷണം മണ്‍മറഞ്ഞുപോയ വമ്പന്‍ ജീവികളായ മാമത്തിന്റെ ഇറച്ചിയായിരുന്നെന്ന് ഗവേഷണം. 13000 വര്‍ഷം മുന്‍പ് സൈബീരിയയില്‍ നിന്ന് വടക്കേ അമേരിക്കയിലെത്തിയതാണ് ഈ വംശം. ഇവിടെ അവര്‍ കണ്ടത് വലിയ ജീവികളെയാണ്. ഇക്കൂട്ടത്തില്‍ മാമത്തുകളുമുണ്ടായിരുന്നു. ഇവര്‍ക്ക് മാമത്തുകളെ വേട്ടയാടാനും കൊല്ലാനുമായി പ്രത്യേകതരം ആയുധങ്ങളുണ്ടായിരുന്നു. മാമത്തുകളെ വേട്ടയാടുന്നതില്‍ ഇവര്‍ വളരെ നിപുണരുമായിരുന്നെന്ന് ഗവേഷകര്‍ പറയുന്നു.

ക്ലോവിസ് സമൂഹത്തില്‍ നിന്നു ലഭിച്ചിരുന്ന ഒരു മനുഷ്യഫോസിലിന്റെ അസ്ഥികളില്‍ ഇവര്‍ രാസപരിശോധന നടത്തിയാണു ഇവരുടെ ആദിമകാല ഡയറ്റ് നിര്‍ണയിച്ചത്. ഈ ജനസമൂഹത്തിന്റെ ഭക്ഷണത്തില്‍ 40 ശതമാനവും മാമത്ത് മാംസം ആയിരുന്നെന്ന തെളിവ് ഇതില്‍നിന്നാണു ലഭിച്ചത്. ചരിത്രാതീതകാലത്ത് മണ്‍മറഞ്ഞു പോയ വമ്പന്‍ ജീവികളാണ് മാമത്തുകള്‍. 13 അടി വരെ പൊക്കവും 8000 കിലോ ഭാരവും വലിയ കൊമ്പുകളും തുമ്പിക്കൈകകളുമുള്ള ഇവ ആനകളുടെ കുടുംബത്തില്‍ പെട്ടവയുമാണ്.

ഇരുപത്തിയഞ്ച് വര്‍ഷം മുന്‍പ് തുടങ്ങി 11,000 വര്‍ഷം മുന്‍പ് അവസാനിച്ച പ്ലീസ്റ്റോസീന്‍ കാലഘട്ടത്തിലെ പ്രബലജീവികളായ ഇവ ഓസ്‌ട്രേലിയയും തെക്കേ അമേരിക്കയും ഒഴിച്ച് എല്ലാ ഭൂഖണ്ഡങ്ങളിലും ഉണ്ടായിരുന്നു. എന്നാല്‍ സൈബീരിയയിലും മറ്റ് ഉത്തരധ്രുവ-സമീപ മേഖലകകളിലുമുണ്ടായിരുന്നു വൂളി മാമത്തുകളാണ് ഈ വന്‍ജീവികളില്‍ ഏറെ പ്രശസ്തം. ഒട്ടേറെ നോവലുകളിലും ഐസ് ഏജ് പരമ്പര ഉള്‍പ്പെടെയുള്ള ചലച്ചിത്രങ്ങളിലും മാമത്തുകള്‍ കഥാപാത്രങ്ങളായി.

എന്നാല്‍ മാമത്തുകള്‍ പില്‍ക്കാലത്ത് വംശനാശം വന്ന് ഭൂമിയില്‍ നിന്നു തുടച്ചുനീക്കപ്പെടുകയായിരുന്നു. ഇവയുടെ വംശനാശത്തിന് ഭക്ഷണദൗര്‍ലഭ്യം, കാലാവസ്ഥാ വ്യതിയാനം, മനുഷ്യരുടെ അമിതമായ വേട്ടയാടല്‍ തുടങ്ങി പല കാരണങ്ങള്‍ പറയപ്പെടുന്നു. റഷ്യയില്‍ ആര്‍ട്ടിക് സമുദ്രവുമായി തീരം പങ്കിടുന്ന വ്രാന്‍ഗല്‍ ദ്വീപിലായിരുന്നു ലോകത്തിലെ അവസാനത്തെ മാമത്തുകള്‍ ഉണ്ടായിരുന്നത്. 4000 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇവയും ചത്തൊടുങ്ങിയതോടെ ഭൂമിയിലെ മാമത്ത് യുഗത്തിന് അന്ത്യമായി. ഏഷ്യന്‍ ആനകള്‍ക്കും മാമത്തുകള്‍ക്കും ഒരേ മുന്‍ഗാമിയാണ് ഉണ്ടായിരുന്നത്. ആഫ്രിക്കന്‍ ആനകള്‍ ഇക്കൂട്ടത്തില്‍ വരില്ല.

വംശനാശം വന്ന ഒരു മാമത്തിന്റെ ഡിഎന്‍എയില്‍ നിന്നു കള്‍ച്ചര്‍ ചെയ്‌തെടുത്ത കൃത്രിമ മാംസം(ലാബ് ഗ്രോണ്‍ മീറ്റ്) ഇടയ്ക്ക് വികസിപ്പിച്ചിരുന്നു. മൃഗകോശങ്ങളില്‍ നിന്നു കള്‍ച്ചര്‍ ചെയ്‌തെടുത്താണ് ലാബ് ഗ്രോണ്‍ മീറ്റ് തയാര്‍ ചെയ്യുന്നത്. മൃഗങ്ങളെ കൊല്ലാതെയും അവയുമായി ഇടപെടാതെയുമുള്ള മാംസോല്‍പാദന രീതിയാണിത്. മണ്‍മറഞ്ഞ മാമത്തിന്റെ ജീനുകള്‍ ചെമ്മരിയാടിന്റെ കോശങ്ങളിലേക്കു സന്നിവേശിപ്പിച്ച് ആനകളുടെ ഡിഎന്‍എ ഉപയോഗിച്ച് പരിഷ്‌കാരങ്ങള്‍ വരുത്തിയാണ് ഗവേഷണം സാധ്യമാക്കിയത്. ഇതിലൂടെ സൃഷ്ടിക്കപ്പെട്ട മാംസഗോളത്തിന് മുതലമാംസത്തിന്റെ ഗന്ധമാണെന്ന് ഗവേഷകര്‍ അന്നു പറഞ്ഞു. 4000 വര്‍ഷം വരെ പഴക്കമുള്ള പ്രോട്ടീനുകള്‍ ഇതിലുണ്ട്.

Ads by Google
Friday 25 Apr 2025 11.48 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW